റഷ്യ കാണേണ്ട കളി
ചരിത്രം സാക്ഷിയാണെങ്കിൽ ലിയണൽ മെസ്സിക്കും ക്രിസ്റ്റിയാനൊ റൊണാൾഡോക്കും ഇത് അവസാന അവസരമാണ്. 2022 ലെ ഖത്തർ ലോകകപ്പാവുമ്പോഴേക്കും മെസ്സിക്ക് മുപ്പത്തഞ്ചാവും, ക്രിസ്റ്റിയാനോക്ക് മുപ്പത്തേഴും. 1930 ലെ പ്രഥമ ലോകകപ്പ് മുതലുള്ള ചരിത്രം പരിശോധിച്ചാൽ മുപ്പത്തഞ്ച് കഴിഞ്ഞ ഏഴ് പേരേ ലോകകപ്പ് നേടിയിട്ടുള്ളൂ. അതിൽ തന്നെ അഞ്ച് പേരും ഗോളിമാരായിരുന്നു. അവശേഷിച്ച രണ്ടു പേരിൽ നിൽറ്റൻ സാന്റോസിന്റേതാണ് എടുത്തു പറയേണ്ട നേട്ടം. 1958 ലും 1962 ലും ലോകകപ്പ് നേടിയ ബ്രസീൽ ടീമിലെ പ്രായമേറിയ കളിക്കാരനായിരുന്നു നിൽറ്റൻ. രണ്ടാം തവണ കപ്പുയർത്തുമ്പോൾ പ്രായം 37. എന്നിട്ടും രണ്ട് ലോകകപ്പിലും എല്ലാ മത്സരവും കളിച്ചു. രണ്ടാമത്തെയാൾ മിറോസ്്‌ലാവ് ക്ലോസെയാണ്. കഴിഞ്ഞ ലോകകപ്പ് ജർമനി നേടുമ്പോൾ ക്ലോസെക്ക് പ്രായം 36. ക്ലോസെയെ പലപ്പോഴും സൂപ്പർ സബ്ബായാണ് ജർമനി ഉപയോഗിച്ചത്. ജർമനിയുടെ കിരീട വിജയത്തിലേക്കുള്ള പാതയിൽ ക്ലോസെയും രണ്ടു ഗോളടിച്ചു. മെസ്സിയും ക്രിസ്റ്റിയാനോയും 2022 ലെ ഖത്തറിലെ ലോകകപ്പിൽ തലയുയർത്തി നിൽക്കണമെങ്കിൽ ചരിത്രം വഴിമാറണം. ഇത്തവണ അവരുടെ അവസാന വണ്ടിയാണ്.
ഈ സീസൺ
ഉജ്വലമാണ് ഇരുവർക്കും ഈ സീസൺ. ബാഴ്‌സലോണയുടെയും അർജന്റീനയുടെയും കുതിപ്പിൽ മെസ്സിയുടെ കാലടയാളം സ്പഷ്ടമാണ്. മങ്ങിയ തുടക്കത്തിനു ശേഷം ക്രിസ്റ്റിയാനോയും അടിച്ചു തിമിർക്കുകയാണ്. ഈ സീസണിലെ 47 കളികളിൽ ക്രിസ്റ്റിയാനൊ 48 ഗോളടിച്ചു, 10 ഗോളിന് വഴിയൊരുക്കി. ക്ലബ് ലോകകപ്പ്, സ്പാനിഷ് സൂപ്പർ കപ്പ്, യുവേഫ സൂപ്പർ കപ്പ് കിരീടങ്ങൾ സ്വന്തമാക്കി. ചാമ്പ്യൻസ് ലീഗിൽ ഫൈനലിലെത്തിയിട്ടുണ്ട്.
ബാഴ്‌സലോണ, അർജന്റീന ജഴ്‌സികളിൽ മെസ്സി 56 കളികളിൽ 46 ഗോളടിച്ചു. 18 ഗോളിന് വഴിയൊരുക്കി. സ്പാനിഷ് ലീഗും കോപ ഡെൽറേയും നേടി.
രാജ്യത്തിന്റെ കുപ്പായത്തിൽ
ഒളിംപിക് സ്വർണവും അണ്ടർ20 കിരീടവുമാണ് അർജന്റീന ജഴ്‌സിയിൽ മെസ്സിയുട നേട്ടം. സീനിയർ ജഴ്‌സിയിൽ ഒന്നും എടുത്തു കാണിക്കാനില്ല. ക്രിസ്റ്റിയാനൊ കഴിഞ്ഞ യൂറോ കപ്പിൽ പോർചുഗലിനെ കിരീടത്തിലേക്ക് നയിച്ച് ഒരു ചുവട് മുന്നേറി.
ക്രിസ്റ്റിയാനോക്കൊപ്പം പോർചുഗൽ ടീമിൽ നല്ലൊരു സ്‌ട്രൈക്കറില്ല. കൂട്ടായ യത്‌നം വേണ്ടി വരും പോർചുഗലിന് കുതിക്കാൻ. കിരീടസാധ്യതയുടെ വലിയ ഭാരമൊന്നും പോർചുഗലിനില്ല. സെർജിയൊ അഗ്വിരൊ, ഗോൺസാലൊ ഹിഗ്വയ്ൻ, എയിംഗൽ ഡി മരിയ, പൗളൊ ദിബാല, മോറൊ ഇകാർഡി.. മെസ്സി ഇല്ലെങ്കിലും താരസമ്പന്നമാണ് അർജന്റീന. അതൊക്കെ എഴുതാൻ മാത്രമാണെന്നതാണ് പ്രശ്‌നം. മെസ്സി ഇല്ലെങ്കിൽ ഈ ടീം പൂജ്യമാണ്. അവസാന മത്സരത്തിൽ മെസ്സിയുടെ ഹാട്രിക് വേണ്ടി വന്നു ഈ ടീമിന് ലോകകപ്പിന് യോഗ്യത നേടിയെടുക്കാൻ.
ലോകകപ്പിൽ
കഴിഞ്ഞ ലോകകപ്പിൽ കപ്പിനും ചുണ്ടിനുമിടയിലാണ് മെസ്സി കിരീടം കൈവിട്ടത്. ഫൈനലിൽ ജർമനിയോട് എക്‌സ്ട്രാ ടൈം ഗോളിൽ തോറ്റു. പിന്നീട് കോപ അമേരിക്കയിൽ മെസ്സിയുടെ പിഴവിൽ ചിലെയോട് ഷൂട്ടൗട്ടിൽ ഫൈനൽ തോറ്റു.
ഇരുവർക്കും നാലാം ലോകകപ്പാണ് ഇത്. 2006 ൽ സെമിയിലെത്തിയതാണ് ക്രിസ്റ്റിയാനോയുടെ ഏറ്റവും വലിയ നേട്ടം. ഫ്രാൻസിനോട് 0 1 ന് പോർചുഗൽ തോറ്റു. 2010 ൽ പ്രി ക്വാർട്ടറിൽ സ്‌പെയിനിനോടും അതേ മാർജിനിൽ കീഴടങ്ങി. കഴിഞ്ഞ തവണയാണ് കഷ്ടം, ഗ്രൂപ്പ് ഘട്ടം കടന്നില്ല.
മെസ്സി മൂന്നു തവണ ലോകകപ്പ് കളിച്ചപ്പോഴും അർജന്റീന ക്വാർട്ടറിലെങ്കിലുമെത്തിയിട്ടുണ്ട്. 2006 ലും 2010 ലും ക്വാർട്ടറിൽ ജർമനിയോട് തോറ്റു. 2006 ൽ ഷൂട്ടൗട്ടിലായിരുന്നു കീഴടങ്ങിയത്. 2014 ൽ ഫൈനലിൽ എകസ്ട്രാ ടൈമിലും.
റഷ്യയിൽ
പോർചുഗലിന് തുടക്കം തീച്ചൂളയിലാണ്, സ്‌പെയിനിനെതിരെ. കാലിടറിയാലും, ഇറാനെയും മൊറോക്കോയെയും തോൽപിക്കാൻ സാധിക്കണം. ക്രൊയേഷ്യയും ഐസ്്‌ലന്റും നൈജീരിയയും അർജന്റീനക്ക് വലിയ വെല്ലുവിളിയാവേണ്ടതല്ല. എന്നാൽ തങ്ങളുടേതായ ദിനത്തിൽ ആരെയും വകവരുത്താൻ കെൽപുള്ള ടീമുകളാണ് മൂന്നുമെന്നത് അർജന്റീനക്ക് ഉൾഭയമുണ്ടാക്കും. സുഗമമായി ഇരു ടീമുകളും ഗ്രൂപ്പ് ഘട്ടവും പ്രി ക്വാർട്ടറും തരണം ചെയ്യുകയാണെങ്കിൽ ജൂലൈ ഏഴിന് സോചിൽ കാണാം ആ പോരാട്ടം, മെസ്സിയും ക്രിസ്റ്റിയാനോയും നേർക്കുനേർ.. അർജന്റീന പോർചുഗൽ ക്വാർട്ടർ ഫൈനൽ.