തിരുവനന്തപുരം-പൗരത്വ നിയമ ഭേദഗതിയില്‍ കേരളം മുന്‍പു സ്വീകരിച്ച നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നും ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ക്കു വിരുദ്ധമായി പൗരത്വം നിര്‍ണയിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുക എന്നതു രാജ്യത്തിനു ചേരുന്ന നടപടിയല്ല. പൗരത്വം മതാടിസ്ഥാനത്തില്‍ നിര്‍ണയിക്കേണ്ട ഒന്നല്ല. പൗരത്വ നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ല എന്നായിരുന്നു സംസ്ഥാനത്തിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ടു വലിയ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. കേന്ദ്രം നിലപാടെടുത്താല്‍ അതില്‍നിന്നു വ്യത്യസ്തമായ നിലപാടു സ്വീകരിക്കാന്‍ സംസ്ഥാനത്തിനാകുമോ എന്നായിരുന്നു ചോദ്യങ്ങള്‍. അവിടെയാണ് ബദലിന്റെ കാമ്പെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ക്കു വിരുദ്ധമായി പൗരത്വം നിര്‍ണയിക്കാന്‍ ആര്‍ക്കും അധികാരമില്ല. അത്തരം പ്രശ്നം ഉയര്‍ന്നുവരുമ്പോള്‍ ഭരണഘടനയാണ് ഉയര്‍ന്നു നില്‍ക്കുന്നത്. ഭരണഘടനയിലെ കാര്യങ്ങള്‍വച്ചാണു കേരളം നിലപാടെടുത്തത്. വീണ്ടും പലഘട്ടങ്ങളിലായി ഇത്തരം ഒരുപാടു പ്രഖ്യാപനങ്ങള്‍ ഉത്തരവാദപ്പെട്ട പലരില്‍നിന്നും പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു വന്നിട്ടുണ്ട്. ആ ഘട്ടങ്ങളിലെല്ലാം സംസ്ഥാനം സംസ്ഥാനത്തിന്റെ നിലപാടില്‍ ഉറച്ചു നില്ക്കുകയാണു ചെയ്തിട്ടുള്ളത്. ഇനിയും അതുതന്നെയാകും തുടരുക.
നമ്മുടെ രാജ്യത്ത് പലേടങ്ങളിലായി പലതരത്തിലുള്ള സര്‍വെകള്‍ നടക്കുകയാണ്. അത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഉതകുന്ന സര്‍വേകള്‍ കൂടിയാണ്. ചില ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള സര്‍വെകള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ റോഷി അഗസ്റ്റിന്, എ.കെ. ശശീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി. ശിവന്‍കുട്ടി, ജി.ആര്. അനില്‍, കെ. രാധാകൃഷ്ണന്, എം.വി. ഗോവിന്ദന് മാസ്റ്റര്‍, സജി ചെറിയാന്, വി.എന്‍. വാസവന്, പി. പ്രസാദ്, കെ.എന്‍. ബാലഗോപാല്‍, വീണാ ജോര്‍ജ്, പി. രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, പൊതുഭരണ വകുപ്പ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.