Sorry, you need to enable JavaScript to visit this website.

വെൽഫെയർ പാർട്ടി എയർപോർട്ട് മാർച്ചിൽ പ്രതിഷേധമിരമ്പി; പോലീസ് ലാത്തിച്ചാർജിൽ ഒമ്പത് പേർക്ക് പരിക്ക്

കൊണ്ടോട്ടി - രാജ്യത്തെ ജനങ്ങൾക്ക് സുരക്ഷ ഒരുക്കേണ്ട ഭരണകൂടം പ്രവാചക നിന്ദക്കെതിരെ നടന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തി കൊണ്ട് പൊതുസമൂഹത്തോട് യുദ്ധ പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. പ്രവാചക നിന്ദക്കെതിരെ രാജ്യത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരെ കൊന്നുതള്ളിയും അറസ്റ്റ് ചെയ്തും ഭയപ്പെടുത്താൻ ശ്രമിക്കുന്ന ഭരണകൂടത്തിനെതിരെ കോഴിക്കോട് എയർപോർട്ടിലേക്ക് വെൽഫെയർ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ജനങ്ങൾ ആർഎസ്എസ് അധികാരത്തിലേറിയത് മുതൽ ഭയാശങ്കയിലാണ് ജീവിക്കുന്നത്. ആർഎസ്എസ്സുകാർ അല്ലാത്ത എല്ലാ ജനവിഭാഗങ്ങളെയും ശത്രുതാ മനോഭാവത്തോടെയും വൈരാഗ്യബുദ്ധിയോടെയുമാണ് ഭരണകൂടം സമീപിക്കുന്നത്. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ച വെൽഫെയർ പാർട്ടി ദേശീയ പ്രവർത്തക സമിതി അംഗം ജാവേദ് മുഹമ്മദിന്റെയും മകൾ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെയും വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത  പ്രതികാര നടപടി ഇതിന്റെ തുടർച്ചയാണ്. സാങ്കേതിക ചട്ടങ്ങൾ ഒന്നുംതന്നെ പാലിക്കാതെയാണ് യുപിയിൽ യോഗി സർക്കാർ ജാവേദ് അഹമ്മദിന്റെ വീട് പൊളിച്ചു നീക്കിയത്. മുസ്‌ലിം സമൂഹത്തെ പൗരത്വ നിഷേധത്തിലൂടെ ഇല്ലാതാക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ ഹിന്ദുത്വ സർക്കാർ സാമ്പത്തികമായും സാമൂഹികമായും അവരെ തകർക്കാനുള്ള പുതിയ ഗൂഢാലോചനയുടെ ഭാഗമായി തയ്യാറാക്കിയ വംശീയ പദ്ധതിയാണ് ബുൾഡോസർ രാജ്. വംശീയ ഉന്മൂലനം ലക്ഷ്യംവെച്ച് ഹിന്ദുത്വ ഭരണകൂടം നടത്തുന്ന ബുൾഡോസർ രാജിനെ സ്വാഗതം ചെയ്യുന്ന നടപടിയാണ് കേരളത്തിൽ പിണറായി പോലീസും സ്വീകരിക്കുന്നത്. 

എയർപോർട്ടിലേക്ക് നടന്ന മാർച്ചിനുനേരെ പോലീസ് ലാത്തി വീശുകയും അതിക്രൂരമായ രീതിയിൽ പ്രതിഷേധക്കാരെ മർദ്ദിക്കുകയും ചെയ്തു. ഒമ്പതിലധികം പ്രവർത്തകർക്ക്  സാരമായ പരിക്കേറ്റു.

നീതി നിഷേധിക്കപ്പെടുന്ന സന്ദർഭങ്ങളിൽ തെരുവിൽ പ്രതിഷേധവുമായി ഇറങ്ങിത്തിരിക്കുന്നവരുടെ വീട് തകർത്തുകൊണ്ട് അനാഥരാക്കി കൊന്നുകളയാമെന്നാണ് ഹിന്ദുത്വ സർക്കാർ വിചാരിക്കുന്നത്. ആർഎസ്എസിന് വഴങ്ങാത്ത എല്ലാം ജനവിഭാഗങ്ങളെയും ഭയപ്പെടുത്തിയും സാമൂഹികമായി തകർത്തും അടിമകളാക്കി മാറ്റാണ് ഭരണകൂടം ആഗ്രഹിക്കുന്നത്. ഭരണഘടനയെ ഉപയോഗപ്പെടുത്തി അധികാരത്തിലേറുകയും ശേഷം ഭരണഘടനാ അട്ടിമറിയിലൂടെ ഏകാധിപത്യത്തെ ശക്തിപ്പെടുത്താനാണ് ഇന്ത്യയിലെ സംഘ്പരിവാർ ഭരണകൂടം  ശ്രമിക്കുന്നത്. പ്രവാചകനിന്ദയിലൂടെ ഇന്ത്യ ലോകത്ത് അപമാനിക്കപ്പെട്ടിരിക്കുകയാണ്. എന്നാൽ പ്രവാചകനിന്ദ നടത്തിയ നുപുർ ശർമയെയും നവീൻ ജിൻഡാലിനെയും അറസ്റ്റ് ചെയ്യുന്നതിനു പകരം നീതി നിഷേധിക്കപ്പെട്ട പ്രതിഷേധക്കാരെ ആക്രമിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. കഴിഞ്ഞ ദിവസം റാഞ്ചിയിൽ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ച രണ്ടു ചെറുപ്പക്കാരെ പോലീസ് നിഷ്ഠുരമായി വെടിവെച്ചുകൊന്നു. പ്രതിഷേധത്തിന്റെ ഭാഗമായി യുപിയിലും മറ്റു സംസ്ഥാനങ്ങളുമായി 400 ൽ പരം പ്രതിഷേധക്കാരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇത്തരത്തിൽ ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തി മുന്നോട്ടു പോകുന്ന കേന്ദ്ര  സംസ്ഥാന ഭരണകൂടങ്ങൾക്കെതിരെ ശക്തമായ ജനാധിപത്യ പോരാട്ടങ്ങൾ രൂപപ്പെട്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറി അയിഷ റന്ന, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി.കെ.എസ്. അബ്ദുറഹ്മാൻ തുടങ്ങിയവർ മാർച്ചിനെ അഭിസംബോധന ചെയ്തു. കെ.എ ഷഫീഖ്, ജ്യോതിവാസ് പറവൂർ, ഇ.സി ആയിശ, ജബീന ഇർഷാദ്, കെ.കെ അഷ്‌റഫ്, മുനീബ് കാരക്കുന്ന്, അസ്‌ലം ചെറുവാടി എന്നിവർ മാർച്ചിന് ആശംസകളർപ്പിച്ച് സംസാരിച്ചു. 

കൊളത്തൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം നുഹ്മാൻ ജംഗ്ഷനിൽ പൊലീസ് തടഞ്ഞു. കൃഷ്‌നൻ കുനിയിൽ, മുജീബ്‌റഹ്മാൻ എസ്, സാദിഖ് ഉളിയിൽ, എ.പി വേലായുധൻ, സുബൈദ കക്കോടി, എം കെ അസ്‌ലം, സദഖത്ത് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. പ്രതിഷേധ മാർച്ചിനു നേരെ പൊലീസ് ലാത്തി വീശുകയും സംസ്ഥാന സമിതി അംഗം സഫീർ ഷാ ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. സാരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടുന്ന പ്രവർത്തകരെ സംസ്ഥാന  ജില്ലാ നേതാക്കൾ സന്ദർശിച്ചു.
 

Latest News