സേലം- സിനിമയില്‍ അവസരം തേടി എത്തുന്ന പെണ്‍കുട്ടികളെ ഉപയോഗിച്ച് അശ്ലീലവീഡിയോ നിര്‍മിച്ച സംവിധായകനും സഹസംവിധായികയും അറസ്റ്റില്‍. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം.
സംവിധായകന്‍ സേലം എടപ്പാടി സ്വദേശി വേല്‍സത്തിരന്‍, സഹസംവിധായിക വിരുദുനഗര്‍ രാജപാളയം സ്വദേശിനി ജയജ്യോതി എന്നിവരാണ് അറസ്റ്റിലായത്.
ഇരുമ്പപാളയം സ്വദേശിയായ യുവതി സൂറമംഗളം സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. 300 ലേറെ യുവതികളുടെ അശ്ലീലവീഡിയോകളാണ് ഇരുവരും ചേര്‍ന്ന് പകര്‍ത്തിയതെന്ന് പറയുന്നു.
സഹനടിമാരെ ആവശ്യമുണ്ടന്ന സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ടാണ് പരാതിക്കാരി സേലം ട്രാഫിക് സര്‍ക്കിളിലെ സ്റ്റുഡിയോയിലെത്തിയത്. പുതിയ സിനിമ തുടങ്ങുന്നതു വരെ ഓഫിസ് ജോലി നല്‍കാമെന്നു സംവിധായകന്‍ വാഗ്ദാനം നല്‍കി. മൂന്നുമാസം ജോലി ചെയ്‌തെങ്കിലും ശമ്പളം ലഭിച്ചില്ല. തുടര്‍ന്നു കഴിഞ്ഞ ദിവസം ഇവരുടെ സ്റ്റുഡിയോ ഫ്‌ലോറിലെത്തിയപ്പോഴാണു അശ്ലീല ചിത്ര നിര്‍മാണമാണ് അവിടെ നടക്കുന്നതെന്നു യുവതിക്ക് മനസ്സിലായതും പോലീസില്‍ പരാതിപ്പെട്ടതും.
പോലീസ് നടത്തിയ റെയ്ഡില്‍ ഹാര്‍ഡ് ഡിസ്‌കുകളും ലാപ്‌ടോപ്പും ക്യാമറയും പിടിച്ചെടുത്തു. ഇവ പരിശോധിച്ചപ്പോഴാണ് 300ലേറെ യുവതികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പകര്‍ത്തിയതായി പോലീസ് കണ്ടെത്തിയത്.
ഇവരുടെ ചൂഷണത്തിനിരയായ മുഴുവന്‍ പേരെയും കണ്ടെത്താനായി സേലം എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.