കൊച്ചി- മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ അറസ്റ്റിലായ പി.സി ജോര്‍ജിന്റെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് ഹാജരാക്കിയള്‍ രക്തസമ്മര്‍ദത്തില്‍ വ്യത്യാസം കണ്ടിരുന്നു. ഇതേ തുടര്‍ന്ന് നിരീക്ഷണത്തില്‍ കിടത്തിയ ശേഷമാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.
കൊച്ചിയില്‍ നിന്നുള്ള പൊലീസ് വാഹനത്തിലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.
വെണ്ണല മതവിദ്വേഷ പ്രസംഗക്കേസിനു പിന്നാലെ തിരുവനന്തപുരം കേസിലും മുന്‍ എം.എല്‍.എ പി.സി. ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. വെണ്ണല കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൊച്ചി പോലീസ് ജോര്‍ജിനെ വിഴിഞ്ഞം ഫോര്‍ട്ട് പോലീസിന് കൈമാറുകയായിരുന്നു. വിഴിഞ്ഞം സി.ഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തിരുവനനന്തപുരം കേസില്‍ ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പം പി.സി.ജോര്‍ജ് പാലാരിവട്ടം സ്‌റ്റേഷനില്‍ ഹാജരായത്. ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഇവിടെ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിലെ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജാമ്യം ലഭിച്ച ജോര്‍ജ് വെണ്ണലയില്‍ വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചതോടെ രണ്ടു കേസിലും അറസ്റ്റിലാകുകയായിരുന്നു.
വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചതോടെ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു. വെണ്ണലയിലെ
വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സപ്താഹയജ്ഞ പരിപാടിയില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയതാണ് തുടര്‍നടപടികള്‍ക്ക് വഴിവെച്ചത്. സംഭവം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ജാമ്യം റദ്ദാക്കിയത്. അതേസമയം, വെണ്ണല കേസില്‍ ഹൈകോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.