Sorry, you need to enable JavaScript to visit this website.

ചോദ്യപേപ്പർ ചോർച്ച:  വിദ്യാർഥികളുടെ  ഭാവി തകർക്കരുത്

ഏറെക്കാലത്തെ തയാറെടുപ്പുകളുടെയും പരിശ്രമങ്ങളുടെയുമൊക്കെ ഫലമായി ഭാവി നിർണയിക്കുന്ന പരീക്ഷകൾ എഴുതി സ്വസ്ഥമാകാൻ ആഗ്രഹിച്ച വിദ്യാർഥി സമൂഹത്തിന്റെ മനസ്സിൽ ഈയിടെയുണ്ടായ ചോദ്യപേപ്പർ ചോർച്ച വലിയ ആഘാതമാണ് സൃഷ്ടിച്ചത്.
സി ബി എസ് ഇ 10, 12 ക്ലാസ് പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്ന സംഭവം രാജ്യത്ത് വൻ പ്രതിഷേധത്തിന് ഇടയാക്കി. പരീക്ഷയെഴുതിയ 11 ലക്ഷം വിദ്യാർഥികളെ അമ്പരപ്പിച്ചുകൊണ്ടാണ് ഈ സംഭവം അരങ്ങേറിയിട്ടുള്ളത്. 
പരീക്ഷാ നടത്തിപ്പിന്റെ കാര്യത്തിൽ സി ബിഎസ്ഇക്കും വിദ്യാഭ്യാസ വകുപ്പിനും നേരിട്ട പരാജയത്തെ വളരെ ഗൗരവത്തോടെ സമീപിക്കണം. 
പ്രധാനമന്ത്രി ഇക്കാര്യത്തിൽ പ്രകടിപ്പിച്ച വികാരം ആത്മാർഥതയുള്ളതാണോ എന്ന കാര്യത്തിൽ സംശയിക്കേണ്ടിയിരിക്കുന്നു. മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം സി ബി എസ് ഇയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും ആരോപണങ്ങളും പരിശോധിക്കുമ്പോൾ ഈ സംശയം ഉന്നയിക്കാതെ തരമില്ല. വിദ്യാഭ്യാസ രംഗത്ത് നടമാടിയ പല അഴിമതി ആരോപണങ്ങളിലും തൃപ്തികരമായ നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. കോളിളക്കം സൃഷ്ടിച്ച വ്യാപം കുംഭകോണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായവരെ ശിക്ഷിക്കാൻ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. മധ്യപ്രദേശിലെ മെഡിക്കൽ പ്രൊഫഷണൽ രംഗത്തെ നിയമനങ്ങളിൽ വ്യാപകമായ അഴിമതി നടന്നതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ തികച്ചും ജനാധിപത്യ വിരുദ്ധമായിരുന്നു. അഴിമതി വെളിച്ചത്തു കൊണ്ടുവന്നവരടക്കം 32 പേർ കൊല്ലപ്പെട്ടു, പത്രപ്രവർത്തകനടക്കം. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾ പ്രാദേശിക ഭാഷാസ്‌നേഹികളെ ക്ഷുഭിതരാക്കുക മാത്രമല്ല, അത്തരം വിദ്യാർഥികൾക്ക് മത്സര പരീക്ഷകളിൽ പിന്തള്ളപ്പെടേണ്ട അവസ്ഥ പോലും ഉണ്ടാക്കി. 2017 ലെ ക്ലാസ് 12 പരീക്ഷകളിലുണ്ടായ ക്രമക്കേടുകൾ പരിഹരിക്കാൻ സിബിഎസ്ഇക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മാർക്കിൽ മോഡറേഷൻ നൽകുന്നത് സംബന്ധിച്ച് സിബിഎസ്ഇ പുറപ്പെടുവിച്ച പുതിയ ഉത്തരവ് നിരവധി വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി. മോഡറേഷൻ അനുവദിച്ചുകൊണ്ടിരുന്ന സമ്പ്രദായത്തിന് ഒരു സുപ്രഭാതത്തിൽ അറുതി വരുത്തിയതോടെ പ്രൊഫഷണൽ കോഴ്‌സുകളിലേയ്ക്കും മറ്റു ഉന്നത കോഴ്‌സുകളിലേയ്ക്കും പ്രവേശനം പ്രതീക്ഷിച്ചിരുന്ന ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് തകിടം മറിക്കപ്പെട്ടത്. എൻസിഇആർടി പുസ്തകങ്ങളുടെ ഉള്ളടക്കത്തിന്മേൽ വർഗീയ നിയന്ത്രണം വരുത്താനുള്ള ശ്രമങ്ങൾ ഏറെ വിമർശനത്തിന് വിധേയമാവുകയുണ്ടായി. വിവാദങ്ങൾ ഒന്നൊന്നായി ഉയർന്ന സാഹചര്യത്തിലാണ് കാലാവധി പൂർത്തിയാക്കാൻ നാലു വർഷം അവശേഷിക്കേ ആദ്യത്തെ സിബിഎസ്ഇ അധ്യക്ഷനെ മാറ്റാൻ മോഡി സർക്കാർ നിർബന്ധിതരായത്. മോഡി ഭരണത്തിൽ രാജ്യത്തെ ഏറ്റവും സുപ്രധാനമായ പരീക്ഷാ നടത്തിപ്പ് കേന്ദ്രം അതിന് മുമ്പ് രണ്ട് വർഷത്തോളം നാഥനില്ലാക്കളരിയായിരുന്നു. പരീക്ഷാ ക്രമക്കേടുകൾ മൂലവും സമയത്ത് പരീക്ഷകൾ നടക്കാത്തതു മൂലവും ഉപരിപഠനം മുടങ്ങിയ വിദ്യാർഥികളും രക്ഷിതാക്കളും രാജ്യവ്യാപകമായി പരാതിപ്പെടാനും പ്രതിഷേധിക്കാനും തയ്യാറായി. മോഡറേഷൻ നടപ്പിലാക്കണമെന്ന ദൽഹി ഹൈക്കോടതി വിധി നിലനിൽക്കുമ്പോൾ രാജ്യത്തെ മൊത്തം സ്‌കൂളുകളും എന്ത് സമീപനമാണ് സ്വീകരിക്കേണ്ടതെന്നത് സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഇക്കാര്യത്തിൽ വ്യക്തമായ ചിത്രം ഇപ്പോഴുമില്ല.
ഇത്തവണത്തെ ചോദ്യപേപ്പർ ചോർച്ചയുടെ കാര്യത്തിൽ സിബിഎസ്ഇ അധികൃതരുടെ സമീപനവും ഏറ്റവും നിരുത്തരവാദപരമായിരുന്നു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് അക്കൗണ്ടൻസി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന വാർത്തയാണ് ആദ്യം പുറത്തു വന്നത്. ഇക്കാര്യം ദൽഹി വിദ്യാഭ്യാസ മന്ത്രി സ്ഥിരീകരിച്ചെങ്കിലും സിബിഎസ്ഇ അധികൃതർ ഇത് പാടേ നിരാകരിച്ചു. പരീക്ഷയുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമമാണെന്നു പോലും ആരോപിച്ചു. എന്നാൽ പിന്നീട് പന്ത്രണ്ടാം ക്ലാസിന്റെ സാമ്പത്തിക ശാസ്ത്രം പത്താം ക്ലാസിന്റെ കണക്ക് എന്നീ വിഷയങ്ങളിലെ ചോദ്യപേപ്പർ ചോർന്ന വാർത്ത സ്ഥിരീകരിക്കപ്പെടുകയുണ്ടായി. റദ്ദാക്കിയ പരീക്ഷ എന്ന് നടത്തുമെന്നതിനെക്കുറിച്ച് ഒരു തീരുമാനവും ഉണ്ടായിട്ടുമില്ല.
പേപ്പർ ചോർച്ചയുമായി ദൽഹിയിലെ ചില കോച്ചിങ് കേന്ദ്രങ്ങളെ ബലിയാടാക്കാനുള്ള നീക്കമാണിപ്പോൾ നടക്കുന്നത്. സിബിഎസ്ഇ ഉദ്യോഗസ്ഥരെ ഒഴിവാക്കിക്കൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നതെങ്കിൽ ഇക്കാര്യത്തിൽ നീതി ഉറപ്പാക്കാനാകുമെന്ന് തോന്നുന്നില്ല. കെടുകാര്യസ്ഥതയും അഴിമതിയും പിന്തിരിപ്പൻ വീക്ഷണവുമാണ് തങ്ങളുടെ മുഖമുദ്രയെന്ന് പല ആവർത്തി ഇതിനകം ബോധ്യപ്പെടുത്തിയ സിബിഎസ്ഇയെ വെള്ളപൂശാനുള്ള മോഡി സർക്കാർ നീക്കം അപകടകരമാണ്. 
ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയിൽ രാജ്യം ഉൽക്കണ്ഠപ്പെട്ടേ മതിയാകൂ.പരീക്ഷ കഴിഞ്ഞ് കുട്ടികളോടൊപ്പം വിശ്രമ യാത്രകൾക്ക് പോകാൻ ഒരുങ്ങിയ രക്ഷിതാക്കൾ ചോദ്യപേപ്പർ ചോർച്ചയോടെ അനിശ്ചിതത്വത്തിലായി. അതിനേക്കാൾ ഭീകരം ഉപരിപഠനമാഗ്രഹിക്കുന്ന കുട്ടികളുടെ ഭാവിയാണ്. 

 

Latest News