Sorry, you need to enable JavaScript to visit this website.

വ്യാജ ഉൽപന്നങ്ങൾ വിൽക്കുന്നവർക്ക് പത്തു ലക്ഷം റിയാൽ പിഴ 

റിയാദ് - ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത വ്യാജ ഉൽപന്നങ്ങൾ വിൽപനക്ക് പ്രദർശിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്ഥാപന നടത്തിപ്പുകാർക്ക് മൂന്നു വർഷം വരെ തടവു ശിക്ഷയും ലഭിക്കും. നിയമ ലംഘകരുടെ പേരുവിവരങ്ങളും അവർക്കുള്ള ശിക്ഷയും പ്രാദേശിക പത്രങ്ങളിൽ പരസ്യപ്പെടുത്തുകയും ചെയ്യും. 
റമദാൻ ഉൽപന്നങ്ങളുടെ ഗുണമേന്മയും ഉപയോഗയോഗ്യതയും ഉറപ്പുവരുത്തുന്നതിന് വരും ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കും. വാണിജ്യ വഞ്ചനകൾ നടത്തുന്നില്ലെന്നും പരിശോധനകളിലൂടെ ഉറപ്പുവരുത്തും. വിൽപനക്ക് പ്രദർശിപ്പിച്ച ഉൽപന്നങ്ങളിൽ വില സ്റ്റിക്കർ പതിച്ചിട്ടുണ്ടെന്നും സ്റ്റാന്റുകളിൽ രേഖപ്പെടുത്തിയ അതേ വില തന്നെയാണ് കൗണ്ടറുകളിൽ ഈടാക്കുന്നതെന്നും ഉറപ്പുവരുത്തും. റമദാൻ പ്രമാണിച്ച് വ്യാപാര സ്ഥാപനങ്ങൾ പ്രഖ്യാപിക്കുന്ന പ്രൊമോഷൻ ഓഫറുകളുടെ സത്യാവസ്ഥയും പരിശോധിക്കും. 
വില കുറഞ്ഞ ഉൽപന്നങ്ങൾ വിൽക്കുന്ന രണ്ടു റിയാൽ, അഞ്ചു റിയാൽ, പത്തു റിയാൽ കടകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അടുത്തിടെ രണ്ടു റിയാൽ കടകളിൽ 2,243 സന്ദർശനങ്ങൾ മന്ത്രാലയ സംഘങ്ങൾ നടത്തിയിട്ടുണ്ട്. ഇതിനിടെ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത 14,000 ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഇരുനൂറോളം സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. കൂടുതൽ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യുന്നതിന് സ്ഥാപന ഉടമകളെ വിളിപ്പിച്ചിട്ടുണ്ടെന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയം പറഞ്ഞു. 

 

Latest News