Sorry, you need to enable JavaScript to visit this website.

ഇഷ്ടപ്പെട്ട ചോക്ലേറ്റ് വാങ്ങാന്‍ പുഴ നീന്തിക്കടക്കും, ഒടുവില്‍ ജയിലിലായി

അഗര്‍ത്തല- ഇഷ്ടപ്പെട്ട ഇന്ത്യന്‍ ചോക്ലേറ്റ് വാങ്ങുന്നതിന് ഷല്‍ദാ നദി നീന്തിക്കടക്കുന്നത് പതിവാക്കിയ ബംഗ്ലാദേശി കൗമാരക്കാരന്‍ ഒടുവില്‍ ജയിലിലായി. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിക്കു സമീപം ബംഗ്ലാദേശ് ഗ്രാമത്തില്‍ താമസിക്കുന്ന ഇംറാന്‍ ഹുസൈനാണ് ത്രിപുരയില്‍ ജയിലിലായത്.
ഇഷ്ടപ്പെട്ട ചോക്ലേറ്റ് വാങ്ങുന്നതിനായി അതിര്‍ത്തിയിലെ ഷല്‍ദ നദി നീന്തിക്കടന്നാണ് ഇംറാന്‍
ത്രിപുരയിലെ സിപാഹിജാല ജില്ലയില്‍ എത്തിയിരുന്നത്.  
മുള്ളുവേലിയിലെ  ദ്വാരത്തിലൂടെ നുഴഞ്ഞു കയറിയാണ് കലംചൗറ ഗ്രാമത്തിലെ കടയില്‍ നിന്ന് ചോക്ലേറ്റ് വാങ്ങിയിരുന്നത്.  ഇതേ രീതിയില്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഇത്തരമൊരു സാഹസിക യാത്രക്കിടെയാണ് ഇന്ത്യന്‍  അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്)യുടെ പിടിയിലായത്. ലോക്കല്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയ കുട്ടിയെ  15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായി സോനമുറ എസ്.ഡി.പി.ഒ ബനോജ് ബിപ്ലബ് ദാസ് പറഞ്ഞു.
ചോക്ലേറ്റ് വാങ്ങുന്നതിനാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതെന്ന് ചോദ്യം ചെയ്യലില്‍ ബംഗ്ലാദേശിലെ കൊമില്ല ജില്ലയില്‍ താമസിക്കുന്ന കുട്ടി സമ്മതിച്ചു. 100 ബംഗ്ലാദേശി ടാക്ക മാത്രമാണ് കുട്ടിയുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്. നിയമവിരുദ്ധമായി ഒന്നുമുണ്ടായിരുന്നില്ല. രേഖകളില്ലാതെ ഇന്ത്യയില്‍ പ്രവേശിച്ചതിനാണ് അറസ്റ്റ് ചെയ്‌തെന്നും ദാസ് പറഞ്ഞു.
കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും റിമാന്‍ഡ് കാലാവധി അവസാനിച്ചാല്‍  വീണ്ടും കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ കുടുംബത്തില്‍ നിന്ന് ആരും ഇതുവരെ ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടില്ല. മുള്ളുവേലി സ്ഥാപിച്ചിട്ടും സോനാമുറ സബ് ഡിവിഷനിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വിള്ളലുകളുണ്ട്. കിടപ്പുമുറികളിലൂടെയും ഡ്രോയിംഗ് റൂമുകളിലൂടെയും അതിര്‍ത്തി കടന്നുപോകുന്ന നിരവധി വീടുകള്‍ കലംചൗറ ഗ്രാമപഞ്ചായത്തിലുണ്ട്. ദുഷ്‌കരമായ ഭൂപ്രദേശം കാരണം പല സ്ഥലങ്ങളിലും കമ്പി വേലികളില്ലെന്ന് ബി.എസ്.എഫ് വൃത്തങ്ങള്‍ പറഞ്ഞു.
ബംഗ്ലാദേശികള്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതിനും വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും പലപ്പോഴും ഇന്ത്യയിലേക്ക് ഒളിച്ചു കടക്കാറുണ്ട്. കള്ളക്കടത്തുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാറുണ്ടെങ്കലും ഇത്തരക്കാരെ മനുഷ്യത്വപരമായ കാരണങ്ങളാല്‍ ബി.എസ്.എഫ് അവഗണിക്കാറാണ് പതിവ്.  ഇന്ത്യയില്‍ പിടിയിലായ കുട്ടി ചോക്ലേറ്റ് വാങ്ങാന്‍ മാത്രമാണ് വന്നതെന്ന് കലംചൗറ ഗ്രാമത്തിലെ ഇല്യാസ് ഹുസൈന്‍ പറഞ്ഞു.

 

Latest News