തിരുവനന്തപുരം- തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി. ഫോര്‍ട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നല്‍കിയിരുന്ന ജാമ്യമാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കിയത്.
ജാമ്യവ്യവസ്ഥകള്‍ പി.സി ജോര്‍ജ് ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തില്‍ മുസ്ലിംകള്‍ക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് പോലീസ് കേസെടുത്തിരുന്നത്. കേസില്‍ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്ത പി.സി ജോര്‍ജ്ജിന് കോടതി ജാമ്യം നല്‍കുകയായിരുന്നു.
അതിനിടെ, വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജ് കൊച്ചി സിറ്റി പോലീസ് മുമ്പാകെ ഇന്ന് ഹാജരാകും. കൊച്ചി പാലാരിവട്ടം പോലീസാണ് വെണ്ണല ശിവക്ഷേത്രത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുത്തിരുന്നത്.
ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അഭിഭാഷകന് പ്രതിഫലം നല്‍കിയത് അദ്ദേഹം വിദ്വേഷ പ്രസംഗം നടത്തിയ വെണ്ണല ശിവക്ഷേത്രം അധികൃതരാണെന്ന് സ്ഥിരീകരിച്ചു. അഭിഭാഷകന് ബാങ്ക് വഴി പണം കൈമാറിയതിന്റെ രേഖ പുറത്തുവന്നിരുന്നു.