റിയാദ്- സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സൗദി ബിൻ ലാദിൻ ഗ്രൂപ്പിന് ഭീമമായ സർക്കാർ സഹായം. ഏകദേശം 11 ബില്യൺ റിയാലിന്റെ സാമ്പത്തിക പാക്കേജാണ് അനുവദിച്ചതെന്ന് സൗദി ധനകാര്യ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഈ തുക ഉപയോഗിച്ച് കമ്പനിക്ക് തൊഴിലാളികളുടെ മുടങ്ങിക്കിടക്കുന്ന വേതനവും ആനുകൂല്യങ്ങളും വിതരണം ചെയ്യാനും ബാങ്ക് വായ്പ അടച്ചുതീർക്കാനും സാധിക്കുമെന്ന് കമ്പനി വക്താവ് പറഞ്ഞു. പകരം സർക്കാർ പദ്ധതികൾ പൂർത്തീകരിക്കുന്നതിന് കമ്പനി പ്രഥമ പരിഗണന നൽകും. ബിൻ ലാദിൻ ഗ്രൂപ്പിന്റെ കൈവശമുള്ള വൻതോതിലുള്ള ഭൂമി ഈടായി സ്വീകരിച്ച് ഭാവിയിൽ ആവശ്യമെങ്കിൽ സർക്കാർ കൂടുതൽ വായ്പ അനുവദിച്ചേക്കും. കഴിഞ്ഞ നവംബറിൽ നടന്ന അഴിമതി വിരുദ്ധ പോരാട്ടത്തിൽ അഴിക്കുള്ളിലായ കമ്പനി മേധാവികളെ മോചിപ്പിക്കുന്നതിന് ഉണ്ടാക്കിയ ധാരണ പ്രകാരം സർക്കാരിന് കമ്പനിയിൽ 35 ശതമാനം ഓഹരിയുണ്ട്.