Sorry, you need to enable JavaScript to visit this website.

വിംബിൾഡൺ: പരിക്ക്: നദാൽ സെമി കളിക്കാനില്ല

ലണ്ടൻ- ഇന്ന് നടക്കുന്ന വിംബിൾഡൺ സെമിയിൽ ഇതിഹാസ താരം റഫായേൽ നദാൽ മത്സരിക്കില്ല. പരിക്കിനെ തുടർന്ന് മത്സരത്തിൽനിന്ന് പിൻമാറുകയാണെന്ന് താരം അറിയിച്ചു. ഓസ്‌ട്രേലിയയുടെ നിക്ക് കിർഗിയോസിനെയാണ് നദാലിന് സെമിയിൽ നേരിടാനുണ്ടായിരുന്നത്. എന്നാൽ പരിക്ക് പൂർണമായും ഭേദമായിട്ടില്ലെന്നും മത്സരത്തിൽനിന്ന് പിൻവാങ്ങുകയാണെന്നും നദാൽ അറിയിച്ചു. വയറിനേറ്റ പരിക്കാണ് പിൻവാങ്ങാൻ കാരണം. ഈ വേദനയുമായി രണ്ട് മത്സരങ്ങൾ ജയിക്കുന്നത് എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. രണ്ട് മൂന്ന് മാസത്തേക്ക് സ്‌പോർട്‌സിൽ നിന്ന് വിട്ടുനിൽക്കാൻ എനിക്ക് കഴിയില്ല. ട്രോഫി നേടുന്നതിനേക്കാൾ എനിക്കേറ്റവും പ്രധാനപ്പെട്ട കാര്യം സന്തോഷമാണ്. മത്സരത്തിൽനിന്ന് പിൻവാങ്ങുന്നതിൽ ഞാൻ വളരെ ദുഃഖിതനാണ്-നദാൽ പറഞ്ഞു. മത്സരത്തിൽ പങ്കെടുക്കാനാകുമോ എന്ന കാര്യത്തിൽ നദാലിന് നേരത്തെ തന്നെ ആശങ്കയുണ്ടായിരുന്നു. ചിലിയുടെ ക്രിസ്റ്റ്യൻ ഗാരിനെ 6-4, 6-3, 7-6 (7/5) സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയൻ താരം കിർഗിയോസ് സെമിയിൽ എത്തിയത്. 2008 ലെയും 2010 ലെയും ചാമ്പ്യനായ നദാൽ, അപൂർവ കലണ്ടർ ഗ്രാൻഡ്സ്ലാമിന്റെ മൂന്നാം പാദം ലക്ഷ്യമിട്ടാണ് എത്തിയത്. എന്നാൽ ടൂർണമെന്റിലെ ഇനിയുള്ള തന്റെ പങ്കാളിത്തത്തെക്കുറിച്ച് ഉറപ്പില്ലെന്ന് മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ തന്നെ നദാൽ പറഞ്ഞു.
'എനിക്ക് നിങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാൻ കഴിയില്ല, കാരണം ഞാൻ നിങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകുകയും നാളെ മറ്റൊരു കാര്യം സംഭവിക്കുകയും ചെയ്താൽ ഞാൻ ഒരു നുണയനാകും' എന്നായിരുന്നു 36 കാരനായ നദാൽ നേരത്തെ പറഞ്ഞത്. 
ഓൾ ഇംഗ്ലണ്ട് ക്ലബിൽ കളിക്കണമോ എന്ന് തീരുമാനിക്കുന്നതിനുള്ള മെഡിക്കൽ പരിശോധനകൾ നദാൽ നടത്തിയിരുന്നു. വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ ഫ്രിറ്റ്‌സിനെതിരായ മത്സരം മതിയാക്കി പുറത്തുപോകാൻ തന്റെ പിതാവും സഹോദരിയും ആംഗ്യം കാണിച്ചതായി സമ്മതിച്ച താരം പോരാട്ടം ഇടയ്ക്ക് വെച്ച് മതിയാക്കുന്നത് തനിക്ക് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. ഞാൻ യുദ്ധം ചെയ്തു. പോരാട്ട മനോഭാവത്തെക്കുറിച്ചും അത്തരം സാഹചര്യങ്ങളിൽ മത്സരിക്കാൻ കഴിഞ്ഞതിലും അഭിമാനിക്കുന്നുവെന്നും നദാൽ പറഞ്ഞു.
ലോക റാങ്കിംഗിൽ 40-ാം സ്ഥാനത്തുള്ള കിർഗിയോസ് മികച്ച ഫോമിലാണ്. നദാലും കിർഗിയോസും നേരിട്ട് ഏറ്റുമുട്ടിയതിൽ ആറിലും കിർഗിയോസിനായിരുന്നു ജയം. മൂന്നു തവണ നദാൽ വിജയിച്ചു. 
ക്രിസ്ത്യൻ ഗാരിനെ നേരിട്ടുള്ള മൂന്നു സെറ്റുകൾക്ക് തോൽപിച്ചാണ് കിർഗിയോസ് സെമിയിൽ എത്തുന്നത്. നദാലുമായുള്ള മത്സരം നടക്കുകയാണെങ്കിൽ അത് ഐതിഹാസികമായിരിക്കും എന്നാണ് ടെന്നീസ് ലോകത്തിന്റെ വിലയിരുത്തൽ. 

ടെന്നീസ് കോർട്ടിൽ അധികമൊന്നും കണ്ടു പരിചയമില്ലാത്ത പോരാട്ടമികവ് പുറത്തെടുത്താണ് റഫായേൽ നദാൽ വിംബിൾഡൺ സെമിയിൽ പ്രവേശിച്ചത്. വയറിനേറ്റ കടുത്ത പരിക്ക് അവഗണിച്ചായിരുന്നു സ്പാനിഷ് താരം വിംബിൾഡണിലെ ക്വാർട്ടർ പോരാട്ടത്തിന് ഇറങ്ങിയത്. പരിക്ക് മാറാതെ മത്സരത്തിന് ഇറങ്ങുന്നതിൽ കുടുംബത്തിൽനിന്നടക്കം കടുത്ത എതിർപ്പുണ്ടായിട്ടും വിട്ടുകൊടുക്കാൻ നദാൽ തയാറായിരുന്നില്ല. അമേരിക്കൻ താരവും 11-ാം സീഡും ആയ ടെയിലർ ഫ്രിറ്റ്‌സിനെയാണ് നാലു മണിക്കൂറും 23 മിനിറ്റും നീണ്ട അഞ്ചു സെറ്റ് പോരാട്ടത്തിനൊടുവിൽ രണ്ടാം സീഡ് ആയ നദാൽ തോൽപിച്ചത്. മത്സരത്തിൽ മികച്ച തുടക്കം ലഭിച്ച നദാൽ ആദ്യം തന്നെ അമേരിക്കൻ താരത്തെ തടഞ്ഞു. എന്നാൽ തിരിച്ചടിച്ച അമേരിക്കൻ താരം രണ്ടു തവണ നദാലിനെ ബ്രേക്ക് ചെയ്തു സെറ്റ് 6-3 നു നേടി. രണ്ടാം സെറ്റിലും ഫ്രിറ്റ്‌സിന് തന്നെയായിരുന്നു ആധിപത്യം. ഇതിനിടെ വീണ്ടും വയറുവേദന വന്ന നദാൽ മെഡിക്കൽ സഹായം തേടി. മത്സരത്തിൽനിന്ന് പിൻമാറാൻ കുടുംബം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇത് താരം അവഗണിച്ചു. തിരിച്ചു കോർട്ടിൽ എത്തിയ നദാൽ ബ്രേക്ക് തിരിച്ചുപിടിച്ചു. ഈ സെറ്റ് 7-5 ന് നദാൽ സ്വന്തമാക്കി. തിരിച്ചുവരവിന്റെ സൂചന ആരാധകർക്ക് താരം നൽകി. മൂന്നാം സെറ്റിന്റെ തുടക്കത്തിലും പക്ഷെ ഫ്രിറ്റ്‌സ് തന്നെയാണ് മികച്ചുനിന്നത്. നദാലിന്റെ സർവീസ് ബ്രേക്ക് ചെയ്ത് താരം മുൻതൂക്കം നേടി. 6-3 നു സെറ്റ് നേടിയ ഫ്രിറ്റ്‌സ് മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. നാലാം സെറ്റിൽ തുടക്കത്തിൽ സർവീസ് നിലനിർത്താൻ ഇരു താരങ്ങളും ബുദ്ധിമുട്ടി. ഫ്രിറ്റ്‌സിന്റെ സർവീസ് നദാൽ ബ്രേക്ക് ചെയ്‌തെങ്കിലും നദാലിന്റെ തൊട്ടടുത്ത സർവീസ് േ്രബക്ക് ചെയ്തു ഫ്രിറ്റ്‌സ് തിരിച്ചടിച്ചു. എന്നാൽ ഒരിക്കൽ കൂടി അമേരിക്കൻ താരത്തിന്റെ സർവീസ് നദാൽ ബ്രേക്ക് ചെയ്തു. പിന്നീട് ഒരിക്കൽ കൂടി നദാലിന്റെ സർവീസ് ഫ്രിറ്റ്‌സ് ഭേദിച്ചു. നാലാം സെറ്റിലെ അവസാന സർവീസ് ബ്രേക്ക് ചെയ്തു സെറ്റ് 7-5 നു സ്വന്തം പേരിൽ കുറിച്ച് മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. 
അഞ്ചാം സെറ്റിലും ഫ്രിറ്റ്‌സ് നദാലിനെ തകർക്കുന്ന കാഴ്ചയായിരുന്നു. നദാൽ സെറ്റ് നേടും എന്ന ഘട്ടത്തിൽനിന്ന് മത്സരം കടുത്ത നിലയിലേക്ക് മാറി. നദാലിന്റെ സർവീസ് ഫ്രിറ്റ്‌സ് ബ്രേക്ക് ചെയ്തതോടെ മത്സരം സൂപ്പർ ടൈംബ്രേക്കറിലേക്ക് മാറി. സൂപ്പർ ടൈംബ്രൈക്കറിൽ അവിശ്വസനീയ തുടക്കം ആണ് നദാലിന് ലഭിച്ചത്. അമേരിക്കൻ താരത്തിന് ഒരവസരവും നൽകാതെ നദാൽ 5-0 നു മുന്നിൽ എത്തി. തുടർന്നും ഫ്രിറ്റ്‌സ് പോരാടിയെങ്കിലും നദാൽ അവിസ്മരണീയ ജയം സ്വന്തമാക്കി. നദാലിന് ഇത് എട്ടാം വിംബിൾഡൺ സെമിഫൈനലും 38-ാംമത്തെ ഗ്രാന്റ് സ്ലാം സെമിഫൈനലും ആണ്. ജയിച്ചിരുന്നെങ്കിൽ ഫ്രിറ്റ്‌സിന് തന്റെ ആദ്യ ഗ്രാൻഡ്സ്ലാം സെമിയാകുമായിരുന്നു. 

Latest News