ജിദ്ദ- ആശ്രിത ലെവിയെത്തുടര്ന്ന് കുടുംബങ്ങള്‍ സൗദി വിടാന്‍ തുടങ്ങിയതോടെ വീട്ടുപകരണങ്ങളുടെ വിപണിക്ക് കനത്ത തിരിച്ചടി. പുതിയ സാധനങ്ങളുടെ കച്ചവടം 50 ശതമാനത്തിലേറെ കുറഞ്ഞപ്പോള്‍ പഴയ സാധനങ്ങള്‍ എടുക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. സൗജന്യമായി നല്‍കാമെന്ന് വാഗ്ദാനം ഉണ്ടായിട്ട് പോലും ആളുകള്‍ മുന്നോട്ടു വരുന്നില്ല. ഇതുമൂലം പലരും സാധനങ്ങള്‍ ഉപേക്ഷിക്കുകയാണ്. ഉപേക്ഷിക്കാന്‍ മനസില്ലാത്തവര്‍ നല്ല സാധനങ്ങള്‍ അധികവും കാര്‍ഗോ വഴി നാട്ടിലേക്ക് അയക്കുകയാണ്. ഇതേത്തുടര്‍ന്ന് കാര്‍ഗോ മേഖല ഇപ്പോള്‍ സജീവമാണ്. കാര്‍ഗോ വഴി അയക്കുന്ന സാധനങ്ങള്‍ അധികവും ഇപ്പോള്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കുടുംബങ്ങളുടേതാണെന്ന് പ്രമുഖ കാര്‍ഗോ ഗ്രൂപ്പായ സീബ്രീസ് കാര്‍ഗോ വക്താവ് പറഞ്ഞു. റമദാന് കഴിയുന്നതോടെ അധിക കുടുംബങ്ങളും മടങ്ങുമെന്നതിനാല്‍ അതിനു ശേഷമുള്ള വിപണിയുടെ സ്ഥിതി എന്തായിരിക്കുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
വീട്ടുപകരണങ്ങളും മറ്റും വില്‍ക്കുന്നതിനും വാങ്ങുന്നതിനും സഹായിച്ചിരുന്ന വെബ്സൈറ്റുകളിലെല്ലാം വീട്ടു സാധനങ്ങളുടെ വില്പന പരസ്യം ദിനംപ്രതി വര്‍ധിക്കുകയാണ്. മുന്‍ കാലങ്ങളില്‍ ഇത്തരം പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം വിറ്റു പോകാറുണ്ടെങ്കിലും ഇപ്പോള്‍ സാധനങ്ങളുടെ വില്പന നടക്കുന്നില്ല. ഇതുമൂലം പരസ്യങ്ങള്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അതേപടി നിലനില്‍ക്കുകയാണ്. വില്പനക്കെടുക്കാന് ആവശ്യക്കാരില്ലാത്തത് മനസിലാക്കി ആര്‍ക്കെങ്കിലും ഉപകാരപ്പെടട്ടെ എന്ന നിലയില്‍ സൗജന്യമായി നല്കാന് തയാറെന്ന പരസ്യങ്ങളും ഇത്തരം സൈറ്റുകളില്‍ കാണാം. എന്നാല്‍ അവക്കും വേണ്ടത്ര പ്രതികരണം ഇല്ലെന്നാണ് അറിയുന്നത്.
മുന്‍ കാലങ്ങളില്‍ വീട്ടുപകരണങ്ങള്‍ മൊത്തമായി എടുക്കുന്ന വ്യവസായികള്‍ യഥേഷ്ടം ഉണ്ടായിരുന്നു. ഇങ്ങനെ എടുക്കുന്ന സാധനങ്ങള്‍ പഴയ സാധനങ്ങളുടെ വിപണിയായ ഹറാജിലെത്തിച്ചാണ് ഇവര്‍ വില്പന നടത്തിയിരുന്നത്. ഇപ്പോള്‍ ഹറാജിലും ഇഷ്ടംപോലെ സാധനങ്ങള്‍ കെട്ടിക്കിടക്കുന്നതിനാല്‍ പഴയ സാധനങ്ങള്‍ വാങ്ങി മറിച്ചു കച്ചവടം നടത്തിയിരുന്നവര്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങിയിരിക്കുകയാണ്. ഹറാജ് വിപണിയില്‍ സാധനങ്ങളുടെ വിലയില്‍ ഗണ്യമായ ഇടിവും ഉണ്ടായിട്ടുണ്ട്. എ.സി, ഫ്രിഡ്ജ് പോലുള്ള സാധനങ്ങള്‍ എ.സി മെക്കാനിക്കുകള്‍ എടുത്തു സൂക്ഷിക്കാറുണ്ട്. ആവശ്യക്കാര്‍ക്ക് മറിച്ചു നല്‍കുന്നതിനായിരുന്നു. എന്നാല്‍ ആവശ്യക്കാര്‍ കുറഞ്ഞതോടെ പഴയ സാധനങ്ങള്‍ എടുക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു.
പഴയ കാര്‍ വിപണിയും നിര്‍ജീവമാണെന്ന് വര്‍ഷങ്ങളായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം സ്വദേശി പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ കാര്‍ മറിച്ചു വില്പനയുമായി ഒട്ടേറെ പേര് ഉപജീവനം കണ്ടിരുന്നുവെങ്കില്‍ വില്പന കുറഞ്ഞതോടെ പലരും രംഗം വിട്ടു. ചിലര്‍ നാട്ടിലേക്കും മറ്റു ചിലര്‍ മറ്റു മേഖലകളിലേക്കും തിരിഞ്ഞുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഫ്ളാറ്റുകളുടെ വാടക പത്തു മുതല്‍ 15 ശതമാനം വരെ കുറഞ്ഞുവെങ്കിലും ഒഴിഞ്ഞ ഫ്ളാറ്റുകള്‍ എടുക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്. നഗരങ്ങളിലാണ് ഇത് കൂടുതലായും ഉള്ളത്. റമദാന് കഴിയുന്നതോടെയും നടപ്പ് അധ്യയന വര്‍ഷം അവസാനിക്കുന്നതോടെയും ഫ്ളാറ്റുകള്‍ ഇനിയും ഒഴിയുമെന്നാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ളവര്‍ പറയുന്നത്. ഇത് ഫ്ളാറ്റുകളുടെ വാടക ഇനിയും കുറയാന്‍ ഇടയാക്കും. കുറഞ്ഞ ശമ്പളക്കാര്‍ക്ക് ഇത് ആശ്വാസകരമാണെങ്കിലും റിയല്‍ എസ്റ്റേറ്റ് മേഖലക്ക് തിരിച്ചടിയാണ്.
ആശ്രിത ലെവി മൂലം കുടുംബങ്ങള്‍ മാത്രമല്ല, സ്വകാര്യ മേഖലയിലെ തൊഴിലാളി ലെവി മൂലം ഒട്ടേറെ പേര് ജോലി നഷ്ടപ്പെട്ടും നാട്ടിലേക്കു മടങ്ങുന്നുണ്ട്. ഇതും പഴയ സാധനങ്ങളുടെ വില്പനയെയും, ഫ്ളാറ്റുകളുടെ വാടകയെയും ബാധിച്ചിട്ടുണ്ട്. സാമ്പത്തിക പരിഷ്കരണത്തെത്തുടര്‍ന്ന് വിപണിയില്‍ നിലനിന്നിരുന്ന മാന്ദ്യത്തിന് ഒന്നുകൂടി ശക്തി പകരുന്നതായി ലെവി. നഗരങ്ങളിലെ കടമുറികളും പലതും ഒഴിഞ്ഞു കിടക്കുകയാണ്. ബിസിനസ് രംഗത്തേക്ക് പുതിയതായി കടന്നുവരാന്‍ പലരും മടിക്കുന്നു. കച്ചവടം കുറഞ്ഞതിനെത്തുടര്‍ന്ന് നിലവില്‍ ഈ രംഗത്തുള്ളവര്‍ ഇടപാടുകള്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കിലും കടകള്‍ മറിച്ച് എടുക്കാന്‍ ആളില്ലാത്തതിനാല്‍ പ്രയാസത്തിലാണ്. പുതിയ ചരക്കുകള്‍ എടുക്കാതെ നിലവിലെ സ്റ്റോക്ക് വിറ്റഴിച്ച് കടകള്‍ ഒഴിവാക്കാമെന്ന നിലയില്‍ ബിസിനസ് ഉന്തിയുരുട്ടി കൊണ്ടുപോകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. സാധനങ്ങള്‍ കടകളിലെത്തിച്ച് ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്ന വാന്‍ സെയില്സ്മാന്മാരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. മലയാളികളാണ് ഈ രംഗത്ത് കൂടുതലും ഉണ്ടായിരുന്നത്. കച്ചവടം കുറഞ്ഞതും പ്രൊഫഷന് മാറി ജോലി ചെയ്താലുണ്ടാകാവുന്ന പ്രശ്നങ്ങളും കണക്കിലെടുത്താണ് പലരും ഈ രംഗത്തോട് വിട പറഞ്ഞത്.
രാജ്യത്ത് 1.3 കോടിയിലേറെ വിദേശികളാണുള്ളത്. ഇതില്‍ 1.1 കോടിയിലേറെ പേര് തൊഴില്‍ വിസയിലെത്തിയിട്ടുള്ളവരും അവശേഷിക്കുന്നവര്‍ ആശ്രിത വിസയില്‍ വന്നവരുമാണ്. ആശ്രിത വിസയിലുള്ള പതിനായിരങ്ങള്‍ ഇതിനകം രാജ്യം വിട്ടു. വരും ദിവസങ്ങളില്‍ ഇവരുടെ എണ്ണം കൂടുമെന്നാണ് തൊഴില്‍ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.