ന്യൂദല്‍ഹി-ദല്‍ഹിയിലെ ജഹാംഗീര്‍പുരിയിലും മറ്റ് ഏഴ് സംസ്ഥാനങ്ങളിലും രാമനവമി വേളയിലുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ മുന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങള്‍ തുടരുന്നതില്‍ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി.
ഇത്തരം പ്രസംഗങ്ങള്‍ തടയുന്നതിന് അധികൃതര്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിക്കപ്പെടുകയാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അഭിഭാഷകനായ വിശാല്‍ തിവാരി സമര്‍പ്പിച്ച ഹരജി ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ബിആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്.
മുന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ തന്നെ അന്വേഷണം വേണോയെന്നും വെറുതെ ഇരിക്കുന്ന ആരും ഇല്ലേയെന്നും കോടതി ചോദിച്ചു. കോടതിക്ക് നല്‍കാന്‍ കഴിയാത്ത ഇത്തരം ആശ്വാസ നടപടികള്‍ ആവശ്യപ്പെടരുതെന്നും ഹരജി തള്ളുകയാണെന്നും ബെഞ്ച് വ്യക്തമാക്കി.
രാമനവമി സമയത്ത് രാജസ്ഥാന്‍, ദല്‍ഹി, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലടക്കം നടന്ന സംഘര്‍ഷങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കണമെന്നാണ് തിവാരി തന്റെ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നടപ്പാക്കിയ ഏകപക്ഷീയ ബുള്‍ഡോസര്‍ നീതിയെ കുറിച്ച് അന്വേഷിക്കാന്‍ സമാനമായ മറ്റൊരു കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും പൊതുതാല്‍പര്യ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ മറ്റൊരു ധര്‍മ സന്‍സദ് നടക്കാനിരിക്കെ വിദ്വേഷ പ്രസംഗം തടയുന്നതില്‍ പരാജയപ്പെട്ടാല്‍ ചീഫ് സെക്രട്ടറി വിശദീകരണവുമായി ഹാജരാകേണ്ടിവരുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.
സര്‍ക്കാരില്‍ വിശ്വാസമില്ലാത്തതിന്റെ പ്രശ്‌നമല്ലെന്നും യഥാര്‍ഥത്തില്‍ കാണുന്നത് വ്യത്യസ്തമായതിനാലാണ് ഇങ്ങനെ ഉത്തരവിടേണ്ടി വരുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഹരജിക്കാരന്‍ ഒരു പ്രത്യേക സമുദായത്തെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അഭിഭാഷകന്‍ ആരോപിച്ചതോടെ
കോടതിയില്‍ സംസാരിക്കേണ്ട രീതി ഇതല്ലെന്ന് പറഞ്ഞ് സുപ്രീം കോടതി അദ്ദേഹത്തെ ശാസിച്ചു.