Sorry, you need to enable JavaScript to visit this website.

രാജ്യാന്തര തലത്തിൽ റബർ ഷീറ്റ് വില ഇടിഞ്ഞു 

കൊച്ചി -  റബർ ഉൽപാദന രാജ്യങ്ങളെ ഞെട്ടിച്ച്  രാജ്യാന്തര തലത്തിൽ ഷീറ്റ് വില ഇടിഞ്ഞു. താഴ്ന്ന വിലയ്ക്കുള്ള കുരുമുളക് ഇറക്കുമതിക്ക് കടിഞ്ഞാണിടുമെന്ന സൂചനകൾ മൂല്യവർധിത ഉൽപാദകരുടെ ഉറക്കം കെടുത്തി. പുതിയ ചുക്ക് വരവ് ചുരുങ്ങി, ഉൽപാദകർ വിലക്കയറ്റത്തെ ഉറ്റ്‌നോക്കുന്നു. നാളികേരോൽപന്നങ്ങൾ സ്‌റ്റെഡി നിലവാരത്തിൽ.  ആഭരണ കേന്ദ്രങ്ങളിൽ പവന് തിളക്കം. 
പ്രമുഖ അവധി വ്യാപാര കേന്ദ്രമായ ടോക്കോം എക്‌സ്‌ചേഞ്ചിൽ റബറിന് വീണ്ടും തളർച്ച. യെന്നിന്റെ വിനിമയ മൂല്യത്തിലെ മാറ്റങ്ങളും ജപ്പാനിൽ റബർ സ്‌റ്റോക്ക് നില ഉയർന്നതും നിക്ഷേപകരെ രംഗത്ത് നിന്ന് പിൻതിരിപ്പിച്ചു. കിലോ 190 യെന്നിൽ വ്യാപാരം തുടങ്ങിയ റബർ വാരാന്ത്യം 175 യെന്നിലാണ്. ടോക്കോമിലെ തളർച്ച ഏഷ്യയിലെ മറ്റ് അവധി വ്യാപാര കേന്ദ്രങ്ങളെയും തളർത്തി.
വിദേശത്തെ പ്രതികൂല വാർത്തകൾ ഇന്ത്യൻ റബർ മാർക്കറ്റിനെയും ബാധിച്ചു. ടയർ കമ്പനികളും ചെറുകിട വ്യവസായികളും ഷീറ്റ് സംഭരണം കുറച്ചതിനൊപ്പം നിരക്ക് താഴ്ത്തി ക്വട്ടേഷൻ ഇറക്കിയത് കൊച്ചി, കോട്ടയം വിപണികളെ സമ്മർദ്ദത്തിലാക്കി. വാരത്തിന്റെ തുടക്കത്തിൽ 12,400 ൽ കൈമാറ്റം നടന്ന നാലാം ഗ്രേഡ് റബർ വില 12,000 ലേയ്ക്ക് ഇടിഞ്ഞു. അഞ്ചാം ഗ്രേഡിന് 400 രൂപ കുറഞ്ഞ് 11,800 രൂപയായി. വേനൽ മഴ അനുഭവപ്പെട്ടങ്കിലും റബർ വെട്ട് പുനരാരംഭിക്കാൻ ജൂൺ വരെ കാത്തിരിക്കേണ്ടി വരും. 
തായ്‌ലന്റ് റബർ ഉൽപാദനം കുറക്കാനുള്ള നീക്കങ്ങളുമായി മുന്നേറുകയാണ്. വർഷാന്ത്യത്തിന് മുമ്പായി മൂന്ന് ദശലക്ഷം ടൺ റബറിന്റെ ഉൽപാദനം കുറക്കുമെന്നാണ് അവർ വ്യക്തമാക്കിയത്. ഇതിനിടയിൽ മുൻവർഷത്തെ അപേക്ഷിച്ച് തായ്‌ലന്റിൽ റബർ ഉൽപാദനത്തിൽ എട്ട് ശതമാനം വർധന പ്രതീക്ഷിക്കുന്നതായുള്ള പുതിയ വെളിപ്പെടുത്തൽ വിപണിയെ വീണ്ടും പ്രതിസന്ധിയിലാക്കാം.  
വിദേശത്ത് നിന്ന് താഴ്ന്ന വിലക്ക് കുരുമുളക് ഇറക്കുമതി നടത്തുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന റിപ്പോർട്ടുകൾ ഉൽപന്ന വില ഉയരാൻ അവസരം സൃഷ്ടിക്കുമെന്ന നിഗമത്തിലാണ് സ്‌റ്റോക്കിസ്റ്റുകൾ. അതേ സമയം മൂല്യ വർധിത ഉൽപന്നം കയറ്റുമതി നടത്തുന്നവർക്ക് പുതിയ നിർദ്ദേശം തിരിച്ചടിയാവുമെന്നാണ് അവരുടെ പക്ഷം. ഏതായാലും ഇറക്കുമതി ഭീഷണികൾ കുറയുന്നത് ആഭ്യന്തര വിപണിക്ക് അനുകൂലമാണ്. ഉത്തരേന്ത്യയിൽ നിന്ന് കുരുമുളകിന് അന്വേഷണങ്ങൾ നിലവിലുണ്ട്. എന്നാൽ നിരക്ക് കാര്യമായി ഉയർത്താൻ അവർ കഴിഞ്ഞ ദിവസങ്ങളിൽ തയ്യാറായില്ല. വിദേശ ആവശ്യക്കാരുടെ അഭാവം ഒരു പരിധി വരെ വിലക്കയറ്റത്തിന് തടസ്സമായി. കയറ്റുമതി ഓർഡറുകളെത്തിയാൽ മുളക് വില മെച്ചപ്പെടാം. ഈസ്റ്റർ ആഘോഷങ്ങൾക്ക് ശേഷം മാത്രമേ ഇനി യൂറോപ്യൻ ബയ്യർമാർ രാജ്യാന്തര വിപണിയിൽ ശ്രദ്ധ ചെലുത്താൻ ഇടയുള്ളൂ. കൊച്ചിയിൽ വാരാന്ത്യം അൺ ഗാർബിൾഡ് കുരുമുളക് 37,800 രൂപയിലാണ്.
ഏലത്തിന് മുന്നേറാനായില്ല. ഓഫ് സീസണായതിനാൽ ഉൽപാദന മേഖലകളിൽ നിന്നുള്ള ഏലക്കയുടെ നീക്കം കുറഞ്ഞിട്ടും കർഷകരുടെ പ്രതീക്ഷക്ക് ഒത്ത് നിരക്ക് കയറിയില്ല. ഒരവസരത്തിൽ മികച്ചയിനങ്ങൾ കിലോ 1273 രൂപ വരെ ഉയർന്നെങ്കിലും വാരാന്ത്യം വലിപ്പം കൂടിയ ഇനങ്ങൾ 1204 രൂപയിലാണ്. ഈസ്റ്റർ കഴിയുന്നതോടെ കൂടുതൽ അന്വേഷണങ്ങൾ എത്താനുള്ള സാധ്യതകൾ ഏലക്ക വില ഉയർത്താം. കയറ്റുമതിക്കാരും ഉത്തരേന്ത്യൻ വ്യാപാരികളും ഉൽപന്നം ശേഖരിക്കുന്നുണ്ട്. 
പല ഭാഗങ്ങളിലും ഇഞ്ചി വിളവെടുപ്പ് പൂർത്തിയാതോടെ പുതിയ ചുക്ക് വരവ് ചുരുങ്ങി. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും രംഗത്തുണ്ടെങ്കിലും വില സ്‌റ്റെഡിയായി നീങ്ങി. മീഡിയം ചുക്ക് 12,500 രൂപയിലും ബെസ്റ്റ് ചുക്ക് 13,500 രൂപയിലുമാണ്.
ജാതിക്ക വിളവെടുപ്പിനുള്ള ഒരുക്കത്തിലാണ് ഉൽപാദകർ. ഉത്തരേന്ത്യൻ ഔഷധ വ്യവസായികളും കറിമസാല യൂണിറ്റുകളും പുതിയ ചരക്ക് വരവിനെ ഉറ്റുനോക്കുന്നു.   
നാളികേരോൽപന്നങ്ങളുടെ നിരക്ക് തുടർച്ചയായ രണ്ടാം വാരത്തിലും സ്‌റ്റെഡി. വിളവെടുപ്പ് പുരോഗമിക്കുന്നതിനാൽ ചെറുകിട വിപണികളിൽ പച്ചതേങ്ങ കൂടുതലായി വിൽപനയ്ക്ക് ഇറങ്ങി. മില്ലുകാർ കൊപ്ര സംഭരിച്ചെങ്കിലും അവർ നിരക്ക് ഉയർത്തിയില്ല. വെളിച്ചെണ്ണ 17,200, കൊപ്ര 11,540 രൂപയിലുമാണ്.കേരളത്തിൽ സ്വർണ വില ഉയർന്നു. ആഭരണ വിപണികളിൽ പവൻ 22,440 രൂപയിൽ നിന്ന് 22,840 രൂപയായി. ഒരു ഗ്രാമിന്റെ വില 2805 ൽ നിന്ന് 2845 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണം 1313 ഡോളറിൽ നിന്ന് 1351 വരെ ഉയർന്ന ശേഷം 1343  ഡോളറിലാണ്.  

Latest News