ന്യൂദല്‍ഹി- ഇരുണ്ട നിറമുള്ള ഇന്ത്യക്കാരിയെന്ന നിലയില്‍ അഭിമാനമുണ്ടെന്നും പദവിക്കനുസരിച്ചുള്ള പരാമര്‍ശമല്ല ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ നടത്തിയതെന്നും മുന്‍ ലോക സുന്ദരി ഡയാന ഹയ്ഡന്‍.
ഐശ്വര്യ റായിയുടെ സൗന്ദര്യപ്പട്ടം മനസ്സിലാക്കാമെങ്കിലും ഡയാനക്ക് സുന്ദരിപ്പട്ടം നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി നടത്തിയ പരാമര്‍ശമാണ് വിവാദത്തിലായത്. മഹാഭാരത കാലത്തും ഇന്റര്‍നെറ്റും ഉപഗ്രഹ ആശയവിനിമയവും ഉണ്ടായിരുന്നുവെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തലയ്ക്ക് സുഖമില്ലന്നും പ്രസ്താവിച്ചതിലൂടെ സൃഷ്ടിച്ച വിവാദം അവസാനിക്കുന്നതിനു മുമ്പാണ് മുഖ്യമന്ത്രിയുടെ പുതിയ വിവാദം.
മഖ്യമന്ത്രിയുടെ പരാമര്‍ശം വേദനാജനകമാണ്. മന്ത്രിപദവയിലിരിക്കുന്ന അദ്ദേഹം എന്താണ് പറയുന്നതെന്ന് ആലോചിക്കണമായിരുന്നുവെന്നും ഡയാന പറഞ്ഞു. താന്‍ കൈവരിച്ച നേട്ടത്തില്‍ ആളുകള്‍ അഭിമാനിക്കുകയാണ് വേണ്ടതെന്നും അതിനെ ചെറുതാക്കി കാണുകയല്ല വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ത്രിപുര തലസ്ഥാനമായ അഗര്‍ത്തലയില്‍ നടന്ന ഒരു ശില്‍പശാലയിലാണ് അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങള്‍ക്കു പിന്നലെ യുക്തി മനസ്സിലാകുന്നില്ലെന്നും ഇത്തരം മത്സരങ്ങള്‍ പരിഹാസ്യമാണെന്നും മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ പറഞ്ഞത്. 21 വര്‍ഷം മുമ്പ് ഡയന ഹയ്ഡന്‍ മിസ് വേള്‍ഡായി എന്തടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് ചോദിച്ച അദ്ദേഹം ഐശ്വര്യ റായിയാണ് ഇന്ത്യന്‍ സൗന്ദര്യത്തിന്റെ പ്രതീകമെന്നും പറഞ്ഞിരുന്നു. തൊലിയുടെ നിറമാണ് മന്ത്രിയെ വിവേചനത്തിനു പ്രേരിപ്പിച്ചതെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഡയാനയുടെ പ്രതികരണം.
സ്ത്രീകളെ നാം ലക്ഷ്മി ദേവിയായും സരസ്വതിയായുമാണ് കാണുന്നത്. ഐശ്വര്യ റായിയാണ് ഇന്ത്യന്‍ സ്ത്രീകളെ പ്രതിനിധീകരിക്കുന്നത്. അവര്‍ ലോക സുന്ദരിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഡയാന ഹയ്ഡന്റെ സൗന്ദര്യം എനിക്കിപ്പോഴും പിടികിട്ടിയിട്ടില്ല. എന്തുകൊണ്ടാണ് ഇന്ത്യയില്‍നിന്ന് കൂടുതല്‍ പേര്‍ സൗന്ദര്യപ്പട്ടം നേടാത്തത്. രാജ്യത്തെ മാര്‍ക്കറ്റ് പിടിച്ച ശേഷം ജൂറിമാര്‍ വേറെ എവിടേക്കെങ്കിലും പോയിക്കാണും- മുഖ്യമന്ത്രി ബപ്ലിബ് കുമാര്‍ പറഞ്ഞു.
ത്രിപുര മുഖ്യമന്ത്രിയുടെ പരാമര്‍ശം തന്നെ അതിയായി വേദനിപ്പിച്ചുവെന്ന് ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. 1977 ല്‍ നടന്ന മത്സരത്തിലാണ് ഡയാന മിസ് വേള്‍ഡായി തെരഞ്ഞെടുക്കപ്പെട്ടത്.
കുട്ടിക്കാലം മുതല്‍ ഈ ഇരുണ്ട നിറത്തിനുവേണ്ടി ഞാന്‍ പൊരുതുതയാണ്. അതില്‍ ഞാന്‍ വിജയിക്കുകയും ചെയ്തു. എന്റെ നേട്ടത്തെ വിലകുറച്ചുകാണാതെ ആളുകള്‍ അതില്‍ അഭിമാനിക്കുകയാണ് വേണ്ടത്- അവര്‍ പറഞ്ഞു.