Sorry, you need to enable JavaScript to visit this website.

എം.പിമാര്‍ക്കു പെന്‍ഷന്‍ ലഭിക്കുന്നതിന് കര്‍ശന വ്യവസ്ഥകള്‍

ന്യൂദല്‍ഹി- രാജ്യസഭ, ലോക്‌സഭ മുന്‍ എം.പിമാര്‍ക്കു പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. മുന്‍ എം.പിമാര്‍ക്ക് മറ്റു ജനപ്രതിനിധികളുടെ പദവിയോ, സര്‍ക്കാര്‍ പദവികള്‍ വഹിച്ച് അതിന്റെ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റി ഒപ്പം എം.പി പെന്‍ഷനും വാങ്ങാന്‍ ഇനി കഴിയില്ല. പുതുക്കിയ വ്യവസ്ഥകളും അപേക്ഷാ രീതികളും ഉള്‍പ്പടെ വിജ്ഞാപനം ചെയ്തു.
രാജ്യസഭയിലോ ലോക്‌സഭയിലോ എം.പി ആയിരുന്നതിന് ശേഷം രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ ആയിരുന്നവര്‍ക്ക് മുന്‍ എം.പി എന്ന നിലയില്‍ ഇനി മേലില്‍ പെന്‍ഷന് അര്‍ഹതയില്ല. പാര്‍ലമെന്റ് അംഗമായിരുന്നതിന് ശേഷം എം.എല്‍.എ ആകുന്നവര്‍ക്കും മുന്‍ എം.പി എന്ന നിലയില്‍ പെന്‍ഷന്‍ ലഭിക്കില്ല. കേരളത്തില്‍ ഉള്‍പ്പടെ മുന്‍ എം.പിമാര്‍ നിലവില്‍ സംസ്ഥാന എം.എല്‍.എമാരായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ എം.എല്‍.സിമാര്‍ ആകുന്നവര്‍ക്കും മുന്‍ എം.പി എന്ന നിലയില്‍ പെന്‍ഷന് അര്‍ഹതയില്ല.
എം.പി ആയി ആദ്യം ടേം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 25,000 രൂപയാണ് പ്രതിമാസ പെന്‍ഷന്‍. ഇതില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കണമെന്നില്ല. ഉപതെരഞ്ഞെടുപ്പുകളിലൂടെയും മറ്റും ഒന്നോ രണ്ടോ മൂന്നോ നാലോ വര്‍ഷക്കാലത്തേക്ക് എം.പി ആകുന്നവര്‍ക്കും ആദ്യ ടേം എന്നു തന്നെ കണക്കാക്കി പ്രതിമാസം 25,000 രൂപ പെന്‍ഷന്‍ ലഭിക്കും. ആദ്യ ടേമിനു ശേഷമുള്ള ഓരോ വര്‍ഷത്തിനും 2,000 രൂപ വീതം കണക്കാക്കിയാണ് പ്രതിമാസ പെന്‍ഷന്‍. ഇതനുസരിച്ച് ആദ്യ കാലാവധി പൂര്‍ത്തിയാക്കിയ ഒരു എം.പിക്ക് തുടര്‍ന്ന് ഒരു വര്‍ഷം കൂടി മാത്രമേ എം.പി സ്ഥാനത്ത് തുടര്‍ന്നുള്ളൂ എങ്കിലും പ്രതിമാസം 25,000 രൂപയ്‌ക്കൊപ്പം 2000 രൂപ കൂടി പെന്‍ഷനായി ലഭിക്കും.
ഇനി മുതല്‍ പെന്‍ഷന് നല്‍കുന്ന അപേക്ഷയില്‍ മുന്‍ എം.പിമാര്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നില്ലെന്നു വ്യക്തമാക്കണം. സര്‍ക്കാര്‍ പദവികള്‍ക്കു പുറമേ തദ്ദേശ, സഹകരണ സ്ഥാപനങ്ങളിലും പ്രതിഫലം പറ്റുന്ന പദവികള്‍ വഹിക്കുന്ന മുന്‍ എം.പിമാര്‍ക്കും പെന്‍ഷന്‍ ലഭിക്കില്ല. എം.പി ആയിട്ടുള്ള കാലാവധി പൂര്‍ത്തിയായതിന് ശേഷം സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി, കെ.ടി.ഡി.സി അടക്കമുള്ള വിവിധ കോര്‍പറേഷനുകളുടെ തലപ്പത്ത് എത്തുന്നവര്‍ക്കും ഈ വ്യവസ്ഥ ബാധകമാകും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തദ്ദേശ, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും മുന്‍ എം.പിമാര്‍ക്കുള്ള പെന്‍ഷന്‍ ലഭിക്കില്ല.
മരിച്ചു പോയ എം.പിമാരുടെ ജീവിത പങ്കാളികള്‍ക്കുള്ള പെന്‍ഷന്‍ വ്യവസ്ഥകളും കര്‍ശനമാക്കിയിട്ടുണ്ട്. മുന്‍ എം.പിയുടെ മരണ ശേഷം പെന്‍ഷന്‍ ലഭിക്കുന്ന ജീവിത പങ്കാളി പിന്നീട് എം.പി ആയാല്‍ ഭര്‍ത്താവിന്റെ പേരില്‍ ലഭിച്ചിരുന്ന പെന്‍ഷന്‍ നിര്‍ത്തലാക്കും.
പാര്‍ലമെന്റിന്റെ സംയുക്ത സമിതി കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയശേഷം ലോക്‌സഭ സ്പീക്കറുടെയും ഉപരാഷ്ട്രപതിയുടെയും അനുമതിയോടെയാണ് പുതിയ നിര്‍ദേശം പുറത്തിറക്കിയത്. മുന്‍ എം.പിമാര്‍ക്ക് പെന്‍ഷനായി രാജ്യസഭയിലെയോ ലോക്‌സഭയിലെയോ സെക്രട്ടറി ജനറല്‍മാര്‍ക്ക് അപേക്ഷ നല്‍കേണ്ടത്. വ്യക്തി വിവരങ്ങള്‍, എം.പിയായിരുന്ന കാലയളവ് എന്നിവ നല്‍കിയ ശേഷമാണ് മറ്റു പദവികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കേണ്ടത്.

 

Latest News