Sorry, you need to enable JavaScript to visit this website.

കാസർകോട്-വയനാട് ഹരിത പവർ ഹൈവേ നാഴികക്കല്ലാകും -വൈദ്യുതി മന്ത്രി

വയനാട് ഹരിത പവർ ഹൈവേ നിർമാണോദ്ഘാടനം കരിന്തളം അമ്മാറമ്മ ഹാളിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി ഓൺലൈനിൽ നിർവഹിച്ച ശേഷം ശിലാഫലകം ഇ. ചന്ദ്രശേഖരൻ എം.എൽ.എ അനാച്ഛാദനം ചെയ്യുന്നു.

കാസർകോട്- കാസർകോട് വയനാട് ഹരിത പവർ ഹൈവേ കേരളത്തിന്റെ പ്രസരണ രംഗത്ത് നാഴികക്കല്ലായി മാറുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. 400 കെ.വി പദ്ധതിയുടെ നിർമാണ പ്രവൃത്തി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കൻ ജില്ലകളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാനും മലബാറിന്റെ വികസനത്തിന് വലിയ മാറ്റമുണ്ടാക്കാനും പദ്ധതി യാഥാർഥ്യമായാൽ സാധിക്കുമെന്നും അദേഹം പറഞ്ഞു. എല്ലാ വികസനത്തിന്റെയും അടിസ്ഥാനം ഊർജമാണ്. ഊർജം യഥാസമയത്ത് കിട്ടിയാൽ മാത്രമേ വികസനക്കുതിപ്പുണ്ടാകൂ. കേരളത്തിലാവശ്യമായ വൈദ്യുതി സുലഭമായി ലഭിക്കുന്നതിനും അവ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ തടസ്സമില്ലാതെ എത്തിക്കാനും പദ്ധതിയിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്താകമാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുമ്പോഴും കേരളത്തിൽ പവർ കട്ടില്ലാതെ മുന്നോട്ട് പോവാൻ കഴിയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കടുത്ത പ്രതിസന്ധിക്കിടയിലും 1467 കോടി രൂപയുടെ പ്രവർത്തന ലാഭമുണ്ടാക്കാൻ കെ.എസ്.ഇ.ബി ക്ക് കഴിഞ്ഞു. അതുകൊണ്ട് തന്നെ സ്ഥാപനം പൊതുമേഖലയിൽ തുടരേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കരിന്തളം തോളേനി അമ്മാറമ്മ ഹാളിൽ നടന്ന ചടങ്ങിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ട്രാൻഡ് ഗ്രിഡ് ചീഫ് എൻജിനീയർ എസ്. രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. 
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ശാന്ത,  കിനാനൂർ-കരിളം ഗ്രാമപഞ്ചായത്ത് അംഗം എം. ഉമേശൻ വേളൂർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി.കെ. രാജൻ, കെ. മുഹമ്മദ് കുഞ്ഞി, രതീഷ് പുതിയപറമ്പിൽ, കൈപ്പുറത്ത് കൃഷ്ണൻ നമ്പ്യാർ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, പി.പി. രാജു, എം. ഹമീദ് ഹാജി, പി.ടി. നന്ദകുമാർ, ഷോബി ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ ആന്റ് സിസ്റ്റം ഓപറേഷൻ ഡയറക്ടർ രാജൻ ജോസഫ് സ്വാഗതവും നോർത്ത് ട്രാൻസ്ഗ്രിഡ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ. മധു നന്ദിയും പറഞ്ഞു.

Latest News