റിയാദ്- നിയമ ലംഘനങ്ങൾക്ക് 12 ഓൺലൈൻ സ്റ്റോറുകൾക്ക് കഴിഞ്ഞ മാസം വാണിജ്യ മന്ത്രാലയം പിഴകൾ ചുമത്തി. ഉപയോക്താക്കളിൽ നിന്ന് ഈടാക്കിയ തുകകൾ തിരികെ നൽകാനും ഈ സ്ഥാപനങ്ങളെ മന്ത്രാലയം നിർബന്ധിച്ചു. ഇ-കൊമേഴ്‌സ് നിയമ ലംഘനങ്ങൾക്കാണ് ഓൺലൈൻ സ്റ്റോറുകൾക്കെതിരെ മന്ത്രാലയം ശിക്ഷാ നടപടികൾ സ്വീകരിച്ചത്.
ഇലക്‌ട്രോണിക്, ഇലക്ട്രിക് ഉപകരണങ്ങളും ഭക്ഷ്യവസ്തുക്കളും ഫർണിച്ചറും മരുന്നും കോസ്‌മെറ്റിക്‌സും ആഭരണങ്ങളും വിൽപന നടത്തുന്ന മേഖലയിൽ പ്രവർത്തിക്കുന്ന 12 ഓൺലൈൻ സ്റ്റോറുകൾക്കെതിരെ കഴിഞ്ഞ മാസം വാണിജ്യ മന്ത്രാലയത്തിന് ഉപയോക്താക്കളിൽ നിന്ന് 418 പരാതികൾ ലഭിച്ചു.
ഡെലിവറിക്ക് കാലതാമസം വരുത്തിയതിന് കരാർ റദ്ദാക്കണമെന്ന ഉപയോക്താക്കളുടെ ആവശ്യം നിരാകരിക്കൽ, ഡെലിവറിക്ക് കാലതാമസം വരാനുള്ള സാധ്യതയെ കുറിച്ച് ഉപയോക്താക്കളെ അറിയിക്കാതിരിക്കൽ, ഉപയോക്താക്കളുമായി കരാറുണ്ടാക്കിയ ശേഷം ഇൻവോയ്‌സുകൾ നൽകാതിരിക്കൽ എന്നീ നിയമ ലംഘനങ്ങൾക്കാണ് സ്ഥാപനങ്ങൾക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചത്. ഉപയോക്താക്കളിൽ നിന്ന് ലഭിച്ച പരാതികളിൽ അന്വേഷണം നടത്തിയ വാണിജ്യ മന്ത്രാലയം സ്ഥാപനങ്ങൾക്കെതിരായ കേസ് പിന്നീട് ഇ-കൊമേഴ്‌സ് നിയമ ലംഘനങ്ങൾ പരിശോധിച്ച് ശിക്ഷകൾ പ്രഖ്യാപിക്കുന്ന പ്രത്യേക സമിതിക്ക് കൈമാറുകയായിരുന്നു.
ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഓൺലൈൻ സ്റ്റോറുകൾ ഇ-കൊമേഴ്‌സ് നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും നിയമ ലംഘനങ്ങൾ നിരീക്ഷിച്ച് നിയമ ലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കാനും ഓൺലൈൻ സ്റ്റോറുകളുടെ പ്രവർത്തനം നിരന്തരം നിരീക്ഷിക്കുന്നതായി വാണിജ്യ മന്ത്രാലയം പറഞ്ഞു.