Sorry, you need to enable JavaScript to visit this website.

സൗദിയിൽ ചർച്ച് നിർമിക്കുന്നതിന് നീക്കമില്ലെന്ന് കത്തോലിക്കാ സഭ

വത്തിക്കാനിലെ പോന്റിഫിക്കൽ കൗൺസിൽ ഫോർ ഇന്റർറിലീജ്യസ് ഡയലോഗ് പ്രസിഡന്റ് കർദിനാൾ ജീൻ ലൂയിസ് ടോറാനും മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ശൈഖ് ഡോ. മുഹമ്മദ് അൽഈസയും റിയാദിൽ ചർച്ച നടത്തുന്നു (ഫയൽ).

റിയാദ് - സൗദിയിൽ ക്രിസ്ത്യൻ പള്ളി നിർമിക്കുന്നതിന് നീക്കമില്ലെന്നും ഇതേക്കുറിച്ച് ചർച്ചകൾ നടത്തിയിട്ടില്ലെന്നും ഈജിപ്തിലെ കത്തോലിക്കാ സഭ വ്യക്തമാക്കി. വത്തിക്കാനിലെ പോന്റിഫിക്കൽ കൗൺസിൽ ഫോർ ഇന്റർറിലീജ്യസ് ഡയലോഗ് പ്രസിഡന്റ് കർദിനാൾ ജീൻ ലൂയിസ് ടോറാൻ കഴിഞ്ഞ മാസം മധ്യത്തിൽ റിയാദ് സന്ദർശിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടക്കമുള്ള നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നു. വത്തിക്കാൻ കർദിനാൾ നടത്തിയ സന്ദർശനത്തിടെ സൗദിയിൽ ക്രിസ്തീയ ചർച്ച് നിർമിക്കുന്നതിനെ കുറിച്ച് സൗദി ഭരണാധികാരികളുമായി ചർച്ച നടത്തിയിരുന്നെന്നും ചർച്ച് നിർമിക്കുന്നതിന് സൗദി നേതാക്കളുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഈജിപ്തിലെ കത്തോലിക്കാ സഭ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. 
വത്തിക്കാൻ കർദിനാൾ നടത്തിയ ചരിത്ര സന്ദർശനത്തിനിടെ സൗദിയിൽ ചർച്ചുകൾ നിർമിക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്തിട്ടില്ലെന്ന് കത്തോലിക്കാ സഭ പ്രസ്താവനയിൽ പറഞ്ഞു. ബഹുമത സംവാദം, തീവ്രവാദവും ഭീകരവാദവും അക്രമവും നിരാകരിക്കുന്നതിന് എല്ലാവരും നിർവഹിക്കേണ്ട പങ്ക്, മധ്യപൗരസ്യത്യ ദേശത്തും ലോകത്തും സമാധാനവും സുരക്ഷാ ഭദ്രതയുമുണ്ടാക്കൽ എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് വത്തിക്കാൻ കർദിനാളും സൗദി നേതാക്കളും ചർച്ചകൾ നടത്തിയതെന്ന് പ്രസ്താവന പറഞ്ഞു. പൊതുലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് പോന്റിഫിക്കൽ കൗൺസിൽ, മുസ്‌ലിം വേൾഡ് ലീഗ് പ്രതിനിധികളെ ഉൾപ്പെടുത്തി സ്ഥിരം കർമ സമിതി രൂപീകരിക്കുന്നതിനുള്ള കരാറിൽ സൗദി സന്ദർശനത്തിനിടെ കർദിനാൾ ജീൻ ലൂയിസ് ടോറാനും മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ശൈഖ് ഡോ. മുഹമ്മദ് അൽഈസയും ഒപ്പുവെച്ചിരുന്നു. കർദിനാൾ ജീൻ ലൂയിസ് ടോറാന്റെയും ശൈഖ് ഡോ. മുഹമ്മദ് അൽഈസയുടെയും അധ്യക്ഷതയിലാണ് കർമ സമിതി രൂപീകരിച്ചിരിക്കുന്നത്. സൗദിയിൽ കിരീടാവകാശി മുൻകൈയെടുത്ത് നടപ്പാക്കുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് രാജ്യത്ത് ക്രിസ്ത്യൻ പള്ളി നിർമിക്കുന്നതിന് അനുമതി നൽകിയത് എന്നായിരുന്നു കിംവദന്തികൾ പ്രചരിച്ചത്. 

Latest News