Sorry, you need to enable JavaScript to visit this website.

ജോസഫ് ചാടുംമുമ്പേ നേതാക്കൾ കൂട്ടത്തോടെ മാണി ഗ്രൂപ്പിലേക്ക്

കോട്ടയം- പി.ജെ ജോസഫ് ഇടതു മുന്നണിയിൽ കയറിക്കൂടാനുള്ള നീക്കത്തിലാണെന്ന റിപ്പോർട്ടുകൾക്കിടെ മധ്യനിര നേതാക്കൾ കൂട്ടത്തോടെ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം ലക്ഷ്യമിടുന്നു. ഇടതു മുന്നണിയിൽ ഇനി രാഷ്ട്രീയ കക്ഷികളെ ഉൾപ്പെടുത്തില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോടെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനെ ഒന്നാകെ മുന്നണിയിലെടുക്കില്ലെന്ന് വ്യക്തമായി. 
ഇതോടെയാണ് യുവനേതാക്കൾ ജോസ് പക്ഷത്ത് ചേക്കാറുള്ള നീക്കം ശക്തമാക്കിയത്. തങ്ങളെ നടുക്കടലിലാക്കി പി.ജെ ജോസഫും മോൻസ് ജോസഫും ഇടതു മുന്നണിയുടെ ഭാഗമാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. വ്യക്തികളെ മുന്നണിയിലെടുക്കുമെന്നത് ജോസഫിനും മോൻസിനുമുള്ള ക്ഷണമായാണ് ഇവർ വ്യാഖ്യാനിക്കുന്നത്.
യു.ഡി.എഫ് ഘടക കക്ഷിയായ പി.ജെ ജോസഫ് വിഭാഗം കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ കടുത്ത ആഭ്യന്തര പ്രതിസന്ധിയിലായിരിക്കുകയാണ്. ഇക്കുറിയും അധികാരമില്ലെന്നു മനസ്സിലായതോടെ ഒപ്പം നിന്ന നേതാക്കളെല്ലാം ഉൾവലിഞ്ഞു തുടങ്ങി. കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിലെ തലമുതിർന്ന നേതാക്കളെല്ലാം ജോസഫ് പക്ഷത്തുണ്ട്. ഇവരെ സംതൃപ്തിപ്പെടുത്താൻ വലിയ ബുദ്ധിമുട്ടാണ്. പദവിയും കോർപറേഷനും ഇല്ലെന്നായതോടെ പലരും ജോസ് പക്ഷത്തേക്ക് ചുവടുമാറി തുടങ്ങിയിരുന്നു. 

എന്നാൽ സീനിയർ നേതാക്കളെ വേണ്ടെന്ന കടുത്ത നിലപാടിലാണ് ജോസ്് പക്ഷം. ഇതിനിടെയാണ് പി.ജെ ജോസഫ് ഇടതു മുന്നണിയിലേക്ക് അടുത്തു തുടങ്ങിയത്. ഇതോടെ രണ്ടാംനിര നേതാക്കൾ അങ്കലാപ്പിലായി. പാർട്ടിയുടെ സ്വാധീന മേഖലകളായ കോട്ടയം, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, തൃശൂർ മേഖലകളിലെ പ്രമുഖ നേതാക്കളാണ് പാർട്ടി വിടാനുള്ള തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നത്. ജോസഫ് ഗ്രൂപ്പിൽ നേതാക്കളുടെ ഉപഗ്രൂപ്പുകൾ രൂപംകൊണ്ടു കഴിഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനിടെയായിരുന്നു ജോസഫ് വിഭാഗം പി.സി തോമസ് നയിക്കുന്ന കേരള കോൺഗ്രസിൽ ലയിച്ചത്. യു.ഡി.എഫ് ഇലക്ഷൻ പരാജയത്തോടെ ഭാവി ഭദ്രമാക്കാനുള്ള നീക്കത്തിലായി പി.ജെ ജോസഫ് എന്നാണ് ആക്ഷേപം. തൊടുപുഴ സീറ്റിൽ അടുത്ത ഇലക്ഷനിൽ മകനെ മത്സരിപ്പിക്കാനാണ് പരിപാടി. ആ ലക്ഷ്യം നിറവേറുന്നതിന്് ഇടതു മുന്നണിയാണ് സുരക്ഷിതമെന്നാണ് ജോസഫിനോട് അടുത്ത നേതാക്കൾ വിശ്വസിക്കുന്നത്. 

പി.ജെ ജോസഫിന്റെ നീക്കങ്ങളിൽ കടുത്ത അതൃപ്തിയുള്ള മോൻസ് ജോസഫ് പരസ്യമായി പ്രതികരിക്കുന്നില്ലെങ്കിലും ഇടഞ്ഞു നിൽക്കുകയാണ്. കേരള കോൺഗ്രസ് പാർട്ടിയുടെ ഉടയോനായ പി.സി തോമസിന് പാർട്ടിയിൽ നടക്കുന്ന സംഭവ വികാസങ്ങളിൽ ഉതകണ്ഠയുണ്ട്്. അണികൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള ഫ്രാൻസിസ് ജോർജിനെ പാർട്ടിയിൽ ഏഴാംകൂലിയായി കാണുന്ന സമീപനത്തിനെതിരെയും പ്രതിഷേധമുണ്ട്. നേതൃത്വത്തിന്റെ നിലപാടുകൾ പാർട്ടിയെ ദുർബലപ്പെടുത്തുകയാണെന്ന പ്രതിഷേധം പരസ്യമായി അറിയിച്ച സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് പാറേക്കാട്ടിലിനെ ഒരു മാസം മുമ്പ് തൽസ്ഥാനത്ത് നീക്കം നീക്കം ചെയ്തിരുന്നു. 
ജോസഫ് ഗ്രൂപ്പിൽ അതൃപ്തിയോടെ നീങ്ങുന്ന പ്രമുഖ നേതാക്കൾ  പാലായിലെ ജോസ് പാറേക്കാട്ടിലിനെ മധ്യസ്ഥനാക്കിയാണ് ജോസ്് കെ.മാണിയുമായി ചർച്ച നടത്തുന്നത്്. കേരളാ കോൺഗ്രസ്-എം ലീഡർ ജോസ് കെ.മാണിയുമായി ഇവർ പലവട്ടം ചർച്ച നടത്തി. ജോസഫ് വിഭാഗത്തിൽ നിന്ന് എത്തുന്നവർക്ക് നൽകുന്ന സ്ഥാനങ്ങളുടെ കാര്യത്തിൽ കേരളാ കോൺഗ്രസ്-എം നേതൃത്വം ധാരണയിലെത്തിയതായാണ് സൂചന. ജോസ് പക്ഷത്തെ നേതാക്കളെ തന്റെ പാളയത്തിലേക്ക് കൊണ്ടുവന്ന ശേഷം വഴിയാധാരമാക്കി സ്വന്തം ഭാവി സുരക്ഷിതമാക്കാനുള്ള ഒറ്റയാൻ പോക്കിനെതിരെയാണ് പാർട്ടിയ്ക്കുള്ളിൽ ഭിന്നത ഉടലെടുത്തിരിക്കുന്നത്്. 
 

Latest News