"കലാകൗമുദി" എന്നത് വെറും ഒരു പേരല്ല. നവോത്ഥാന കേരളത്തിൻ്റെ അക്ഷരവായനക്ക് എൻ്റെ തലമുറ നൽകിയ തലക്കെട്ടാണ്. കൗമാര / യൗവ്വനങ്ങളിൽ കലാകൗമുദി വായിക്കാൻ ആകാംക്ഷയോടെ കാത്തിരുന്ന നാളുകൾ..!
കൗമുദി സുകുമാരനും കൗമുദിയുടെ മുഖചിത്രങ്ങളും കൗമുദിയുടെ തലവാചകങ്ങളും ഹരമായിരുന്ന കാലം..! എത്ര വലതുപക്ഷത്തു നിൽക്കുമ്പോഴും മനസ്സിൽ ഒരു നുള്ള് ഇടതുപക്ഷത്തെ അവശേഷിപ്പിച്ചത് കൗമുദിയായിരുന്നു.
എ.കെ.ജി യും കൃഷ്ണപ്പിള്ളയും സുബ്രഹ്മണ്യൻ തിരുമുമ്പും സ്വാമി ആനന്ദ തീർത്ഥനും... പിന്നെ മാറുമറക്കൽ സമരവും / മുല മുറിച്ച നങ്ങേലിയും / വൈക്കം/ ഗുരുവായൂർ / സത്യഗ്രഹങ്ങളും..
ഇത്രയും ഓർക്കാൻ കാരണം കലാകൗമുദി പത്രാധിപർ വടയാർ സുനിൽ തിരുവനന്തപുരം ഹിന്ദു മഹാ സമ്മേളനത്തിൽ നടത്തിയ കടുത്ത വംശീയ / വർഗീയ പ്രസംഗത്തിൻ്റെ ഓഡിയോ ക്ലിപ്പ് കേൾക്കാൻ ഇടയായതു കൊണ്ടാണ്.
മുസ് ലിം പെൺകുട്ടികൾ വിദ്യാഭ്യാസ രംഗത്ത് ഉയർന്നു വരുന്നതിനെ കലാകൗമുദി എഡിറ്റർ സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് ഇത്രയും അസഹിഷ്ണുതയോടെ നോക്കിക്കാണാൻ പറ്റുന്നതെങ്ങനെ?! "ബ്രൂട്ടസേ നീയും!" എന്ന് ചോദിക്കാനാണ് തോന്നുന്നത്.
യഥാർത്ഥത്തിൽ ഈ പെൺകുട്ടികൾക്ക് കൊടിയ ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ച ഒരു മുൻ തലമുറ ഉണ്ടായിരുന്നുവെന്നും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടയണി തീർത്ത ധീര വിപ്ലവകാരികളായ ആ മാതാക്കളുടെ പേരക്കുട്ടികളാണ് ഇന്ന് കലാലയങ്ങളിലൂടെ കടന്നു വന്ന് തങ്ങളുടെ പൂർവ്വികർക്ക് തടയപ്പെട്ട വിദ്യാഭ്യാസവും തൊഴിലും തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നതും ആർക്കാണറിയാത്തത്? (അഭിനവ പത്രാധിപർ കേരള ചരിത്രം പഠിക്കട്ടെ!)
പോർച്ചുഗീസുകാരുടെ തുടർച്ചയായ ആക്ര മണങ്ങളാണ് ആദ്യം മുസ് ലിം കമ്യൂണിറ്റിയെ തകർത്തത്. മുസ് ലിംകളുടെ രാഷ്ട്രീയ / സാമ്പത്തിക ഉയിർപ്പുകളെ ഇല്ലാതാക്കുകയെന്നത് ഗാമയുടെയും കൂട്ടരുടെയും കുരിശു മനസ്സിൻ്റെ കൂടി ദുരമൂത്ത ആർത്തിയായിരുന്നു!
തുടർന്ന് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് ഏറ്റുമുട്ടാനായിരുന്നു കേരളീയ മുസ് ലിംകളുടെ നിയോഗം.(ഇന്ത്യയിലെവിടെയും ഇംഗ്ലീഷുകാരെ ആദ്യം ചെറുത്തത് "ഉലമകൾ "- ഇസ് ലാമിക പണ്ഡിതർ - ആയിരുന്നുവെന്ന് ഇ.എം.എസ് കേരളം മലയാളികളുടെ മാതൃഭൂമിയിൽ എഴുതിയിട്ടുണ്ട്)
1921 ലെ ബ്രിട്ടീഷ് വിരുദ്ധ മലബാർ സമര ത്തിനു പിന്നിലെ മുഖ്യ ചാലകശക്തികളി ലൊന്ന് സ്ത്രീകളായിരുന്നുവെന്ന വസ്തുത ഇന്നും വേണ്ടത്ര വെളിച്ചം കണ്ടിട്ടില്ല. ആംഗ്ലോ- മാപ്പിള യുദ്ധം എന്ന എ.കെ കോടൂരിൻ്റെ പുസ്തകത്തിലൂടെയും മലബാർ കലാപത്തി ൻ്റെ വാമൊഴി പാരമ്പര്യം എന്ന കെ.ടി ഷംസാദ് ഹുസൈൻ്റെ പുസ്തകത്തിലൂടെയും ( സാഹിത്യ പ്രവർത്തക സഹകരണ സംഘം) സമരമുഖങ്ങളിലെ സ്ത്രീ ഇടപെടലുകളും സ്ത്രീകൾ അനുഭവിച്ച കടുത്ത മാനസിക പ്രയാസങ്ങളും ഭൗതിക നഷ്ടങ്ങളും കുറ ച്ചൊക്കെ പുറത്ത് വന്നിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല.
പുരുഷന്മാർ വധിക്കപ്പെടുകയോ ജയിലിലടക്കപ്പെടുകയോ ചെയ്ത കുടുംബങ്ങളുടെ ഭാരിച്ച ഉത്തരവാദിത്വം സ്ത്രീകളുടെ മുതുകിലാണ്. അവർ പറമ്പിലും പാടത്തും പണിയെടുക്കണം. എപ്പോഴും കടന്നു വരാവുന്ന ബ്രിട്ടീഷ് കൊള്ളസംഘത്തെ പ്രതിരോധിക്കണം. പെൺമക്കളുടെ മാനം കാക്കണം...
തുടർന്നിങ്ങോട്ടുള്ള ഒരു നൂറ്റാണ്ടുകാലത്തെ മുസ് ലിം സമുദായത്തിൻ്റെ രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക രംഗത്തെ അന്തസ്സാർന്ന അതിജീവനം അദ്ഭുതകരമാണ്. അതിന് മത / മതനിരപേക്ഷ /വിഭാഗങ്ങളെല്ലാം കക്ഷി ചേർന്നിട്ടുണ്ട്. ( കാണുക: 1921-2021 കേരള മുസ് ലിംകൾ നൂറ്റാണ്ടിൻ്റെ ചരിത്രം. ചെയർമാൻ: എം.ജി.എസ് നാരായണൻ. ചീഫ് എഡിറ്റർ: കെ.ഇ.എൻ. വചനം ബുക്സ് )
ഇതിലൊക്കെ സംഘ് ഫാഷിസത്തിനും ആർക്കും വിലക്കെടുക്കാവുന്ന വിഷനാക്ക് പി.സി ജോർജുമാർക്കും അസൂയയും കണ്ണുകടിയും കുനിഷ്ഠും കുന്നായ്മയും സ്വാഭാവികം. എന്നാൽ കലാകൗമുദി പത്രാധിപ സ്ഥാനത്തിരിക്കുന്ന, കഥ ദ്വൈവാരിക നിയന്ത്രിക്കുന്ന, സർഗാത്മകനാവേണ്ട ഒരാൾക്ക് ഇങ്ങനെയൊക്കെ ആകാൻ പറ്റുമോ...?!
കലാകൗമുദി പോലെ കുലീനമായ ഒരു പ്രസിദ്ധീകരണത്തിൻ്റെ അമരത്ത് എങ്ങനെ ഒരു "സംഘ് പ്രവർത്തകൻ " (വടയാർ സുനിൽ ഇടതു സഹയാത്രികനാണെന്ന പ്രചാരണം ശരിയല്ല ) കടന്നു വന്നു..?എന്നതാണ് ഉത്തരം കിട്ടേണ്ട ചോദ്യം!!!