ന്യൂദൽഹി- കേരളത്തിൽ ഒരു സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പടക്കം 16 സംസ്ഥാനങ്ങളിലായി 58 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 10 സംസ്ഥാനങ്ങളിൽ നിന്ന് 33 അംഗങ്ങൾ എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടതിനാൽ 25 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭാംഗങ്ങൾക്കാണ് വോട്ടവകാശം. രാവിലെ ഒമ്പതു മണി മുതൽ വൈകുന്നേരും നാലു വരെയാണ് വോട്ടിങ്. അഞ്ചു മണിക്കു വോട്ടെണ്ണും. ഏറെ വൈകാതെ ഫലമറിയാനാകും.
ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, കർണാടക, ജാർഖണ്ഡ്, ചത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ ഏറ്റവും പ്രബല കക്ഷിയായ ബിജെപി 12ഓളം സീറ്റുകളിൽ വിജയമുറപ്പിച്ചിട്ടുണ്ട്. എങ്കിലും 245 അംഗ രാജ്യസഭയിൽ ഭൂരിപക്ഷത്തിനാവശ്യമായ അംഗ ബലം നേടാൻ ബിജെപിക്ക് കഴിയില്ല.
ആന്ധ്ര പ്രദേശിൽനിന്ന് 3, ബിഹാർ6, ഛത്തീസ്ഗഢ്-1, ഗുജറാത്ത് -4, ഹരിയാന-1, ഹിമാചൽ പ്രദേശ്-1, കർണാടക-4, മധ്യപ്രദേശ്-5, മഹാരാഷ്ട്ര-6, തെലങ്കാന-3, യുപി-10, ഉത്തരാഖണ്ഡ്-1, പശ്ചിമ ബംഗാൾ-5, ഒഡീഷ-3, രാജസ്ഥാൻ-3, ജാർഖണ്ഡ്-2 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യസഭാ സീറ്റു നില. കേരളത്തിൽ എം.പി വിരേന്ദ്ര കുമാർ രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് വിട്ട വീരേന്ദ്ര കുമാർ ഇത്തവണ എൽ.ഡി.എഫ് പിന്തുണയോടെയാണ് വീണ്ടും മത്സരിക്കുന്നത്. കോൺഗ്രസിന്റെ ബാബു പ്രസാദ് ആണ് എതിർസ്ഥാനാർത്ഥി.