Sorry, you need to enable JavaScript to visit this website.

മഴ ചതിച്ചു, ഒളോറിന്റെ നാട്ടിൽ കടുത്ത നിരാശ

വടകര- മഴ എത്തിയത് ഒളോർ മാമ്പഴത്തിന് പ്രശസ്തി കേട്ട അരൂരിൽ നാട്ടുകാരിൽ കടുത്ത നിരാശക്ക് കാരണമായി. വിപണികളിൽ ഡിമാന്റ് കുറഞ്ഞതോടെ അരൂർ ഒളോർ മാങ്ങക്ക് വിലയിൽ വൻ ഇടിവാണുണ്ടായത്. സ്വാദിഷ്ടവും സമ്പുഷ്ടവുമായ അരൂർ ഒളോർ മാങ്ങക്ക് കേരളത്തിനകത്തും പുറത്തും ഡിമാന്റാണ്. തേനൂറുന്ന മധുരവും മനോഹാരിതയുമാണ് ഇതിന് കാരണം. പോഷക ഗുണമേറെയുള്ള അരൂർ ഒളോർ മാങ്ങക്ക് ഫൈബറിന്റെ അംശം ഏറെ കൂടുതലാണ്. അടുത്ത കാലത്തായി വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ പുറത്തും നല്ല ഡിമാന്റുള്ള മാങ്ങയാണിത്. ഏറെ തവണയായി വിദേശ രാജ്യങ്ങളിലേക്ക് വൻ തോതിൽ കയറ്റി പോയിരുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് അരൂരിൽ വിരുന്നെത്തിയ ഒളോർ മാങ്ങ. പിന്നീട് നാടിന് പ്രശസ്തി നേടി കൊടുക്കുകയായിരുന്നു. അഞ്ചു വർഷം കൊണ്ട് മാവ് പൂത്ത് മാങ്ങ ലഭിച്ചതോടെയാണ് സ്വാദിനെ കുറിച്ച് നാടറിയുന്നത്. ആറ് വർഷമെങ്കിലും സംരക്ഷിച്ചാൽ മതിയാകും. പിന്നെ വളർന്ന് കൊള്ളും. നൂറ് വർഷമെങ്കിലും ഒരു മാവ് നിലനിൽക്കും. ആദ്യ കാലത്ത് തലശ്ശേരി, കോഴിക്കോട് വിപണികളിൽ മാങ്ങ പഴുപ്പിച്ച് നാട്ടുകാരെത്തിക്കുകയായിരുന്നു. ഡിമാന്റ് മനസ്സിലാക്കിയ കച്ചവടക്കാർ അരൂരിൽ നേരിട്ടെത്തി മൊത്തമായി കർഷകരിൽ നിന്ന് വാങ്ങിത്തുടങ്ങി. നാട്ടുകാർക്ക് ഒരു സീസൺ വരുമാനം ലഭിക്കാൻ ഇത് കാരണമായി.
  ഇപ്പോൾ അരൂരിലെ ഏത് വീട്ടിലെത്തിയാലും ആദ്യം മുമ്പിലെത്തുന്നത് മാങ്ങയായിരിക്കും. ബന്ധു വീടുകളിലും സുഹൃത്തുക്കൾക്കും എത്തിക്കുന്നതും നാട്ടുകാർക്ക് ഇഷ്ടമുള്ള കാര്യമാണ്. ഇത്തവണ മാങ്ങ മൂപ്പെത്തുന്നതിനിടയിൽ മഴ പെയ്തത് മാങ്ങയുടെ ഭംഗി കുറക്കാൻ മാത്രമല്ല മാങ്ങ കേടാകാനും കാരണമായി. നല്ല വെയിൽ ലഭിക്കുമെന്ന പ്രതീക്ഷയിൽ മാങ്ങ പറിക്കാതെ കാത്തിരിക്കുകയാണ് പലരും. നാട്ടിലെ കച്ചവടക്കാർക്ക് പല ഭാഗങ്ങളിൽ നിന്നും ഓർഡർ ലഭിച്ചു വരുകയാണ്. രാസ പദാർത്ഥം ചേർക്കാത്ത മാങ്ങ ലഭിക്കുമെന്നതിനാലാണ് ആവശ്യക്കാർ നേരിട്ട് എത്തി വാങ്ങുന്നത്. നോമ്പ് കാലത്ത് കിലോക്ക് 130 രൂപ വരെ വിലയുണ്ടായിരുന്ന അരൂർ ഒളോറിന് 40 രൂപയാണ് ഇന്നലെ വില.
ഏറെ പ്രസിദ്ധമായ അരൂർ ഒളോർ മാങ്ങയെ ഭൗമ സൂചികാ പദവിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാരും ത്രിതല പഞ്ചായത്തുകളും. ഇതിന്റെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ ഇതിനകം നടന്നു കഴിഞ്ഞു.

Latest News