Sorry, you need to enable JavaScript to visit this website.

പിണറായി വിജയന്റെ പോലീസ് രാജ്

 ഹരികുമാർ 

പിണറായി വിജയൻ മന്ത്രിസഭ രണ്ടാം വാർഷികത്തിലേക്കു പ്രവേശിക്കുകയാണ്. അതുമായി ബന്ധപ്പെട്ട് മന്ത്രിമാർക്ക് മാർക്കിടാനുള്ള തീരുമാനത്തിലാണ് മുഖ്യമന്ത്രി. അത് അദ്ദേഹത്തിന്റെ അവകാശം. എന്നാൽ അദ്ദേഹം ഭരിക്കുന്ന വകുപ്പുൾക്ക് പരീക്ഷയില്ല എന്നാണ് കേൾക്കുന്നത്. ഈ മന്ത്രിസഭ അധികാരത്തിലെത്തിയ ശേഷം ഏറ്റവും ആരോപണങ്ങൾ ഉയർന്നിട്ടുള്ളത് മുഖ്യമന്ത്രി തന്നെ നിയന്ത്രിക്കുന്ന ആഭ്യന്തവകുപ്പാണെന്നതിൽ ആർക്കും അഭിപ്രായ ഭിന്നതയില്ല. 
26 ഓളം ലോക്കപ്പ് മരണങ്ങൾ നടന്നു കഴിഞ്ഞതായി നിയമസഭയിൽ തന്നെ സർക്കാർ സമ്മതിച്ചു കഴിഞ്ഞു. ശ്രീജിത്ത് എന്ന നിരപരാധിയായ ചെറുപ്പക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയാണ് മന്ത്രിസഭ രണ്ടാം വാർഷികമാഘോഷിക്കുന്നത്. ഈ സാഹചര്യത്തിൽ ആഭ്യന്തര വകുപ്പ് സ്ഥാനം മറ്റാരെയെങ്കിലും ഏൽപിച്ച് മൂന്നാം വർഷത്തേക്ക് പ്രവേശിക്കുന്നതായിരിക്കും മുഖ്യമന്ത്രിക്ക് അഭികാമ്യം. 
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ എസ്.പിയുടെ സ്പെഷ്യൽ ടൈഗർ ഫോഴ്‌സിലെ മൂന്നംഗങ്ങൾ അറസ്റ്റിലാണ്. തങ്ങൾ ശ്രീജിത്തിനെ മർദ്ദിച്ചിട്ടില്ലെന്നും ഉന്നതരെ രക്ഷിക്കാൻ ബലിയാടുകളാക്കുകയാണെന്നും ഇവർ പരസ്യമായി പറഞ്ഞു കഴിഞ്ഞു. മരണത്തിലേക്ക് നയിച്ച സംഭവത്തിന്റെ സൂത്രധാരൻ എറണാകുളം    റൂറൽ എസ്.പിയെന്നും തങ്ങൾ കേവലം ഇരകൾ മാത്രമാകുകയായിരുന്നുവെന്നുമുള്ള ഇവരുടെ മൊഴികൾ പരസ്യമായിട്ടുണ്ട്.  അതിൽ ശരിയുണ്ടാകാം. എന്നാൽ ഇവരും മർദ്ദിച്ചിട്ടുണ്ടാകാം. അതിനു ദൃക്‌സാക്ഷികളുണ്ട്. ആരുടെ മർദ്ദനമാണ് മരണത്തിനു കാരണണായതെന്ന സാങ്കേതിക പ്രശ്‌നാണ് അവശേഷിക്കുന്നത്. കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ ശ്രീജിത്തിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നു മെഡിക്കൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 
അടിവയറ്റിൽ മാരക ക്ഷതമാണ് ശ്രീജിത്തിനേറ്റത്. ഇത്തരത്തിൽ ക്ഷതമേറ്റാൽ ആറു മണിക്കൂർ വരെയേ പിടിച്ചുനിൽക്കാനാവു എന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കുറ്റവാളിയാണെങ്കിലും മർദ്ദിക്കാനുള്ള അവകാശം പോലീസിനില്ലാത്ത ഒരു നാട്ടിലാണ് ഈ തർക്കം എന്നതാണ് കൗതുകകരം. പോലീസ് മർദ്ദനത്തിലും ലോക്കപ്പ് കൊലയിലും ഒരു പോലീസുകാരനും, ഉന്നതരായാലും താഴെക്കിടയിലുള്ളവരായാലും, ശിക്ഷിക്കപ്പെടാറില്ല എന്നതാണ് യാഥാർത്ഥ്യം. അപവാദം നക്‌സൽ വർഗീസിനെ വെടിവെച്ചു കൊന്ന കേസിൽ ലക്ഷ്മണ ശിക്ഷിക്കപ്പെട്ടതു മാത്രമാണ്. അതാകട്ടെ രാമചന്ദ്രൻ നായർ എന്ന പോലീസുകാരൻ വാർദ്ധക്യത്തിൽ പശ്ചാത്താപം കൊണ്ട് സത്യം തുറന്നു പറഞ്ഞതിനാൽ. പരമാവധി ഏതാനും ദിവസം സസ്‌പെൻഷൻ, അല്ലെങ്കിൽ സ്ഥലം മാറ്റം. ഇതാണ് പോലീസിനു ലഭിക്കുന്ന ശിക്ഷ. ഇവിടെ മറിച്ചായാൽ അത് അൽഭുതമായിരിക്കും. വരാപ്പുഴ ദേവസ്വംപാടത്ത് വീടാക്രമിച്ചതിനെത്തുടർന്ന് വാസുദേവൻ ജീവനൊടുക്കിയപ്പോൾ ഉരുത്തിരിഞ്ഞ സംഘർഷാവസ്ഥയെ തുടർന്നാണ് ശ്രീജിത്ത് കൊല്ലപ്പെട്ടതിലേക്ക് കാര്യങ്ങളെത്തിയത്. വാസുദേവന്റെ മരണത്തിൽ ഹർത്താൽ നടത്തിയ സിപിഎമ്മിന്റെ സമ്മർദ്ദമാണ് കൃത്യമായി കാര്യങ്ങൾ അന്വേഷിക്കാതെ നിരപരാധികളെ പിടികൂടാനും തല്ലിക്കൊല്ലാനും പോലീസിനു ധൈര്യം നൽകിയതെന്ന ആരോപണവും സജീവമാണ്. 
ഏതാനും വർഷങ്ങളായി പോലീസിനെതിരായ പരാതികൾ വർദ്ധിക്കുതായി കംപ്ലെയൻസ് അതോറിട്ടിയും മനുഷ്യാവകാശ കമ്മീഷനുമൊക്കെ നിരന്തരമായി സർക്കാരിനു മുന്നിൽ ചൂണ്ടിക്കാണിക്കുമ്പോഴാണ് വീണ്ടും കസ്റ്റഡി കൊലകൾ ആവർത്തിക്കുന്നത്. എന്നാൽ ആത്മവീര്യത്തിന്റെ പേരിലാണ് സർക്കാർ പോലീസിനു കവചമൊരുക്കുന്നത്. പ്രതേകിച്ച് മുഖ്യമന്ത്രി. അതുകൊണ്ടാകാം അടുത്ത കാലത്തായി പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളുടെ ലിസ്റ്റ് ആരേയും ഞെട്ടിക്കുന്നത്.  ലോക്കപ്പുകളിൽ സി സി ടി വി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം പോലും ഇപ്പോഴും നടപ്പായിട്ടില്ല. ദളിതുകളും ദുർബ്ബലരുമായവർ തന്നെയാണ് പീഡനങ്ങൾക്ക് ഏറ്റവും വിധേയരാകുന്നവർ. ട്രാൻസ്ജെന്റർ സൗഹൃദ സംസ്ഥാനമെന്നു പറയുമ്പോഴും അവരെ കേരളത്തിൽ വെച്ചേക്കില്ല എന്ന തീരുമാനത്തിലാണെന്നു തോന്നുന്നു പോലീസ്. ജനകീയ സമരങ്ങളോടുള്ള സമീപനം പുതുവൈപ്പിനിലും ജിഷ്ണുവിന്റെ അമ്മക്കു നേരെയുള്ള അക്രമത്തിലും മറ്റും പോലീസ് വ്യക്തമാക്കിക്കഴിഞ്ഞു. വർഗീസ് വധത്തിനു ശേഷം വീണ്ടും വ്യാജ ഏറ്റുമുട്ടൽ കൊല അരങ്ങേറി.   സദാചാര പോലീസിംഗ് അനുവദിക്കില്ല എന്നു പറയുമ്പോഴും പോലീസ് തന്നെ സദാചാര പോലീസാകുന്ന സംഭവങ്ങളും നിരന്തരം അരങ്ങേറുന്നു. യുഎപിഎക്ക് എതിരാണെന്നു അവകാശപ്പെടുമ്പോഴും രാഷ്ട്രീയ താൽപര്യത്തോടെ അത് പ്രയോഗിക്കുന്നു. 
പോലീസിലെ സംഘപരിവാര ഘടകവും ചർച്ചാവിഷയമായിട്ടുണ്ട്.  ലോക്കപ്പ് മർദ്ദനവും പീഡനവും സർക്കാരിന്റെ പോലീസ് നയമല്ല എന്ന പതിവു പല്ലവിയാണ് സർക്കാരിനു വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നവരുടെ വാദം. സർക്കാരിന്റെ പോലീസ് നയം എന്താണെന്നത് ഇവിടെ പ്രസക്തമല്ല. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മനുഷ്യാവകാശങ്ങൾ ഓരോ പൗരനും ലഭ്യമാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. അതാണിവിടെ നിഷേധിക്കപ്പെടുന്നത്. ഇവിടെ നിലനിൽക്കുന്നത് രാജഭരണമല്ല, ജനാധിപത്യമാണെന്ന വസ്തുതയാണ് അതിന്റെ തലപ്പത്തിരിക്കുന്നവർ തന്നെ മറക്കുന്നത്. ഇന്ത്യക്കാരെ ഭയപ്പെടുത്തി ഭരിക്കാനായി ബ്രിട്ടീഷുകാർ രൂപം കൊടുത്ത പോലീസ് ആക്ടിലും മറ്റു സംവിധാനങ്ങളിലും ഇപ്പോഴും കാര്യമായ മാറ്റമൊന്നുമില്ല. ഇന്നും പോലീസ് സ്റ്റേഷനിൽ ഭയത്തോടെയല്ലാതെ കയറിപ്പോകുവാൻ ധൈര്യമുള്ളവർ കുറയും. ബ്രിട്ടനിൽ അതെല്ലാം മാറിയെന്നത് വേറെ കാര്യം. പോലീസ് ജനങ്ങളുടെ സുഹൃത്താകണം, സഹായിയാകണം എന്നൊക്കെ പറയുമ്പോഴും നിർഭാഗ്യവശാൽ അങ്ങനെ മാറ്റാൻ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സർക്കാരിനു പോലും താൽപര്യമില്ല എന്നതാണ് യാഥാർത്ഥ്യം. കമ്യൂണിസ്റ്റുകാർ സാധാരണ പറയുന്ന പോലെ ഇപ്പോഴും പോലീസ്  ഭരണകൂടത്തിന്റെ മർദ്ദനോപകരണം തന്നെ. മുത്തങ്ങയിൽ ആദിവാസികളെ മർദ്ദിക്കുന്നതു കണ്ട് വേദനിച്ച ഐസക് ആന്റണി എന്ന പോലീസുകാരൻ ജനാധിപത്യത്തിലെ പോലീസ് എന്ന ഒരു പുസ്തകം രചിച്ചിട്ടുണ്ട്. പോലീസിന്റെ ഉൽഭവം മുതൽ ഇന്നു നിലനിൽക്കുന്ന പോലീസ് ആക്ടിന്റെ പരിമിതികൾ വരെയുള്ള മുഴുവൻ കാര്യങ്ങളും ഈ പുസ്തകം ചർച്ച ചെയ്യുന്നു. അതെങ്കിലും ഒന്നു വായിച്ചു നോക്കാൻ മുഖ്യമന്ത്രിയും ഉന്നത പോലീസ് ഉദ്യാഗസ്ഥരും തയ്യാറാകണം. ആക്ഷൻ ഹീറോ ബിജുമാർ പോലീസിൽ ഉണ്ടാകാൻ പാടില്ല. സത്യത്തിൽ ഏറ്റവും വലിയ ഭീരുക്കളായാണ് പോലീസ് മാറുന്നത്. നിസ്സഹായനായി ലോക്കപ്പിലടച്ച ഒരാളെ തല്ലിക്കൊല്ലാൻ ഭീരുക്കൾക്കല്ലാതെ മറ്റാർക്കാണ് കഴിയുക?
പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തര വകുപ്പും ഏറ്റെടുത്തപ്പോൾ കക്ഷിരാഷ്ട്രീയത്തിനതീതമായി പലരും പലതും പ്രതീക്ഷിച്ചു. കർക്കശക്കാരനെന്നറിയപ്പെടുന്ന അദ്ദേഹം പോലീസിന്റെ അതിക്രമങ്ങൾക്ക് അറുതി വരുത്തുമെന്നതായിരുന്നു അതിൽ പ്രധാനം. മാത്രമല്ല, അടിയന്തരാവസ്ഥക്കാലത്ത് താൻ നേരിട്ട പോലീസ് മർദ്ദനം എന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ മൂലധനവുമാണ്. എന്നാൽ സംഭവിക്കുന്നതെല്ലാം തിരിച്ചാണ്. പോലീസ് അതിക്രമങ്ങളെക്കുറിച്ച് പറയുമ്പോൾ സ്വിച്ചിട്ട പോലെ പോലീസിന്റെ അടിസ്ഥാന സ്വഭാവം മാറില്ലെന്നും ഇന്ത്യൻ ഭരണ വ്യവസ്ഥയ്ക്കുള്ളിൽ പ്രവർത്തിക്കുന്നതിന്റെ പരിമിതിയാണ് ഇതിനു കാരണമെന്നുമൊക്കെയാണ് ന്യായീകരണങ്ങൾ. ആരോപണങ്ങൾ വർധിച്ചുവന്നപ്പോൾ എം വി ജയരാജനെ സെക്രട്ടറിയാക്കുകയാണ് പിണറായി ചെയ്തത്. എന്നാൽ അതുകൊണ്ടൊന്നും ഒരു ഗുണവുമുണ്ടായിട്ടില്ല. സത്യത്തിൽ കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ കൊണ്ടുവന്ന ചില ഗുണകരമായ മാറ്റങ്ങൾ പോലും ഇല്ലാതായിരിക്കുകയാണ്. ജനമൈത്രി സ്‌റ്റേഷനുകളിലാണ് പല അക്രമങ്ങളും അരങ്ങേറുന്നത്. പോലീസ് ജനങ്ങളുടെ സുഹൃത്താകണമെന്ന നിലപാടിനോട് ഭരണ - പ്രതിപക്ഷഭേദമില്ലാതെ മിക്ക നേതാക്കളും മിക്ക ഉന്നത പോലീസ് ഉദ്യാഗസ്ഥരും എതിരാണ്. ജനങ്ങളെ ഭയപ്പടുത്തുകയാണ് പോലീസിന്റെ രീതി എന്ന നയത്തിനു തന്നെയാണ് ഇപ്പോഴും മുൻതൂക്കം. ഈ അവസരത്തിലാണ് പിണറായി ആഭ്യന്തര വകുപ്പ് ഒഴിയുക എന്ന ആവശ്യം പ്രസക്തമാകുന്നത്. ഒരു പൂർണ സമയ മന്ത്രി തന്നെ ആഭ്യന്തര വകുപ്പിനാവശ്യമാണ്. മറ്റു പാർട്ടികൾക്ക് ആ വകുപ്പ് പിണറായി നൽകില്ലെന്നുറപ്പ്. എങ്കിൽ ജി സുധാകരനേയോ മറ്റോ ആഭ്യന്തര വകുപ്പ് ഏൽപിക്കാവുന്നതാണ്. എന്തായാലും കവിതയെഴുതുന്ന ഒരാൾക്ക് ഇത്തരത്തിലുള്ള അതിക്രമങ്ങളെ അത്മവീര്യത്തിന്റെ പേരിൽ ന്യായീകരിക്കാനാവില്ല എന്നുറപ്പ്. മൂന്നാം വർഷത്തേക്കു കടക്കുമ്പോഴെങ്കിലും അത്തരമൊരു തീരുമാനത്തിനു മുഖ്യമന്ത്രി തയ്യാറായാൽ അതു ഏറ്റവും ഗുണകരമാകുക സർക്കാരിനു തന്നെയായിരിക്കും. പിന്നെ ജനങ്ങൾക്കും. 


 

Latest News