റബർ ഉൽപാദന മേഖലക്ക് ഊർജം പകരാൻ തായ്ലന്റ് പുതിയ സാമ്പത്തിക സഹായങ്ങൾക്ക് ഒരുങ്ങുന്നു. ആഭ്യന്തര ഡിമാന്റ് കുരുമുളകിന് നേട്ടമായി. പുതിയ ചുക്ക് വരവ് ചുരുങ്ങി, നിരക്ക് ഉയരുമെന്ന പ്രതീക്ഷയിൽ ഉൽപാദകർ. വെളിച്ചെണ്ണ വിലയിൽ ചാഞ്ചാട്ടം. സ്വർണ വില താഴ്ന്നു.
ആഗോള റബർ വിപണിയുടെ ദിശയിൽ ചലനം ഉളവാക്കുകയെന്ന ലക്ഷ്യതോടെ വൻ സാമ്പത്തിക പദ്ധതികൾക്ക് തായ്ലന്റ് നീക്കം തുടങ്ങി. 963 ദശലക്ഷം ഡോളറിന്റെ പുതിയ പാക്കേജ് ഏഷ്യൻ റബർ വിപണികളിൽ വൻ ചലനമുളവാക്കുമെന്നാണ് വിലയിരുത്തൽ. റബർ ഉൽപാദനം കുറക്കാനുള്ള ഒരുക്കങ്ങളാണ് അവർ ആദ്യപടിയായി തുടങ്ങുക. വർഷാന്ത്യത്തിന് മുമ്പ് മൂന്ന് ദശലക്ഷം ടണ്ണിന്റെ ഉൽപാദനം കുറക്കാനാണ് അവർ ലക്ഷ്യമിടുന്നത്.
ലോക വിപണിയിൽ റബർ മികവ് കാണിക്കാനുള്ള സാധ്യതകൾ ഇന്ത്യ അടക്കമുള്ള മറ്റ് ഉൽപാദന രാജ്യങ്ങൾക്ക് എല്ലാം അനുകൂലമാവും. ടോക്കോം എക്സ്ചേഞ്ചിൽ റബർ കിലോ 200 യെന്നിന് മുകളിൽ ഇടം കണ്ടെത്താനുള്ള ശ്രമം ഇനിയും വിജയിച്ചിട്ടില്ലെങ്കിലും അനുകൂല വാർത്തകൾ നിക്ഷേപകരെ വിപണിയിലേയ്ക്ക് അടുപ്പിക്കും. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ചെറിയ അളവിൽ മഴ ലഭ്യമായെങ്കിലും നിർത്തിവെച്ച റബർ ടാപ്പിങ് പുനരാരംഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് കർഷകരുടെ പക്ഷം. ഓഫ് സീസൺ ആയതിനാൽ ഷീറ്റ് വില ഉയരുമെന്ന കണക്ക് കൂട്ടലിലാണ് സ്റ്റോക്കിസ്റ്റുകൾ. നാലാം ഗ്രേഡ് 12,500 രൂപയിൽ നിന്ന് 12,400 രൂപയായി. അഞ്ചാം ഗ്രേഡ് 12,200 രൂപയിലുമാണ് വാരാന്ത്യം. മധ്യകേരളത്തിലെ ജാതിക്ക തോട്ടങ്ങൾ വിളവെടുപ്പിനുള്ള തയ്യാറെടുപ്പിലാണ്. കുംഭ ചൂടിൽ മുത്ത് വിളഞ്ഞ ജാതിക്ക വിളവെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് പല തോട്ടങ്ങളും. ഉത്തരേന്ത്യൻ വ്യവസായികൾ ഉൽപ്പന്നം ശേഖരിക്കാൻ നീക്കം തുടങ്ങി. ജാതിക്ക തൊണ്ടൻ കിലോ 170-180, തൊണ്ടില്ലാത്തത് 340-350 രൂപ, ജാതിപത്രി 500-525 രൂപ.
വില ഉയർത്തി കുരുമുളക് ശേഖരിക്കാൻ ആഭ്യന്തര വ്യാപാരികൾ രംഗത്ത് ഇറങ്ങി. നാടൻ മുളകിന്റെ ലഭ്യത ചുരുങ്ങിയതാണ് വാങ്ങലുകാരെ നിരക്ക് ഉയർത്താൻ പ്രേരിപ്പിച്ചത്. വിദേശ ഓർഡറുകളുടെ അഭാവം മൂലം പ്രമുഖ കയറ്റുമതിക്കാർ പലരും രംഗത്ത് നിന്ന് വിട്ടു നിൽക്കുകയാണ്. വിളവെടുപ്പ് പുരോഗമിക്കുന്ന കർണാടകത്തിൽ നിന്നുള്ള മുളക് നീക്കം പിന്നിട്ടവാരം കുറഞ്ഞു. ഹൈറേഞ്ചിൽ നിന്നും വയനാട്ടിൽ നിന്നും കൊച്ചി വിപണിയിലേയ്ക്കുള്ള ചരക്ക് വരവ് ചുരുങ്ങി. അൺ ഗാർബിൾഡ് കുരുമുളക് 36,700 രൂപയിൽ നിന്ന് 38,100 രൂപയായി.
പുതിയ ചുക്ക് വരവ് തൊട്ട് മുൻവാരത്തെ അപേക്ഷിച്ച് കുറഞ്ഞു. ഏകദേശം 500 ചാക്ക് പുതിയ ചുക്ക് കൊച്ചിയിൽ വിൽപ്പനക്ക് ഇറങ്ങി. കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും വിപണിയിലുണ്ടെങ്കിലും വിലയിൽ മാറ്റമില്ല. മീഡിയം ചുക്ക് 12,500 ലും ബെസ്റ്റ് ചുക്ക് 13,500 ലും വ്യാപാരം നടന്നു.
പാം ഓയിൽ ഇറക്കുമതി തീരുവ ഉയർത്തിയത് നാളികേരോൽപ്പന്നങ്ങളുടെ നിരക്ക് മെച്ചപ്പെടുത്തി. മില്ലുകാർ കൊപ്ര സംഭരിക്കാൻ വിപണിയിൽ ഇറങ്ങിയത് വെളിച്ചെണ്ണ വിലയും ഉയർത്തി. 17,100 ൽ വിപണനം തുടങ്ങിയ എണ്ണ 17,300 വരെ കയറിയ ശേഷം 17,200 ൽ ശനിയാഴ്ച്ച വ്യാപാരം അവസാനിച്ചു. കൊപ്ര വില 11,540 രൂപ. നാളികേര വിളവെടുപ്പ് വേളയായതിനാൽ ഗ്രാമീണ മേഖലകളിലെ ചെറുകിട വിപണികളിൽ പച്ചതേങ്ങയുടെ ലഭ്യത ഉയർന്നു.
കേരളത്തിൽ സ്വർണ വില താഴ്ന്നു. ആഭരണ വിപണികളിൽ പവൻ 22,640 രൂപയിൽ നിന്ന് 22,440 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണം 1323 ഡോളറിൽ നിന്ന് 1313 ഡോളറായി.