Sorry, you need to enable JavaScript to visit this website.

എഞ്ചിൻ തകരാറ്: ഒറ്റ ദിവസം ഇൻഡിഗോ റദ്ദാക്കിയത് 47 വിമാനങ്ങൾ

മുംബൈ- കാലപ്പഴക്കം മൂലം അപകടസാധ്യതയേറിയ എഞ്ചിനുകളുള്ള എട്ട് ഇൻഡിഗോ വിമാനങ്ങൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വിലക്കേർപ്പെടുത്തിയതിനു തൊട്ടുപിറകെ ചൊവ്വാഴ്ച 47 വിമാന സർവീസുകൾ റദ്ദാക്കി. പ്രാറ്റ് ആന്റ് വിറ്റ്‌നി എഞ്ചിനുകളുള്ള ഇൻഡിഗോയുടെ എട്ട്് എയർബസ് 320 നിയോ വിമാനങ്ങൾക്കാണ് ഡി.ജി.സി.എ കഴിഞ്ഞ ദിവസം വിലക്കേർപ്പെടുത്തിയത്. ഗോ എയറിന്റെ മൂന്ന് വിമാനങ്ങൾക്കും വിലക്കുണ്ട്.

ഇതോടെ ഇൻഡിഗോയുടെ ദൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ബംഗളൂരു, പട്‌ന, ശ്രീനഗർ, ഭുവനേശ്വർ, അമൃത്സർ, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള 47 ആഭ്യന്തര സർവീസുകളാണ് റദ്ദാക്കിയത്. തിങ്കളാഴ്ച അഹമദാബാദിൽ നിന്നും ലഖ്‌നൗവിലേക്ക് പറന്നുയർന്ന് ഇൻഡിഗോ വിമാനം ആകാശത്തു വച്ച് യന്ത്രത്തകരാറുണ്ടായതിനെ തുടർന്ന് അഹമദാബാദിൽ തന്നെ തിരിച്ചിറക്കേണ്ടി വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പി.ഡബ്ലൂ 1100 എഞ്ചിനുകളുള്ള എയർബസ് 320 നിയോ വിമാനങ്ങൾക്ക് ഡി.ജി.സി.എ വിലക്കേർപ്പെടുത്തിയത്. സമാന യന്ത്രത്തകരാർ ഉണ്ടായതിനെ തുടർന്ന് ഫെബ്രുവരിയിൽ ഇൻഡിഗോയുടെ മൂന്ന് വിമാനങ്ങൾക്ക് പറക്കൽ വിലക്കേർപ്പെടുത്തിയിരുന്നു.

യന്ത്രത്തകരാറിനെ തുടർന്ന് വിമാനം തിരിച്ചിറക്കിയ പശ്ചാത്തലത്തിൽ സമാന വിമാനങ്ങൾ കൂടി ഇൻഡേേിഗാ സർവീസിൽ നിന്ന് പിൻവലിച്ചതോടെ തിങ്കളാഴ്ച വിവിധ നഗരങ്ങളിലായി നൂറു കണക്കിന് യാത്രക്കാരാണ് കുടുങ്ങിയത്. ദിവസേന ആയിരം സർവീസുകളാണ് ഇൻഡിഗോയ്ക്കു ഉള്ളത്. ആഭ്യന്തര സർവീസുകളിൽ 40 ശതമാനവും ഇൻഡിഗോയുടേതാണ്.
 

Latest News