Sorry, you need to enable JavaScript to visit this website.

ഇതിനു മുമ്പ് കാണാത്ത പ്രത്യാഘാതം; ഇറാന് താക്കീതുമായി ട്രംപ് 

വൈറ്റ് ഹൗസിലെ സൗത്ത് ലോണില്‍ ചെടി നടുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനേയും നോക്കി നില്‍ക്കുന്ന പ്രഥമ വനിത മെലാനിയ ട്രംപ്.

വാഷിംഗ്ടണ്‍- ആണവ പരിപാടി പുനരാരംഭിച്ചാല്‍ ഇറാന്‍ ഇതിനു മുമ്പ് നേരിട്ടിട്ടില്ലാത്ത വലിയ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന്‍ ഒപ്പുവെച്ച ബഹുരാഷ്ട്ര ആണവ കരാര്‍ സംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ ചര്‍ച്ചക്കുശേഷമാണ് ട്രംപിന്റെ താക്കീത്. വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇറാന്‍ കരാറിനു പുറമെ, സിറിയന്‍ യുദ്ധം ഉള്‍പ്പെടെയുള്ള മറ്റു വിഷയങ്ങളും ട്രംപും മാക്രോണും ചര്‍ച്ച ചെയ്തു.
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നുമായി കഴിയും വേഗം ചര്‍ച്ച നടത്തുമെന്നും കിം ഇപ്പോള്‍ വളരെ ആദരണീയനാണെന്നും മാര്‍ക്കോണിനോടും ടെലിവിഷന്‍ പ്രേക്ഷകരോടുമായി ട്രംപ് പറഞ്ഞു. 
ഭീകരതയെ പരാജയപ്പെടുത്താനും ഉത്തര കൊറിയയിലേയും ഇറാനിലേയും കൂട്ട സംഹാരായുധങ്ങള്‍ ഇല്ലാതാക്കാനും അമേരിക്കയും ഫ്രാന്‍സും യോജിച്ച് പ്രവര്‍ത്തിച്ചാല്‍ സാധിക്കുമെന്ന് ട്രംപ് പറഞ്ഞു. 
പരിഹാസ്യമായ ഇറാന്‍ കരാര്‍ ഒരിക്കലും യാഥാര്‍ഥ്യമാകാന്‍ പാടില്ലാത്തതായിരുന്നുവെന്ന് ട്രംപ് ആവര്‍ത്തിച്ചു. 
ഇറാനുമായുള്ള കരാറില്‍ അമേരിക്കയെ ഉറപ്പിച്ചുനിര്‍ത്തുകയായിരുന്നു മാക്രോണിന്റെ ത്രിദിന യു.എസ്. സന്ദര്‍ശനത്തിന്റെ ഒരു ലക്ഷ്യം. എന്നാല്‍ ഇറാന്‍ കരാറില്‍ പിന്‍വാങ്ങുമെന്ന നിലപാടാണ് ട്രംപ് വ്യക്തമാക്കിയത്.  തീരുമാനം ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കരാറിലെ തകരാറുകള്‍ ട്രംപ് മാക്രോണിനോട് വിശദീകരിച്ചു. ബാലിസ്റ്റിക് മിസൈല്‍, യെമനിലേയും സിറിയയിലേയും ഇടപെടല്‍ തുടങ്ങിയ കാര്യങ്ങളില്‍ കരാര്‍ പരാജയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 
ഇറാന്‍ കരാര്‍ മേഖലാ അടിസ്ഥാനത്തിലും വിശാലമായും താനും ട്രംപും പരിശോധിക്കുമെന്ന് ചര്‍ച്ചകള്‍ക്കു ശേഷം മാക്രോണ്‍ പറഞ്ഞു. സിറിയ സംബന്ധിച്ച് ഞങ്ങള്‍ക്കു ഒരേ ലക്ഷ്യമാണുള്ളത്. അവിടെ സംഘര്‍ഷം രൂക്ഷമാകുന്നില്ലെന്ന് ഉറപ്പുവരുത്തണം. മേഖലയില്‍ ആണവ വ്യാപനം പാടില്ല. മുന്നോട്ടു പോകുന്നതിന് ശരിയായ പാത കണ്ടെത്തണം -മാക്രോണ്‍ പറഞ്ഞു. 
ബഹുരാഷ്ട്ര ആണവ കരാറില്‍നിന്ന് പിന്‍വാങ്ങിയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കി. കരാര്‍ ഇല്ലാതായാല്‍ ഇറാനു മുന്നില്‍ പല മാര്‍ഗങ്ങളുമുണ്ടെന്നും വിദേശ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

Latest News