Sorry, you need to enable JavaScript to visit this website.

പ്രാക്ടീസിംഗ് മുസ്‌ലിമായതിനാൽ മാധ്യമങ്ങൾ വേട്ടയാടുന്നുവെന്ന് കെ.ടി. ജലീൽ

തിരുവനന്തപുരം- താൻ ഒരു പ്രാക്ടീസിംഗ് മുസ്‌ലിമായതിനാൽ ചിലരുടെ കണ്ണിലെ കരടാണെന്നും തന്നെ മാധ്യമങ്ങൾ വേട്ടയാടുകയായിരുന്നുവെന്നും മുൻ മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ചില മാധ്യമങ്ങൾക്ക് ഇസ് ലാമോഫോബിയയാണെന്ന് ജലീൽ പത്രസമ്മേളനത്തിൽ ആരോപിച്ചു. 
കേന്ദ്ര ഏജൻസികൾ തന്റെ പിറകെ നടന്നത് താൻ മലപ്പുറംകാരനല്ലെ, കാക്കയല്ലേ എന്തെങ്കിലും കിട്ടുമെന്ന ലക്ഷ്യം വെച്ചാണ്. ഇ.ഡിയെ ഉപയോഗിച്ച് ആർ.എസ്.എസും ബി.ജെ.പിയും പല ആളുകളെയും നിശ്ശബ്ദമാക്കുകയാണ്. 
1000 കൊല്ലം അന്വേഷിച്ചാലും തങ്ങൾക്കെതിരായി ഒന്നും കണ്ടെത്താൻ സാധിക്കില്ല. കേന്ദ്ര ഏജൻസികൾ അന്വേഷണം നീട്ടി തന്നെ പുകമറയിൽ നിർത്തുകയാണ്. പ്രതികൾ ആരെന്ന് വ്യക്തമാക്കാതെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാൻ അവസരം കൊടുക്കുകയാണ്. താൻ മതാചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് ജീവിക്കുന്ന മുസ്‌ലിമാണ്. അതാണ് ചിലരുടെ കണ്ണിലെ കരടാവാൻ കാരണം. അങ്ങനെ തന്നെ പോവാനാണ് താൽപര്യം. പ്രാക്ടീസിംഗ് ഇസ്‌ലാമിൽ നിന്നും മാറാൻ താൽപര്യമില്ല. കേന്ദ്ര ഏജൻസികൾ എന്തെങ്കിലും കിട്ടും എന്നു കരുതി കയറിയിറങ്ങിയിട്ടും ഒന്നും കിട്ടിയില്ല. ആർ.എസ്.എസിനും ബി.ജെ.പിക്കും കപ്പം കൊടുത്ത് ജീവിക്കാൻ താൽപര്യമില്ല. മാധ്യമങ്ങൾ തനിക്ക് പറയാനുള്ളതിന് പ്രാധാന്യം നൽകിയില്ല. 
സോളാർ കേസിലും ഇത് ബാധകമല്ലേ എന്ന ചോദ്യത്തിന് അതുപോലാണോ ഇതെന്നായിരുന്നു മറു ചോദ്യം. എല്ലാ കേസുകളിലും അന്വേഷണം പൂർത്തിയാക്കണമെന്നും ശിവശങ്കറിനെ ആരെങ്കിലും സംരക്ഷിക്കുന്നുവെങ്കിൽ അവരോട് ചോദിക്കണമെന്നും പറഞ്ഞ ജലീൽ മുഖ്യമന്ത്രി പിണറായി വിജയന് ബിരിയാണിയോട് അത്ര താൽപര്യമില്ല. തനിക്ക് ബിരിയാണി വലിയ ഇഷ്ടമാണ്. തന്റെ വീട്ടിലേക്കു കൊടുത്തയച്ചു എന്നു പറഞ്ഞാൽ ആളുകൾ കുറച്ചുകൂടി വിശ്വസിക്കുമായിരുന്നു. പറയുമ്പോൾ ആളുകൾ വിശ്വസിക്കുന്ന കളവു പറയണമെന്നും ജലീൽ ഓർമിപ്പിച്ചു. 


''മുഖ്യമന്ത്രിയുടെ വീട്ടിലേക്കു കൊടുത്തയച്ചു എന്ന് പറയുന്നതിലും ഭേദം എന്റെ വീട്ടിലേക്കു കൊടുത്തയച്ചു എന്ന് പറയുന്നതാണ്. കാരണം, എനിക്ക് ബിരിയാണി വലിയ ഇഷ്ടമാണ്. മുഖ്യമന്ത്രി ബിരിയാണി കഴിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹത്തിന് ബിരിയാണിയോട് അത്ര താൽപര്യമില്ല. പറയുമ്പോൾ ആളുകൾ വിശ്വസിക്കുന്ന രീതിയിൽ കളവ് പറയേണ്ടേ...''-ജലീൽ പറഞ്ഞു. യു.പി രജിസ്‌ട്രേഷനുള്ള വണ്ടിയിൽ, കേരളത്തിലെ ഏതെങ്കിലും ഒരു പാർട്ടിയുടെ നേതാവ് ഭീഷണിപ്പെടുത്താൻ വരുന്നു എങ്കിൽ അത് ഏത് പാർട്ടിയുടെ നേതാവാകും എന്ന് നമുക്കൊക്കെ അറിയാലോ? ആര് പറഞ്ഞയച്ചതാകും എന്ന് നമുക്ക് അറിയാമല്ലോ? അതിനെക്കുറിച്ചും പോലീസ് അന്വേഷിക്കണം. താൻ കൊടുത്ത കേസിന്റെ പരിധിയിൽ ഇതുകൂടി അന്വേഷിക്കട്ടെയെന്നും ജലീൽ കൂട്ടിച്ചേർത്തു.
 

Latest News