ദോഹ- കോവിഡിന്റെ പരീക്ഷണപര്‍വം അതിജീവിച്ച് പുത്തന്‍ പ്രതീക്ഷകളുടേയും പ്രത്യാശയുടേയും സന്ദേശങ്ങളോടെ ഖത്തര്‍ ഇന്ന് മാസ്‌ക്കഴിച്ചപ്പോള്‍ എങ്ങും ആശ്വാസത്തിന്റേയും സന്തോഷത്തിന്റേയും വികാരങ്ങള്‍.
ഷോപ്പിംഗ് മോളുകളിലും പൊതുഗതാഗത സംവിധാനങ്ങളിലൊക്കെ മാസ്‌ക്കില്ലാതെ ജനങ്ങള്‍ നീങ്ങിയത് നല്‍കുന്ന ആശ്വാസം ചെറുതല്ല. ജനങ്ങളുടെ പുഞ്ചിരിക്കുന്ന മുഖഭാവങ്ങള്‍ ഈ ആശ്വാസം വ്യക്തമാക്കുന്നതായിരുന്നു. ഇനി ആരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമാണ് മാസ്‌ക് നിര്‍ബന്ധം.
മാസ്‌ക്കും ഇഹ് തിറാസുമില്ലാതെ ഷോപ്പിംഗ് മോളുകളിലേക്ക് ജനങ്ങളൊഴുകിയത് ഖത്തര്‍ അതിവേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നുവെന്ന പ്രഖ്യാപനം കൂടിയായിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ എത്താന്‍ തുടങ്ങിയതോടെ ലോക ഫുട്‌ബോള്‍ ആരാധകരുടെ സംഗമവേദിയാകാനൊരുങ്ങിയിരിക്കുകയാണ് രാജ്യം.