Sorry, you need to enable JavaScript to visit this website.

വർഗീയ കലാപങ്ങൾ  അഴിച്ചു വിടുന്ന  ആർ.എസ്.എസ്

രാജസ്ഥാനിലേയും ബിഹാറിലേയും പശ്ചിമ ബംഗാളിലേയും നിരവധി ജില്ലകളിൽ അടുത്ത കാലത്ത് ആപൽക്കരമായ വിധത്തിൽ വർഗീയ അസ്വാസ്ഥ്യങ്ങളും അതേത്തുടർന്നുള്ള കലാപങ്ങളും പടർന്നുപിടിക്കുകയുണ്ടായി. അത് അമർച്ച ചെയ്യാനോ നിയന്ത്രിക്കാനോ അധികൃതർക്ക് കഴിഞ്ഞില്ല. ഇരുസംസ്ഥാനങ്ങളിലുമായി ഒരു ഡസനോളം പേർ കൊല ചെയ്യപ്പെട്ടു. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റു.
വർഗീയ കലാപങ്ങൾ യാദൃഛികമായിരുന്നില്ല. പല സംഘപരിവാർ സംഘടനകളും ആസൂത്രിതമായാണ് കലാപം അഴിച്ചുവിട്ടത്. അവയിൽ ചിലത് നേരിട്ടും മറ്റു ചിലവ പരോക്ഷമായും ആർ എസ് എസുമായി ബന്ധപ്പെട്ട സംഘടനകളായിരുന്നു. ഇക്കൊല്ലം രാമനവമി ആഘോഷവേളയാണ് വർഗീയ അതിക്രമങ്ങൾക്ക് വേണ്ടി ഉപയോഗപ്പടുത്തിയത്. പല സംസ്ഥാനങ്ങളിലും സായുധ പ്രകടനങ്ങൾ അരങ്ങേറി. 
ഗുണ്ടകൾ തോക്കുകളും ആയുധങ്ങളുമേന്തിയാണ് പ്രകടനം നടത്തിയത്. അത്തരം പ്രകടനങ്ങൾ ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലൂടെ കടന്നുപോകാൻ അനുമതി നൽകി. പ്രകോപനപരവും അധിക്ഷേപകരവുമായ മുദ്രാവാക്യങ്ങൾ ഉയർത്തപ്പെട്ടു. അതുകൊണ്ടൊന്നും പ്രകോപനം സൃഷ്ടിക്കാൻ കഴിയാത്തിടങ്ങളിൽ മോസ്‌കുകളും മദ്രസകളും ആക്രമിക്കപ്പെട്ടു. ചില സ്ഥലങ്ങളിൽ പ്രകടനങ്ങൾക്കു നേരെ ഹിന്ദുത്വ ഗുണ്ടകൾ കല്ലേറു നടത്തി. മുസ്‌ലിം ജനവാസ കേന്ദ്രങ്ങളിൽ അക്രമം അഴിച്ചുവിട്ടു. മതന്യൂനപക്ഷങ്ങളുടെ വീടുകളും കടകളും വാഹനങ്ങളും തെരഞ്ഞുപിടിച്ച് ആക്രമിച്ചു.
ബി ജെ പി ഭരിക്കുന്ന ബിഹാറിലും രാജസ്ഥാനിലും അക്രമം ലക്ഷ്യം വെച്ചുള്ള വഴികളാണ് പ്രകടനത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. അവിടെ അതിക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ അവ നിയന്ത്രിക്കാനോ തടയാനോ അധികൃതർ യാതൊരു നടപടിക്കും തയാറായില്ല. ബിഹാറിലും പശ്ചിമ ബംഗാളിലും വർഗീയ കലാപ ചരിത്രമില്ലാത്ത ജില്ലകളിലേക്ക് കൂടി അത് വ്യാപിപ്പിച്ചു. ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അക്രമത്തെ അപലപിച്ചുവെങ്കിലും അത് തടയാൻ യാതൊരു നടപടിയും സ്വീകരിച്ചില്ല. കലാപക്കേസുകളിൽ പ്രതിയായ ഒരു കേന്ദ്ര മന്ത്രിയുടെ മകൻ ഒളിവിലാണെന്ന് പ്രചരിപ്പിക്കുമ്പോഴും പട്‌നാ നഗരത്തിൽ നടന്ന കലാപകാരികളുടെ പ്രകടനത്തിന് നേതൃത്വം നൽകുക പോലുമുണ്ടായി. യഥാർഥത്തിൽ ഭരണം കയ്യാളുന്ന ബിജെപിക്ക് അടിയറ പറഞ്ഞ അവസ്ഥയാണ് നിതീഷ് കുമാറിന്റേത്.
രാജസ്ഥാനിൽ നടന്ന ഒരു പ്രകടനത്തിൽ മുസ്‌ലിം തൊഴിലാളിയെ കൊന്ന് തീയിട്ട ശംഭുലാൽ റായിഗറിന്റെ നിശ്ചല ദൃശ്യം പ്രദർശിപ്പിച്ചിരുന്നു. സിംഹാസനാരൂഢനായ റായിഗറിന്റെ കാൽക്കൽ കൊല ചെയ്യപ്പെട്ട തൊഴിലാളിയുടെ മൃതദേഹം കിടക്കുന്നതായാണ് ചിത്രീകരിക്കപ്പെട്ടിരുന്നത്. ലൗ ജിഹാദിനെതിരായ പോരാളിയെന്ന് ബാനറിൽ എഴുതിവെയ്ക്കുകയും ചെയ്തിരുന്നു. പോലീസ് കാഴ്ചക്കാരായി നോക്കിനിൽക്കുക മാത്രമല്ല, പ്രകോപനപരമായ ടാബ്ലോയെപ്പറ്റി മാധ്യമങ്ങളോട് വിശദീകരിക്കാൻ അവസരം ഒരുക്കി നൽകുക കൂടി ചെയ്തു. തൻെറ ഹീനകൃത്യങ്ങൾ വീഡിയോയിൽ പകർത്തി പ്രചരിപ്പിച്ച റായിഗർ അത് എങ്ങനെ ആസൂത്രണം ചെയ്തുവെന്ന് വിവരിക്കുന്ന വീഡിയോ നിർമിക്കാനും പ്രചരിപ്പിക്കാനും നേരത്തെ പോലീസ് അനുവദിച്ചിരുന്നു. ഈ വീഡിയോ അയാൾ ജയിലിനുള്ളിൽ നിന്നാണ് ചിത്രീകരിച്ചത്. ഇത്തരം വർഗീയ പ്രേരിത ക്രൂരകൃത്യങ്ങൾക്ക് അനുമതി നൽകുക മാത്രമല്ല അതിന് ഒത്താശ ചെയ്യാനും ബിജെപി സർക്കാരിന് മടിയുണ്ടായില്ല.പശ്ചിമ ബംഗാളിൽ ഗവർണർ ഉൾപ്പെടെ ബിജെപി നേതാക്കൾ വർഗീയ ധ്രുവീകരണത്തിന് വേഗത കൂട്ടാനാവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ പൈശാചികതകൾക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണയും ഉണ്ട്.
പൊള്ളയായ വാഗ്ദാനങ്ങൾ കൊണ്ടു മാത്രം ഇനിയും ജനങ്ങളെ കബളിപ്പിക്കാനാവില്ലെന്ന് ആർഎസ്എസ്, ബിജെപി നേതൃത്വം തിരിച്ചറിഞ്ഞിരിക്കുന്നു. അച്ഛേ ദിൻ പോലുള്ള മോഡി – ഷാ ദ്വയങ്ങളുടെ കപട വാഗ്ദാനങ്ങൾ തിരിച്ചറിഞ്ഞ ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങാൻ നിർബന്ധിതരായിരിക്കുന്നു. തങ്ങളുടെ ന്യായമായ ആവശ്യങ്ങളുമായി തെരുവിലിറങ്ങാത്ത ഒരു ജനവിഭാഗം പോലും ഇല്ലെന്നായിരിക്കുന്നു. 
തൊഴിൽ വാഗ്ദാനങ്ങൾ നിറവേറ്റപ്പെട്ടില്ലെന്നും മോഡി സർക്കാരിന്റെ നയപരിപാടികൾ തങ്ങളുടെ ഭാവിക്ക് തന്നെ ഭീഷണിയായിരിക്കുന്നുവെന്നും തിരിച്ചറിഞ്ഞ യുവാക്കളും വിദ്യാർഥികളുമാണ് അത്തരം പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ. സ്വയംഭരണാവകാശത്തിന്റെ മറവിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ മാർച്ച് 23 ന് ദൽഹിയിൽ നടന്ന അധ്യാപകവിദ്യാർഥി പ്രകടനത്തിൽ ആയിരങ്ങളാണ് അണിനിരന്നത്.
നീറിപ്പുകയുന്ന ജനകീയ പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടുകയെന്ന ലക്ഷ്യത്തോടെയാണ് ആർഎസ്എസ്, ബിജെപി നേതൃത്വം വർഗീയ ധ്രുവീകരണത്തിന് വേഗത കൂട്ടാൻ ശ്രമിക്കുന്നത്. അവർ ഏതെങ്കിലും അയൽരാജ്യങ്ങളുമായി യുദ്ധത്തിന് പോലും മടിച്ചേക്കില്ലെന്ന അവസ്ഥയാണുള്ളത്.
ഇത് കനത്ത വെല്ലുവിളിയാണ്. മതനിരപേക്ഷ ജനാധിപത്യ ശക്തികൾ ഇനി ഒട്ടും വൈകിക്കൂടാ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിശാലമായ ഐക്യം ഉറപ്പാക്കുക എന്നതുകൊണ്ട് മാത്രമായില്ല. 
ആർ. എസ്. എസ്, ബി ജെ പി അതിക്രമങ്ങൾക്കും അവരുടെ വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്കുമെതിരെ ജനകീയ പ്രതിരോധം ഉയർത്തുകയെന്നതാണ് ഇന്ത്യ നേരിടുന്ന യഥാർഥ വെല്ലുവിളി. അതോടൊപ്പം കലാപ കലുഷിത മേഖലകളിൽ അക്രമത്തിന് ഇരകളാവുന്ന മതന്യൂനപക്ഷങ്ങളുടെ പ്രതിരോധത്തിനും മതനിരപേക്ഷ ജനാധിപത്യ ശക്തികൾ കൈകോർക്കേണ്ടതുണ്ട്. 
 

Latest News