ന്യൂദൽഹി- ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പേരിൽ പിരിച്ചെടുത്ത 13 കോടി രൂപ ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് സാമൂഹിക പ്രവർത്തകയും നർമദാ ബച്ചാവോ പ്രസ്ഥാനത്തിന്റെ സ്ഥാപകയുമായ മേധാ പട്കറിനും മറ്റ് 11 പേർക്കുമെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തു. നർമദ നവനിർമാൺ അഭിയാൻ ട്രസ്റ്റ് പിരിച്ചെടുക്കുന്ന പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പിയുടെ വിദ്യാർഥി വിഭാഗമായ എ.ബി.വി.പിയുടെ പ്രവർത്തക പ്രീതം രാജ് ബഡോലെയാണ് പരാതി നൽകിയത്. ബർവാനി ജില്ലയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420 പ്രകാരമാണ് കേസ്.
നർമദ നവനിർമാൺ അഭിയാൻ ട്രസ്റ്റിന്റെ ട്രസ്റ്റിയാണ് പട്കർ. മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും ആദിവാസി കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി റസിഡൻഷ്യൽ ലിവിംഗ് സ്‌കൂളുകൾ നൽകാനും പ്രവർത്തിക്കുന്ന മേധാ പട്കർ സാമൂഹിക പ്രവർത്തകയായി ആൾമാറാട്ടം നടത്തി ആളുകളെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിയിലുണ്ട്.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ നിരസിച്ച മേധ പട്കർ, പോലീസിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകുമെന്നും അവർ അറിയിച്ചു.