തൊഴിലാളി വിഭാഗങ്ങളെയടക്കം സമൂഹത്തെ ഭിന്നിപ്പിക്കുന്ന ജാതിവ്യവസ്ഥയെ വ്യക്തിജീവിതത്തിൽ മറികടക്കാൻ
ഏതെങ്കിലും യൂണിയൻ തൊഴിലാളികളെ സജ്ജരാക്കുന്നുണ്ടോ? ഒന്നുമില്ല. എല്ലാ വർഷവും പതിവുള്ള പോലെ
സംഘടിത തൊഴിലാളി വർഗത്തെപറ്റിയുള്ള നൊസ്റ്റാൾജിയകൾ ആവർത്തിച്ച് ഈ മെയ്ദിനവും കടന്നുപോയി.
സ്ഥിരം തൊഴിലാളികൾ നേരിടുന്ന പുതിയ വെല്ലുവിളികളെ കുറിച്ചുപോലും വാചകകസർത്തുകളല്ലാതെ മറ്റൊന്നുമില്ലാതെ.....
പതിവുപോലെ 1886 ൽ ചിക്കാഗോ തെരുവുകളിൽ ഒഴുകിയ ചോരയുടെ പോരാട്ടവീര്യം ഉരുവിട്ട് ഒരു മെയ്ദിനം കൂടി കടന്നുപോയി. എല്ലാവർഷവും നടക്കുന്ന കാര്യങ്ങൾ അതേപടി ഒരു ചടങ്ങുപോലെ ആവർത്തിച്ചു. സംഘടിത തൊഴിലാളി സംഘടനകൾ പ്രകടനങ്ങളും സമ്മേളനങ്ങളും നടത്തി. എന്നാൽ തൊഴിലാളിവർഗ്ഗവും സമൂഹവും നേരിടുന്ന ആധുനിക വെല്ലുവിളികളെ കുറിച്ച് കാര്യമായ ചർച്ചകളൊന്നും നടന്നില്ല. ആകെ നടന്നത് സ്ഥിരം തൊഴിൽ നഷ്ടപ്പെടുമോ എന്ന സംഘടിത തൊഴിലാളി വിഭാഗങ്ങളുടെ ആശങ്ക മാത്രമാണ്. തൊഴിലാളിവർഗത്തിന്റെ സംഘടിത ശേഷി തകർത്ത് തടസ്സങ്ങളില്ലാത്ത മുതലാളിത്ത ചൂഷണത്തിനു വഴിയൊരുക്കുകയാണ് ഈ നവ ലിബറൽ അജൻഡയുടെ ലക്ഷ്യമെന്ന് യൂണിയനുകൾ വിലയിരുത്തുന്നു.
കേരളത്തെ സംബന്ധിച്ച് മെയ്ദിനാഘോഷം നടന്നത് തികച്ചും അപഹാസ്യമായ അന്തരീക്ഷത്തിലാണ്. അധ്വാനത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കുകയും മാന്യമായ വേതനവും വിശ്രമവും ഉറപ്പുവരുത്തുകയും ചെയ്യണമെന്ന സന്ദേശം ലോകത്തിനു നൽകിയ മെയ്ദിനം കേരളത്തിലാഘോഷിച്ചത് നോക്കുകൂലി എന്നറിയപ്പെടുന്ന അധ്വാനിക്കാതെ പ്രതിഫലം പിടിച്ചുവാങ്ങുന്ന സമ്പ്രദായം അവസാനിപ്പിക്കുന്ന ഉത്തരവിറക്കിയായിരുന്നു. ഉത്തരവിറക്കിയതാകട്ടെ തൊഴിലാളിവർഗത്തിന്റെ മുന്നണിപോരാളിയെന്നു സ്വയം വിശേഷിപ്പിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം കൊടുക്കുന്ന സർക്കാരും. ഇത്തരമൊരു ഉത്തരവിറക്കേണ്ടി വന്ന സാഹചര്യം. കേരളത്തിലെ സംഘടിത തൊഴിലാളിവർഗം എവിടെ എത്തിയിരിക്കുന്നു എന്നു വ്യക്തമാക്കുന്നു. എത്രമാത്രം അപചയപ്പെട്ടിരിക്കുന്നു എന്നും.
വാസ്തവത്തിൽ ആരാണ് ഇവിടെ മെയ് ദിനം ആഘോഷിക്കുന്നത്? ഉത്തരം വ്യക്തം. സംഘടിത തൊഴിലാളിവർഗം. ചുമട്ടു തൊഴിലാളികൾ, സംഘടിത വ്യവസായിക തൊഴിലാളികൾ, സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, ബാങ്ക് ജീവനക്കാർ തുടങ്ങി ഡോക്ടർമാർ വരെയുള്ളവരാണ് ഇവിടെത്തെ സംഘടിത തൊഴിലാളി വിഭാഗങ്ങൾ. ഇവരുടെ മൊത്തം എണ്ണമെടുത്താൽ എത്രവരും എന്നു പരിശോധിക്കുന്നത് നല്ലതാണ്. ഏറിയാൽ പതിനഞ്ചു ലക്ഷത്തോളം വരും. ചിക്കാഗോയിൽ ചൊരിഞ്ഞ ചോരയോട് എന്തെങ്കിലും പ്രതിബദ്ധത ഈ തൊഴിലാളികൾക്കോ ഇവരുടെ ശക്തമായ യൂണിയനുകൾക്കോ ഉണ്ടോ എന്നു ചോദിച്ചാൽ എന്തായിരിക്കും ഉത്തരമെന്നതിനു അധികം ആലോചിക്കണോ? ഇതിന്റെ മറുവശമോ? ഒരു കോടിയോളം പേർ കേരളത്തിലെ അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നുണ്ട്. എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ ഉറക്കം എന്നതൊക്കെ അവരുടെ സ്വപ്‌നം മാത്രം. ചെയ്യുന്ന തൊഴിലിന് മാന്യമായ വേതനം അവർക്കു കിട്ടുന്നുമില്ല. പീടികത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, ന്‌ഴ്‌സുമാർ, അൺ എയ്ഡഡ് അധ്യാപകർ, നാടെങ്ങമുള്ള പ്രൈവറ്റ് സ്ഥാപനങ്ങളിലേയും ചെറുകിട വ്യവസായ സംരംഭങ്ങളിലേയും തൊഴിലാളികൾ, ഡ്രൈവർമാർ, വീട്ടുജോലിക്കാർ, ഇതരസംസ്ഥാന തൊഴിലാളികൾ, കർഷകതൊഴിലാളികൾ, കർഷക തൊഴിലാളികളുടെ അവസ്ഥയിൽ തന്നെയുളള ചെറുകിട കർഷകർ എന്നിങ്ങനെ പട്ടിക എത്ര വേണമെങ്കിലും നീട്ടാം. ഇവർക്കൊക്കെ എന്തു മെയ്ദിനം? ഇവരൊന്നും സംഘടിത തൊഴിലാളി വർഗത്തിന്റെ പരിധിയിൽ വരുന്നതേയില്ല. ഇവരുടെ പ്രശ്‌നങ്ങളിൽ ഒരു യൂണിയനും താൽപ്പര്യമില്ല. കാരണം ഒരുപക്ഷെ മാർക്‌സും മറ്റും വിഭാവനം ചെയ്ത ആധുനിക വ്യവസായിക വർഗത്തിൽപെട്ടവരല്ലായിരിക്കാം ഇവരെന്നതാണ്.
ഈ അസംഘടിത തൊഴിലാളി വിഭാഗങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്നില്ല എന്നു മാത്രമല്ല പലപ്പോഴും അവർക്കെതിരെയാണ് യൂണിയനുകൾ നിലകൊള്ളുന്നത് എന്നതാണ് വൈരുധ്യം. മിക്കപ്പോഴും തൊഴിലുടമകൾക്കും മാനേജ്‌മെന്റുകൾക്കുമൊപ്പമാണ് ഇവരെ കാണുക. ഇപ്പോൾതന്നെ ചേർത്തലയിൽ കെ. വി. എം ആശുപത്രിയിൽ അന്യായമായി പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കാനുള്ള സമരത്തിൽ ഒരു സംഘടിതയൂണിയനുകളേയും കാണാനില്ല. അവിടെ മാത്രമല്ല, കേരളത്തിൽ നടന്ന നഴ്‌സുമാരുടെ സമരങ്ങളിലൊന്നും ഇവരുടെയാരുടേയും സാന്നിധ്യം ഉണ്ടായിട്ടുണ്ടോ? ഈ യൂണിയനുകളുടെയെല്ലാം പിതൃസംഘടനകളും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളും തമ്മിലുള്ള ബന്ധം ആർക്കാണറിയാത്തത്? മൂന്നാറിലെ പൊമ്പിളൈ ഒരുമൈയുടെ സമരത്തോടെടുത്തിരുന്ന നിലപാടും മറക്കാറായിട്ടില്ലല്ലോ. ഏറ്റവും വലിയ സംഘടിതശക്തിയായ അധ്യാപക സംഘടനകളുടെ അജണ്ടയിൽ അൺ എയ്ഡഡ് അധ്യാപകരില്ല. തുണിക്കട മുതൽ വലുതും ചെറുതുമായ കടകളിൽ തൊഴിൽ ചെയ്യുന്ന, ഇരിക്കാൻ പോലും അവകാശമില്ലാത്ത ലക്ഷങ്ങളുടെ പ്രശ്‌നങ്ങളും ഈ യൂണിയനുകൾ പരിഗണിക്കുന്നതുപോലെ. വൻകിട സ്ഥാപനങ്ങളുടെ ഉടമകളാണ് നമ്മുടെ പ്രസ്ഥാനങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് എന്നതും അറിയാത്തവർ ആരുണ്ട്? കല്യാണിനു മുന്നിലെ ഇരിപ്പുസമരത്തോട് ഐക്യപ്പെടാൻ ഒരു യൂണിയനും രംഗത്തു വന്നില്ല. മുമ്പൊക്കെ ഏറെ പോരാട്ടങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും കർഷകതൊഴിലാളികളുടേയും ചെറുകിട കർഷകരുടേയും ഇപ്പോഴത്തെ അവസ്ഥ ഇതു തന്നെ. ലക്ഷകണക്കിനു വരുന്ന ഇതര സംസ്ഥാനതൊഴിലാളികളുടെ കാര്യം പ്രത്യേകിച്ച് പറയാനുമില്ലല്ലോ.
മറ്റൊന്ന് സംഘടിതതൊഴിലാളി വിഭാഗങ്ങൾക്ക് സാധാരണക്കാരായ ജനങ്ങളോടുള്ള സമീപനമാണ്. നോക്കുകൂലി ഒരുദാഹരണം മാത്രം. ബസ് ജീവനക്കാർ മുതൽ ഡോക്ടർമാർ വരെയുള്ളവർ നടത്തുന്ന മിന്നൽ പണിമുടക്കുകൾ അവിടെ നിൽക്കട്ടെ. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുളളവരാണ് തൊഴിലാളികളെന്നതിനാൽ അവരുടെ മോചനം സമൂഹത്തിന്റെ മുഴുവൻ മോചനമാണെന്നാണല്ലോ സങ്കൽപ്പം. എന്നാൽ പലപ്പോഴും സംഭവിക്കുന്നതെന്താണ്? കേരളത്തിലെ പല വൻകിട കമ്പനികളും സൃഷ്ടിക്കുന്ന മലിനീകരണത്തിനെതിരെ ജനങ്ങൾ നടത്തുന്ന പോരാട്ടങ്ങളോട് ആ കമ്പനികളിലെ തൊഴിലാളികൾ സ്വീകരിക്കുന്ന സമീപനം നോക്കൂ.. മാവൂർ, പ്ലാച്ചിമട, കാതിക്കുടം, പെരിയാർ തീരത്തെ കമ്പനികൾ എന്നിവയെല്ലാം ഉദാഹരണം. പാരിസ്ഥിതികനാശം സൃഷ്ടിക്കാതെ കമ്പനി നടത്താൻ മാനേജമെന്റുകളോടാവശ്യപ്പെടുന്നതിനുപകരം ഗുണ്ടകളെപോലെ സമരം നടത്തുന്നവർക്കെതിരെയാണ് ഇവരെല്ലാം രംഗത്തുവരാറുള്ളത്. ചെങ്ങറപോലെ പാവപ്പെട്ട ദളിതരും ആദിവാസികളും നടത്തുന്ന സമരങ്ങളേയും തകർക്കാനാണ് ഇവരുടെ ശ്രമം. ചെങ്ങറ സമരക്കാർക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതിൽ പ്രധാനികൾ എസ്റ്റേറ്റ് തൊഴിലാളികളായിരുന്നു. ക്വാറി സമരങ്ങളുടെ കാര്യം പറയാനുമില്ല. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവരാണ് തൊഴിലാളി വർഗം എന്നാണ് പറയാറ്. എന്നാൽ നഷ്ടപ്പെടാനില്ലാത്തവർക്കെതിരെ തങ്ങളുടെ ശത്രുവർഗമെന്നു പറയപ്പെടുന്ന മുതലാളിവർഗ്ഗത്തിനൊപ്പമാണ് ഇവരെ സ്ഥിരം കാണുക. പലപ്പോഴും തൊഴിലിനോടുള്ള സമീപനവും പരിശോധിക്കുക.
പൊതുജനങ്ങളുമായി ഇടപെടുന്ന തൊഴിൽ ചെയ്യുന്നവരിൽ സംഘടിതരായവരുടെ സമീപനം എല്ലാവർക്കും അറിയാവുന്നതല്ലേ? ഇന്ന് പെൻഷൻ കിട്ടാതെ ബുദ്ധിമുട്ടുന്ന കെ. എസ്. ആർ. ടി. സി ജീവനക്കാർ അവരുടെ നല്ല കാലത്ത് എങ്ങനെയാണ് യാത്രക്കാരോട് ഇടപെട്ടിരുന്നത്? ഇന്ന് ഇന്ത്യയിലെ 26 ൽ അവസാന സ്ഥാനത്താണ് കെ. എസ്. ആർ. ട.ി സി. സെക്രട്ടറിയേറ്റിൽ ഇപ്പോൾ കെട്ടിക്കിടക്കുന്നത് ലക്ഷകണക്കിനു ഫയലുകളാണെന്നും ഓർക്കുന്നത് നന്ന്. യൂണിയനുകൾ കർശനമായ നിർദ്ദേശം നൽകിയാൽ തീരാവുന്ന അഴിമതിയാകട്ടെ അനുദിനം വർധിക്കുന്നു. സമൂഹത്തോട് എന്തെങ്കിലും പ്രതിബദ്ധത ഇന്ന് ഈ യൂണിയനുകൾക്കുണ്ടോ? മറുവശത്ത് വേതനവർദ്ധനവുപോലുള്ള കാര്യങ്ങൾക്കേ തൊഴിലാളികൾക്കും യൂണിയനുകളോട് താൽപര്യമുള്ളൂ. ഐ ടി പോലുള്ള പുതിയ തൊഴിൽ മേഖലകളിലാകട്ടെ അതുപോലുമില്ല.
സംഘടിതതൊഴിലാളി വർഗത്തെ കുറിച്ചുള്ള ഇല്ലാത്ത അവകാശവാദങ്ങളാണ് പല പാർട്ടികളും യൂണിയനുകളും ഇപ്പോഴും ഉന്നയിക്കുന്നത്.
തൊഴിലാളി വർഗത്തിന്റെ സാർവദേശീയതയെ കുറിച്ചും പറയുന്നു. അവിടേക്കൊന്നും പോകേണ്ട. ഇവിടെ തന്നെ തൊഴിലാളി വിഭാഗങ്ങളെയടക്കം സമൂഹത്തെ ഭിന്നിപ്പിക്കുന്ന ജാതിവ്യവസ്ഥയെ വ്യക്തിജീവിതത്തിൽ മറികടക്കാൻ ഏതെങ്കിലും യൂണിയൻ തൊഴിലാളികളെ സജ്ജരാക്കുന്നുണ്ടോ? ഒന്നുമില്ല. എല്ലാ വർഷവും പതിവുള്ള പോലെ സംഘടിത തൊഴിലാളി വർഗത്തെപറ്റിയുള്ള നൊസ്റ്റാൾജിയകൾ ആവർത്തിച്ച് ഈ മെയ്ദിനവും കടന്നുപോയി. സ്ഥിരം തൊഴിലാളികൾ നേരിടുന്ന പുതിയ വെല്ലുവിളികളെ കുറിച്ചുപോലും വാചകകസർത്തുകളല്ലാതെ മറ്റൊന്നുമില്ലാതെ.....