Sorry, you need to enable JavaScript to visit this website.

ഹിംസയുടെ രാഷ്ട്രീയത്തിനെതിരെ

 

മാവോയിസ്റ്റുകളുടെ പേര് പറഞ്ഞാൽ സർക്കാരിനു എന്തുമാകാമെന്ന ധാരണയാണ് പൊതുവിൽ നിലനിൽക്കുന്നത്. ഒരു ജനാധിപത്യസംവിധാനത്തിന് യോജിച്ചതല്ല ഇത്തരം അക്രമങ്ങൾ എന്നുറക്കെ വിളിച്ചുപറയാൻ മുഴുവൻ ജനാധിപത്യവിശ്വാസികളും ബാധ്യസസ്ഥരാണ്. ഒപ്പം രാഷ്ട്രീയമായാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്ന് വിളിച്ചുപറയാനും. അതൊരിക്കലും മാവോയിസ്റ്റുകൾ അക്രമം നടത്തുന്നുണ്ടെങ്കിൽ അതിനെ പിന്തുണക്കലാവില്ല എന്നതാണ് യാഥാർഥ്യം.


ജനാധിപത്യം എന്നതുതന്നെയാണ് ജനാധിപത്യത്തെ ലോകം പരീക്ഷിച്ച മറ്റെല്ലാ ഭരണകൂടരൂപങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നത്. ഭരണസൗകര്യത്തിനായി ജനങ്ങളുടെ പ്രതിനിധികളാണ് ഭരിക്കുകയെങ്കിലും ജനങ്ങൾ തന്നെയാണ് അവരെ നിയന്ത്രിക്കുന്നത്, അല്ലെങ്കിൽ നിയന്ത്രിക്കേണ്ടത്. അങ്ങനെയാണ് ഭരണകൂടം മുഴുവൻ ജനങ്ങളുടേയും ഭരണകൂടമാകുന്നത്. ആ മുഴുവൻ ജനങ്ങളുടേയും ജീവിതവും അവകാശങ്ങളും സംരക്ഷിക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ആ ജനങ്ങളിൽ ജനാധിപത്യത്തിൽ വിശ്വസിക്കാത്തവരും ഉൾപ്പെടുന്നു. അഥവാ ഉൾപ്പെടണം. 
പലകാരണങ്ങളാലും ജനാധിപത്യത്തിൽ വിശ്വസിക്കാത്തവരുടേയും ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാനും അവരെ ജനാധിപത്യത്തിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാനും ഭരണകൂടത്തിനു ഉത്തരവാദിത്തമുണ്ട്. അത് അവർ ഉന്നയിക്കുന്ന വിഷയങ്ങൾ ഗൗരവമായി പരിശോധിച്ചും പരിഹരിച്ചുമാകണം. അതുവഴി ജനാധിപത്യം കൂടുതൽ ഗുണപരമായി ഉയർത്തികൊണ്ടായിരിക്കണം.
എന്നാൽ നിർഭാഗ്യവാശാൽ ഇന്ത്യയിൽ സംഭവിക്കുന്നത് അതല്ല. ജനാധിപത്യത്തിന്റെ ഗുണനിലവാരം ഉയർത്താനുള്ള ശ്രമങ്ങൾ പലപ്പോഴും ഇന്ത്യയിൽ നടക്കുന്നുണ്ട്. വിവരാവകാശനിയമവും സേവനാവകാശനിയമവും പട്ടികജാതി - പട്ടികവർഗ പീഡന നിരോധനനിയമവും സ്ത്രീപീഡനനിരോധന നിയമങ്ങളും മറ്റും ഉദാഹരണങ്ങൾ. അതുപോലെ ജനങ്ങൾ ജനാധിപത്യത്തെ പോരാട്ടത്തിനുള്ള വേദിയാക്കിയതിന്റെ നിരവധി ഉദാഹരണങ്ങളുമുണ്ട്. അടിയന്തരാവസ്ഥാവിരുദ്ധ പോരാട്ടങ്ങളും മണ്ഡൽ കമ്മീഷനും ദളിത് - പിന്നോക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉദാഹരണായി ചൂണ്ടികാണിക്കാം. മറുവശത്താകട്ടെ ജനാധിപത്യത്തെ കശാപ്പു ചെയ്ത അവസരങ്ങളും കുറവല്ല. ഗാന്ധിവധവും ഇഎംഎസ് മന്ത്രിസഭയെ പിരിച്ചുവിട്ടതും അടിയന്തരാവസ്ഥയും ബാബറി മസ്ജിദ് തകർത്തതും മണ്ഡൽ വിരുദ്ധ സമരങ്ങളും സമീപകാല ഫാസിസ്റ്റ പ്രവണതകളുമൊക്കെ ഉദാഹരണങ്ങൾ. ആ നിരയിലുള്ള ഒന്നാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ സംഭവിച്ചിരിക്കുന്നത്. ഗഡ്ചിറോളിയിൽ നാൽപ്പതോളം മാവോയിസ്റ്റുകളെയും ഗ്രാമീണരെയും നിയമവിരുദ്ധമായി കൊന്നുകളഞ്ഞ സംഭവമാണ് ഉദ്ദേശിക്കുന്നത്. അവരെ ഏറ്റുമുട്ടലിലാണ് വധിച്ചതെന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ അതിനു പ്രകടമായ തെളിവൊന്നുമില്ല. വർഗ്ഗാസ് വധം മുതലാരംഭിച്ച വ്യാജ ഏറ്റുമുട്ടൽ തന്നെയാണ് നടന്നതെന്നാണ് സൂചന. ഗ്രാമത്തിലെ ആദിവാസിയുടെ വിവാഹ പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്ക് വിളമ്പിയ ഭക്ഷണത്തിൽ പോലീസ് ഏജന്റുമാർ വിഷം ചേർത്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ പിടികൂടിയ ശേഷം മർദ്ദിച്ച് കൊല്ലപ്പെടുത്തുകയായിരുന്നുവത്രെ. മാവോയിസ്റ്റുകൾക്കു പുറമെ നിരവധി ഗ്രാമീണരും കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് സൂചനകൾ. കൊല ചെയ്യപ്പെട്ടവരിൽ ഭൂരിപക്ഷവും ദരിദ്ര ആദിവാസി വിഭാഗങ്ങളിൽ പെടുന്നവരും സ്ത്രീകളുമാണ്. തങ്ങളുടെ ആവാസമേഖലകളിൽ  വൻകിട കോർപ്പറേറ്റുകളും അവരെ സഹായിച്ച് ഭരണകൂടവും നടത്തുന്ന കടന്നുകയറ്റത്തിനെതിരെയുള്ള പ്രതികരണമാണ് അവരുടെ സായുധ ചെറുത്തുനിൽപ്പ്. 
ഗാഡ്ചിറോളി ജില്ലയിൽ തദ്ഗാവോൺ പോലീസ് സ്റ്റേഷൻ പരിധിയിലെ കസാൻസുർ ഗ്രാമത്തിൽ കഴിഞ്ഞ ഞായറാഴ്ച കാലത്ത് പത്തിനും പതിനൊന്നിനും ഇടയ്ക്കു ആരംഭിച്ച് ഉച്ചക്ക് ഒന്നര മണി വരെ നീണ്ട ഏറ്റുമുട്ടലിൽ 16 ഓളം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്നായിരുന്നു ഗാഡ്ചിറോളി പോലീസ് ആദ്യം അറിയിച്ചത്. പിന്നീട് ഇന്ദ്രാവതി നദിയിൽ മൃതശരീരങ്ങൾ ഒഴുകി നടക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് 15 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തത്. കസാൻസുർ ഏറ്റുമുട്ടൽ നടന്നു 36 മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് ഗാഡ്ചിറോളി ജില്ലയിൽ തന്നെയുള്ള ജിംലാഗാട്ട പ്രദേശത്തു നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി വാർത്ത വന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ മേഖലയിൽ മാവോയിസ്റ്റ് വേട്ടയുടെ പേരിൽ വ്യാപകമായ സൈനികവത്ക്കരണം നടക്കുന്നതായും കോർപ്പറേറ്റുകൾക്കു വേണ്ടി വനവും ഭൂമിയും ജലവും പിടിച്ചെടുക്കുന്നതിനായുള്ള അടിച്ചമർത്തൽ നടപടികൾ വ്യാപകമാവുന്നതായും വാർത്തകൾ ഉണ്ടായിരുന്നു.  മാവോയിസ്റ്റ് വേട്ട,ഭീകരവാദികൾക്കെതിരായ നടപടി എന്നീ പേരുകളിൽ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ പോലീസിന്റെ ഏറ്റുമുട്ടൽ കൊലയെന്ന അവകാശവാദത്തെ കണ്ണടച്ച് വിശ്വസിക്കുക പ്രയാസമാണ്. 2014 ൽ സുപ്രീം കോടതി പി.യു.സി.എൽ കേസിൽ പുറപ്പെടുവിച്ച വിധിന്യായത്തിൽ ഏറ്റമുട്ടൽ കൊലപാതകങ്ങൾ ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വിശദീകരിച്ചിട്ടുണ്ട്. അതൊന്നും പക്ഷെ പാലിക്കപ്പെടാറില്ല. അവർ മാവോയിസ്റ്റ് പ്രവർത്തകരാണെങ്കിൽ തന്നെ കൊല്ലാനുള്ള അവകാശം പോലീസിനോ പട്ടാളത്തിനോ ഇല്ലല്ലോ. നിയമലംഘനം നടത്തുന്നു എന്നു പറഞ്ഞ് അതിനേക്കാൾ വലിയ നിയമ ലംഘനമാണ് സർക്കാർ നടത്തുന്നതെന്നർത്ഥം. അവിടെ ജനങ്ങൾ ആയുധമെടുക്കുന്നുണ്ടെങ്കിൽ തന്നെ അതിന്റഎ കാരണം പരിശോധിച്ച് തിരുത്താനാണ് ജനകീയ സർക്കാർ ശ്രമിക്കേണ്ടത്. 
അതായത് രാഷ്ട്രീയമായ പരിഹാരമാണ് ജനാധിപത്യ സർക്കാരിന്റെ വഴി. ആരംഭത്തിൽ പറഞ്ഞ പോലെ ഏതു കാരണമായാലും ജനാധിപത്യേതരമായ വഴിയിലൂടെ പോകുന്നവരുടേയും ജനാധിപത്യാവകാശങ്ങൾ  അംഗീകരിക്കാൻ സർക്കാരിനു ബാധ്യതയുണ്ട്. അതാണിവിടെ ക്രൂരമായി ലംഘിക്കപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയിൽ മാത്രമല്ല, ഉത്തരേന്ത്യയിൽ പലയിടത്തും ഇത്തരത്തലുള്ള അക്രമങ്ങളാണ് സർക്കാർ നടത്തുന്നത്. ഝാർഖണ്ഡിലെ സാംഗജാഠ വനപ്രദേശത്ത് നിരന്തരം വ്യോമാക്രമണങ്ങൾ നടത്തുന്നതായി റിപ്പോർട്ടുണ്ട്. നിരപരാധികളായ ആദിവാസികൾ പോലും കൊല്ലപ്പെടുന്നതായും. എന്നാൽ ഈ ആക്രമണങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ വലിയ രീതിയിൽ ഉയർന്നു വരുന്നില്ല. 
മാവോയിസ്റ്റുകളുടെ പേര് പറഞ്ഞാൽ സർക്കാരിനു എന്തുമാകാമെന്ന ധാരണയാണ് പൊതുവിൽ നിലനിൽക്കുന്നത്. ഒരു ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ല ഇത്തരം അക്രമങ്ങൾ എന്നുറക്കെ വിളിച്ചുപറയാൻ മുഴുവൻ ജനാധിപത്യവിശ്വാസികളും ബാധ്യസ്ഥരാണ്. ഒപ്പം രാഷ്ട്രീയമായാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്ന് വിളിച്ചുപറയാനും. അതൊരിക്കലും മാവോയിസ്റ്റുകൾ അക്രമം നടത്തുന്നുണ്ടെങ്കിൽ അതിനെ പിന്തുണക്കലാവില്ല എന്നതാണ് യാഥാർഥ്യം. 


 

Latest News