ചെയർമാൻ സ്ഥാനലബ്ധിക്ക് സാധ്യത
ദമാം- അടുത്ത മൂന്ന് വർഷത്തേക്കുള്ള ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. മലയാളി സമൂഹത്തിന്റെ ഏക പ്രതിനിധിയായി മത്സരിച്ച സുനിൽ മുഹമ്മദ്, തിരുനാവുക്കരസു (തമിഴ്‌നാട്), മുഹമ്മദ് ഫുർഖാൻ (ബിഹാർ), സയ്യിദ് ഇമ്രാൻ അലി (തെലങ്കാന), സഫ്ദാർ സയീദ് (കർണാടക) എന്നിവരാണ് വിജയിച്ച സ്ഥാനാർഥികൾ. ഇതിൽ ആദ്യ മൂന്ന് പേരും തങ്ങളുടെ സംസ്ഥാനത്തു നിന്ന് എതിരാളികളില്ലാത്തതിനാൽ തത്വത്തിൽ വിജയിച്ചിരുന്നു.
574 വോട്ട് നേടിയ സുനിൽ മുഹമ്മദ് ആണ് ഒന്നാമത് എത്തിയത്. തിരുനാവുക്കരസു 429 ഉം സയ്യിദ് ഇമ്രാൻ അലി 306 ഉം സഫ്ദാർ സയീദ് 204 ഉം വോട്ട് നേടി. 89 വോട്ട് മാത്രം നേടിയ ബിഹാർ പ്രതിനിധി മുഹമ്മദ് ഫുർഖാൻ അഞ്ചാമനായും ദമാം ഇന്ത്യൻ സ്‌കൂൾ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മുൻ വർഷങ്ങളിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ സ്ഥാനാർഥിയാണ് ചെയർമാൻ സ്ഥാനം അലങ്കരിച്ചിരുന്നതെന്നതിനാൽ സുനിൽ മുഹമ്മദിന് സാധ്യതയേറി.
നേരത്തെ നിശ്ചയിച്ചത് പ്രകാരം രാവിലെ 8.30ന് ആരംഭിച്ച തെരഞ്ഞെടുപ്പ് വൈകിട്ട് 5.30ന് പൂർത്തിയായി. നാട്ടിലേത് പോലെ വീറും വാശിയും ശരിക്കും പ്രതിഫലിക്കുന്ന വിധത്തിലായിരുന്നു തെരഞ്ഞെടുപ്പ്. മുൻ വർഷങ്ങളിലേത് പോലെ, പ്രതീക്ഷിച്ചതിൽ കവിഞ്ഞ വോട്ടർമാരുടെ പ്രാതിനിധ്യമൊന്നും ഇത്തവണയും കണ്ടില്ലെന്നതാണ് യാഥാർഥ്യം. 6730 വോട്ടർമാരിൽ വെറും 1878 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. വോട്ടർമാരെ സഹായിക്കാൻ എത്തിയ വളണ്ടിയർമാരിൽ കൂടുതലും മലയാളി സമൂഹത്തിൽ നിന്നായിരുന്നു.
മുൻ വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഏഴംഗ സ്‌കൂൾ ഭരണ സമിതിയിലേക്ക് അഞ്ചു പേരെ കണ്ടെത്തുന്നതിനാണ് രക്ഷിതാക്കൾ വോട്ട് രേഖപ്പെടുത്തിയത്. രണ്ടു പേരെ എംബസി നേരിട്ട് നോമിനേറ്റ് ചെയ്യും. ഒരു വോട്ടർക്ക് ഇഷ്ടമുള്ള ഒരു സ്ഥാനാർഥിക്കു മാത്രമേ വോട്ട് രേഖപ്പെടുത്തുവാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ഇതും പുതിയ കീഴ്‌വഴക്കമാണ്.
17 പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നത്. ഇന്ത്യൻ എംബസിയുടെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും മാർഗ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സൂക്ഷ്മ പരിശോധന നടത്തി യോഗ്യരായ ഒമ്പത് പേരടങ്ങുന്ന കരടു സ്ഥാനാർഥി പട്ടിക പുറത്തിറക്കി. തമിഴ്‌നാട് സ്വദേശി ചിന്നപ്പൻ ആരോഗ്യസാമി പത്രിക പിൻവലിച്ചതോടെ എട്ട് പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. തെരഞ്ഞെടുപ്പിൽ ഡോ.ഫറാസ് മുഹമ്മദ് (കർണാടക), ഡോ.അത്തർ ഖമറുദ്ദീൻ, മുഹമ്മദ് ഫയാസുദ്ദീൻ (തെലങ്കാന) എന്നിവർക്ക് യോഗ്യത നേടാൻ സാധിച്ചില്ല.