Sorry, you need to enable JavaScript to visit this website.

ജലീലിന്റെ പരാതിയിൽ സ്വപ്‌ന സുരേഷിനെതിരെ കേസെടുത്തു

തിരുവനന്തപുരം- നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് മുൻ മന്ത്രി കെ.ടി ജലീൽ നൽകിയ പരാതിയിൽ സ്വപ്‌ന സുരേഷിനെതിരെ പോലീസ് കേസെടുത്തു. കന്റോൺമെന്റ് പോലീസാണ് കേസ് എടുത്തത്. ഗൂഢാലോചന, കലാപശ്രമം എന്നിവ തടയുന്നതിനുള്ള വകുപ്പു പ്രകാരമാണ് കേസെടുത്തത്. 
തന്നെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്താനാണ് സ്വപ്‌ന സുരേഷ് ശ്രമിക്കുന്നത് എന്നാണ് ജലീൽ നൽകിയ പരാതിയിലുള്ളത്. നേരത്തെ നടത്തിയ ആരോപണങ്ങൾ വീണ്ടും മസാല പുരട്ടി അവതരിപ്പിക്കുകയാണ് സ്വപ്‌ന സുരേഷ് ചെയ്തതെന്നും ജലീൽ പരാതിയിൽ വ്യക്തമാക്കി. 
ആർ.എസ്.എസ്സിന്റെ ഭീഷണിക്ക് മുമ്പിൽ തലകുനിക്കാതെ നിൽക്കുന്ന കേരളത്തെ അപകീർത്തിപ്പെടുത്താൻ നടത്തിയ നാടകം പൊളിഞ്ഞു പാളീസായെന്ന് ജലീൽ ഫെയ്‌സ്ബുക്കിൽ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയേയും കുടുംബത്തെയും മഴവിൽ സഖ്യം വേട്ടയാടാൻ തുടങ്ങിയിട്ട് എത്ര കാലമായി. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഈ വിനീതന്റെയും ഒരു തുള്ളി ചോര നുണഞ്ഞ് കണ്ണടക്കാമെന്ന പൂതി ലോകാവസാനം വരെ നടക്കില്ല. അതിനു വെച്ച വെള്ളം കോലീബിക്കാരും വർഗീയ വാദികളും ഇറക്കി വെക്കുന്നതാണ് നല്ലത്. സമയ നഷ്ടവും ഇന്ധന നഷ്ടവും ഒഴിവാക്കാം.
ബി.ജെ.പി ഒത്താശയോടെ നടത്തപ്പെട്ട കോൺസുലേറ്റിലെ 'ബിരിയാണിപ്പൊതി' പ്രയോഗം ലീഗിനെ അപമാനിക്കാൻ ഉന്നം വെച്ചുള്ളതാണെന്ന് ലീഗിന്റെ പൊന്നാപുരം കോട്ടയായ താനൂരിൽ തോറ്റ് തുന്നം പാടിയ 'യുവ സിങ്കം' പറഞ്ഞതായി ഒരു കരക്കമ്പിയുണ്ട്. ബിരിയാണിച്ചെമ്പ് പൊട്ടിക്കും മുമ്പേ മുത്തലാഖ് ബില്ലിന്റെ കാര്യം മറന്ന് പറന്നെത്തിയ പാർട്ടിയുടെ അനുയായിയല്ലേ? അങ്ങിനെ ചിന്തിച്ചില്ലെങ്കിലല്ലേ അൽഭുതമുള്ളൂ.
പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാതലത്തിൽ എനിക്കെതിരെ വിധി കിട്ടാൻ യൂത്ത് ലീഗിന് മുന്നിൽ ഇനി ഒറ്റ വഴിയേ ഉള്ളൂ. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ സമീപിക്കുക. പത്ത് ദിവസം കൊണ്ട് ഹർജി ഫയലിൽ സ്വീകരിച്ച് വാദം പൂർത്തിയാക്കി കക്ഷിക്ക് നോട്ടീസ് പോലുമയക്കാതെ ഇച്ഛിച്ച വിധി കിട്ടും. വക്കീലായി പഴയ ആളെത്തന്നെ വെച്ചാൽ മതി. 'അതാ അതിന്റെ ഒരു ഇത്- ജലീൽ ഫെയ്‌സ്ബുക്കിൽ പറഞ്ഞു. 

Latest News