Sorry, you need to enable JavaScript to visit this website.

മഞ്ഞൾ സിന്ദൂര മുഖകാന്തിയുമായി മറയൂരിലെ വാനര സുന്ദരിമാർ

ഇടുക്കി- ഫേഷ്യൽ പാക്ക് ഉപയോഗിച്ച് സുന്ദരിമാരാകുന്നത് സ്ത്രീകളാണ്. എന്നാൽ മറയൂർ കാടുകളിലെ കുരങ്ങുകൾക്കുമുണ്ട് ഒരു പ്രകൃതി ദത്ത ഫേസ് പാക്ക്. കുരങ്ങ് മഞ്ഞൾ സിന്ദൂരം. ഇതേ പേരിലുള്ള മരങ്ങളുടെ കായ്കളാണ് വാനര സുന്ദരിമാരുടെ സൗന്ദര്യ രഹസ്യം. കുരുമുളകിന് സമാനമായ ചുവപ്പ് നിറത്തിലുള്ള കായ്കളാണ് കുരങ്ങ് മഞ്ഞൾ സിന്ദൂര മരങ്ങൾക്ക്. വാനരൻമാർ കൂട്ടമായി ഈ മരത്തിൽ കയറി ഇവ പറിച്ചെടുത്ത് പരസ്പരം മുഖത്ത് തേച്ച് കൊടുക്കും.
ഇവയുടെ ചെറുതളിരിലയും ചായവുമാണ് മുഖത്തും കൈകളിലും തേച്ചുപിടിപ്പിക്കുന്നത്. മനുഷ്യരിലെ പോലെ പെണ്ണുങ്ങളാണ് ഈ ഫേഷ്യൽ പാക്കിന്റെ മുഖ്യ ഗുണഭോക്താക്കളെങ്കിലും ആൺ കുരങ്ങുകളും ഇത് ഉപയോഗിച്ച് സുന്ദരൻമാരാകാറുണ്ട്.  
സമുദ്ര നിരപ്പിൽ നിന്നും 1500 മീറ്റർ ഉയരമുള്ള മറയൂർ മലനിരകളിൽ കുരങ്ങ് മഞ്ഞൾ സിന്ദൂരം ധാരാളമുണ്ട്. മലോട്ടസ് ഫിലിപ്പൈൻസിസ് എന്ന പേരിൽ അറിയപ്പെടുന്ന ഇവക്ക് കുങ്കുമ പൂമരം, ചെങ്കൊല്ലി, സിന്ദൂരി എന്നിങ്ങനെ പല പേരുകളുമുണ്ട്. 
ചായം ഉണ്ടാക്കാനാണ് പണ്ട് ഇതിന്റെ കായ്കൾ ഉപയോഗിച്ചിരുന്നത്. ഉണക്കി പൊടിച്ച് പൂജക്കും മറ്റും ഉപയോഗിച്ചിരുന്നതായി പറയുന്നു. മുൻകാലങ്ങളിൽ കുരങ്ങ് മഞ്ഞൾ സിന്ദൂരം മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നതായി രേഖകളുണ്ട്. സിന്ദൂര മരത്തിൽ നിന്നും ലഭിക്കുന്ന ഓർലിയർ ചായം ഭക്ഷണ പദാർഥങ്ങളിൽ നിറം വർധിപ്പിക്കാനും ചേർക്കുന്നുണ്ട്.  
കുരങ്ങുകൾ ഉപയോഗിക്കുന്നത് കൊണ്ടാണോ കായ്കൾക്ക് കുരങ്ങിന്റെ മുഖവുമായി രൂപസാദൃശ്യമുള്ളത് കൊണ്ടാണോ കുരങ്ങ് മഞ്ഞൾ സിന്ദൂരം എന്ന പേര് വന്നതെന്നതിൽ വ്യക്തതയില്ല. 
മറയൂർ ചന്ദനക്കാടുകളിലും ചുറ്റുമുള്ള വനമേഖലയിലും നൂറ് കണക്കിന് വാനരൻമാരാണുള്ളത്. ഹനുമാൻ കുരങ്ങ് എന്ന പേരിൽ അറിയപ്പെടുന്ന കോമൺ ഗ്രേ ലംഗൂർ മുതൽ കരിങ്കുരങ്ങൻമാർ വരെ ഇക്കൂട്ടത്തിലുണ്ട്.  

Latest News