Sorry, you need to enable JavaScript to visit this website.

തായിഫില്‍ കൂറ്റന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് വരുന്നു, 51 മില്യണ്‍ റിയാല്‍ നിക്ഷേപം

മക്ക- പ്രകൃതി മനോഹരമായ തായിഫില്‍ 51 ദശലക്ഷം റിയാല്‍ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. തായിഫ് സിറ്റി വാക് മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുന്നതിനുള്ള കരാറില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ എം.എ യൂസുഫലിയും മനാസില്‍ അല്‍ ഖുബറാ റിയല്‍ എസ്റ്റേറ്റ് സി.ഇ.ഒ താമര്‍ അല്‍ ഖുറശിയും ഒപ്പുവെച്ചു.
ഇരുനിലകളിലായി 21,000 ചതുരശ്ര മീറ്ററില്‍ സ്ഥാപിക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റ് അടുത്ത ജനുവരിയില്‍ ഉദ്ഘാടനം ചെയ്യും.
മക്ക പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന തായിഫില്‍ കൂടുതല്‍ സൗദികള്‍ക്ക് തൊഴിലവസരം നല്‍കാനും ലുലു നിക്ഷേപം സഹായകമാകും.
സൗദിയില്‍ പ്രകടമാകുന്ന പുതിയ സാമ്പത്തിക ഊര്‍ജമാണ് നിക്ഷേപ അവസരങ്ങള്‍ തുറക്കുന്നതെന്ന് എം.എ. യൂസുഫലി പറഞ്ഞു.
നിക്ഷേപത്തിനു നല്‍കുന്ന മികച്ച പ്രോത്സാഹനത്തിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനോടും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോടും അദ്ദേഹം നന്ദി അറിയിച്ചു. സൗദിയില്‍ പ്രവര്‍ത്തിക്കുന്ന 26 ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും എക്‌സ്പ്രസ് സ്റ്റോറുകളിലുമായി നിലവില്‍ 3000 സൗദി പൗരന്മാര്‍ ജോലി ചെയ്യുന്നുണ്ട്. വിവിധ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലായി 1100 വനിതകളും ജീവനക്കാരാണ്.

 

Latest News