ന്യൂയോര്‍ക്ക്- യുഎന്‍ രക്ഷാ സമിതി പുതുക്കി പ്രസിദ്ധീകരിച്ച ഭീകരപ്പട്ടികയില്‍ മുംബൈ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം അടക്കം 139 പാക്കിസ്ഥാന്‍ ഭീകരര്‍ ഉള്‍പ്പെട്ടു. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരരും ഭീകര സംഘടനകളും ഉള്‍പ്പെടുന്ന പട്ടികയിലാണ് ദാവൂദും ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യ തിരയുന്ന ദാവൂദിന്റേത് പാക്കിസ്ഥാനി പാസ്‌പോര്‍ട്ടാണുള്ളതെന്നും കറാച്ചിയിലെ നൂര്‍ബാദില്‍ കൊട്ടാര സമാനമായ ബംഗ്ലാവ് സ്വന്തമായുണ്ടെന്നും യുഎന്‍ പറയുന്നു.
പുതിയ പട്ടികയിലും ഒന്നാം നമ്പര്‍ ഭീകരനായി ചേര്‍ത്തിട്ടുള്ളത് അല്‍ഖയ്ദ് നേതാവ് അയ്മന്‍ അല്‍ സവാഹിരിയാണ്. അഫ്ഗാനിസ്ഥാന്‍-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ഒളിത്താവളത്തിലാണ് സവാഹിരി കഴിയുന്നതെന്ന് യുഎന്‍ പറയുന്നു. കറാച്ചിയില്‍ വച്ച് അറസ്റ്റിലായ ഇപ്പോള്‍ യുഎസ് കസ്റ്റഡിയിലുള്ള യമനി പൗരന്‍ റംസി മുഹമ്മദ് ബിന്‍ അല്‍ ശെയ്ബയാണ് രണ്ടാം സ്ഥാനത്ത്. ജമാഅത്തുദ്ദഅവ സ്ഥാപകന്‍ ഹാഫിസ് സഈദ്, ലഷ്‌കറെ ത്വയ്ബ ഭീകരര്‍ അടക്കം നിരവധി ഭീകരര്‍ പട്ടികയില്‍ ഇടം നേടി.