കൊച്ചി- വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുക. കൊച്ചി വെണ്ണലയിലെ ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് പാലാരിവട്ടം പോലീസ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തത്.
കേസ് ഡയറി കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാരിന്റെ നടപടിയെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പി.സി ജോര്‍ജിന്റെ ഹരജി.
മത വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തര്‍ക്ക ഹരജിയും കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കമാണ് കേസെന്നും പി.സി ജോര്‍ജ് ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഹരജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.