കണ്ണൂർ- യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കൊണ്ടുവരാനുദ്ദേശിച്ച എക്‌സ്പ്രസ് ഹൈവേ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയവരാണ് ഇപ്പോൾ വികസനത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. യൂത്ത് ലീഗ് യുവജന ജാഥാ പ്രഖ്യാപന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗ് മന്ത്രിമാർ നാടിന്റെ വികസനത്തിനായി വഹിച്ച പങ്ക് വളരെ വലുതാണ്. എന്നാൽ സി.പി.എം ഇപ്പോഴും അക്രമ രാഷ്ട്രീയവുമായി നടക്കുകയാണ്. കേരളം തുടർച്ചയായി ഭരിക്കാമെന്നാണ് സി.പി.എം ഇപ്പോൾ സ്വപ്നം കാണുന്നത്. നയ സമീപനങ്ങൾ മാറാത്തിടത്തോളം തുടർ ഭരണം ആഗ്രഹിക്കേണ്ടതില്ല. അക്രമം അവസാനിപ്പിച്ച് ഭരിക്കാൻ പിണറായി സർക്കാർ തയ്യറാവണം. ജനങ്ങളുടെ സഹകരണത്തോടെയാണ് വികസന പദ്ധതികൾ നടപ്പാക്കേണ്ടത്. അല്ലാതെ അവരെ തെരുവിലേക്കു തള്ളിവിട്ടല്ല. ത്രിപുരയിൽ അമ്പേ പരാജയപ്പെട്ടിട്ടും സി.പി.എം നയം മാറ്റാൻ തയ്യാറല്ല. ലെനിന്റെ പ്രതിമ പന്തു തട്ടുന്നതുപോലെയാണ് അവിടെ തകർത്തത്. എന്നിട്ടും സി.പി.എം കോൺഗ്രസ് വിരോധം തുടരുകയാണ് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇടതുപക്ഷത്തിന്റെ ചുവപ്പു കോട്ടയെന്ന് അവർ അവകാശപ്പെടുന്ന അഴീക്കോട്ട് വികസനം കൊണ്ടുവന്നത് ലീഗ് എം.എൽ.എയായ കെ.എം. ഷാജിയാണ്. പുതിയ കാഴ്ചപ്പാട് അഴീക്കോടിനു നൽകിയ ഷാജിയെ പരാജയപ്പെടുത്താൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇറക്കിയ സ്ഥാനാർഥിക്കു കിണറ്റിലിറങ്ങേണ്ട ഗതികേടാണ് സി.പി.എമ്മിനുണ്ടായത്. പിന്നീട് ഇയാളെ ഷാജി തന്നെ വെള്ളം കുടിപ്പിച്ചതും നിങ്ങൾ കണ്ടതാണ്. ഇത്തരം പൊട്ടത്തരം കൊണ്ട് ഈ നൂറ്റാണ്ടിൽ ജീവിക്കാൻ സി.പി.എം കാർക്കു നാണമാവുന്നില്ലേയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.