കൊച്ചി- വിവാഹ മോചിതരുടെ പ്രായപൂര്‍ത്തിയാവാത്ത മക്കള്‍ക്ക് പാസ്പോര്‍ട്ട് എടുക്കുന്നതിനു ഭര്‍ത്താവിന്റെ അനുമതിയോ കോടതി ഉത്തരവോ വേണമെന്നു ആവശ്യപ്പെടാനാവില്ലെന്നു ഹൈക്കോടതി.
ഭര്‍ത്താവിന്റെ അനുമതിയോ കോടതി ഉത്തരവോ ഉണ്ടെങ്കിലേ കുട്ടിക്ക് പാസ്പോര്‍ട്ട് അനുവദിക്കാനാവൂവെന്നു നിര്‍ദേശിച്ച കോട്ടയം പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലെ അസിസ്റ്റന്റ് പാസ്പോര്‍ട്ട് ഓഫീസറുടെ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവുണ്ടായത്.
പാസ്പോര്‍ട്ട് ഓഫീസറുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി 25,000രൂപ സ്വന്തം ശമ്പളത്തില്‍നിന്ന് കോടതി ചെലവായി ഹരജിക്കാരിക്ക് നല്‍കണമെന്നു ഉത്തരവിട്ടു.
ഏറ്റുമാനൂര്‍ സ്വദേശിനി ഷൈനി ഷുക്കൂറാണ് തന്റെ പ്രായപൂര്‍ത്തിയാവാത്ത മകളുടെ പാസ്പോര്‍ട്ട് പുതുക്കി നല്‍കാത്ത നടപടി ചോദ്യം ചെയ്തു ഹൈക്കോടതിയെ സമീപിച്ചത്. ന്യായയുക്തമായും പ്രായോഗികവുമായ രീതിയില്‍ ഉദ്യോഗസ്ഥന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാസ്പോര്‍ട്ട് നല്‍കാതെ വരുമ്പോള്‍ കോടതികളില്‍ ഇതുസംബന്ധിച്ചു വ്യവഹാരങ്ങള്‍ കൂടുമെന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ ഹരജിക്കാരിക്ക് നഷ്ടപരിഹാരം നല്‍കുന്നതിനു ഉത്തരവു പുറപ്പെടുവിക്കുകയാണെന്നു കോടതി വ്യക്തമാക്കി. താന്‍ വിവാഹ മോചനം നേടിയെന്നു തെളിയിക്കുന്ന കോടതി ഉത്തരവും മകളുടെ ഉത്തരവാദിത്തം തനിക്കാണെന്നു വ്യക്തമാക്കുന്ന സി-ഫോറവും പാസ്പോര്‍ട്ട് അപേക്ഷക്കൊപ്പം ഹരജിക്കാരി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതു പരിഗണിക്കാതെ പിതാവിന്റെ അനുമതിയും പാസ്പോര്‍ട്ട് പുതുക്കുന്നതിന് കോടതി ഉത്തരവും ഹാജരാക്കണമെന്നു പാസ്പോര്‍ട്ട് ഓഫിസര്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കകം പാസ്പോര്‍ട്ട് പുതുക്കി നല്‍കണമെന്നു കോടതി പാസ്പോര്‍ട്ട് ഓഫിസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ ഉത്തരവിന്റ പകര്‍പ്പ് സംസ്ഥാനത്തെ എല്ലാ പാസ്പോര്‍ട്ട് ഓഫീസുകള്‍ക്കും അയച്ചുകൊടുക്കണമെന്നു ജസ്റ്റിസ് അമിത് റാവല്‍ ഉത്തരവില്‍ വ്യക്തമാക്കി.