മുംബൈ- വയോധികക്ക് പാസ്പോര്‍ട്ട് അനുവദിക്കുന്നതിനായുള്ള പോലീസ് വെരിഫിക്കേഷന് വെച്ചു താമസിപ്പിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാണ്ടിവാലിയിലെ സാംതാ നഗറില്‍ ഏഴ് പോലീസ് ഉദ്യോഗസ്ഥരെ ചുമതലയില്‍നിന്ന് മാറ്റി. ജോലിയില്‍ അലംഭാവം കാണിച്ചതിനെ തുടര്‍ന്നാണ് മുംബൈ പോലീസ് കമ്മീഷണര്‍ സഞ്ജയ് പാണ്ഡെ അച്ചടക്ക നടപടി സ്വീകരിച്ചത്.
സാംതാ നഗര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ ആനന്ദ് റാവു ഹക്കെ, പോലീസ് ഇന്‍സ്പെക്ടര്‍ രവീന്ദ്ര പഡ്വാള്, സബ് ഇന്‍സ്പെക്ടര്‍ ഭഗത് വാവ്ഹാരെ, കോണ്‍സ്റ്റബിള്‍മാരായ നിലേഷ് രാജപുരെ, അഞ്ജലി ഗല്ലി, അശോക് ഗാവ്ഡെ, പ്രശാന്ത് താക്രെ എന്നിവരെയാണ് സ്ഥലം മാറ്റിയത്. നൈഗാമിലെ പ്രാദേശിക ആയുധ വിഭാഗത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സീനിയര്‍ ഇന്‍സ്പെക്ടര്‍ എന്ന നിലയില്‍ ഹക്കെയുടെ ചുമതല ഇന്‍സ്പെക്ടര്‍ (അഡ്മിനിസ്ട്രേഷന്) ഗണേഷ് പവാറിന് നല്‍കും.
പാസ്പോര്‍ട്ട് വെരിഫിക്കേഷന് വിഷയത്തില്‍ സമതാ നഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തന്നെ ഉപദ്രവിച്ചതായി വയോധിക ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ട്വീറ്റില്‍ പോലീസ് കമ്മീഷണര്‍ പാണ്ഡെയെ ടാഗ് ചെയ്തിരുന്നു.
പാസ്പോര്‍ട്ടിന് അപേക്ഷിച്ചതിനെ തുടര്‍ന്ന് സാംതാ നഗര്‍ പോലീസ് ക്ലിയറന്‍സ് റിപ്പോര്‍ട്ട് സ്പെഷ്യല്‍ ബ്രാഞ്ചിന് (എസ്ബി) അയച്ചിരുന്നുവെന്ന് വയോധിക പരാതിയില്‍ പറയുന്നു. എന്നാല്‍ വയോധികയുടെ പേരില്‍ ചെന്നൈയിലുള്ള ഒരു കേസിനെക്കുറിച്ച് ചോദ്യം ഉന്നയിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അത് തിരിച്ചയച്ചു. ഇതിനു പിന്നാലെ അപേക്ഷക മദ്രാസ് ഹൈക്കോടതിയില്‍ നിന്നുള്ള ഉത്തരവ് പോലീസിന് സമര്‍പ്പിച്ചു.
ഇതിനുശേഷവും പാസ്പോര്‍ട്ട് ലഭിച്ചില്ല. തുടര്‍ന്നാണ് സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ സമതാ നഗര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കമ്മീഷണര്‍ക്ക് ട്വീറ്റ് ചെയ്തത്.
സംഭവത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സോമനാഥ് ഗാര്‍ഗെയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.