Sorry, you need to enable JavaScript to visit this website.

അമേരിക്കയുടെ നീക്കം  റബർ വിപണിയെ ബാധിച്ചു

കൊച്ചി- അമേരിക്കയുടെ നീക്കം രാജ്യാന്തര റബർ വിപണിയെ ബാധിച്ചു. യു എസ് കഴിഞ്ഞ ദിവസം സ്റ്റീലിന്റെയും അലുമിനിയത്തിന്റെയും ഇറക്കുമതി ചുങ്കത്തിൽ വരുത്തിയ വർധന ഏഷ്യയിലെ പ്രമുഖ കമ്മോഡിറ്റി അവധി  വ്യാപാര കേന്ദ്രമായ ടോക്കോം എക്‌സ്‌ചേഞ്ചിന് തിരിച്ചടിയായി. ലോക വിപണിയിൽ ഉൽപന്നങ്ങൾക്ക് തൽക്കാലം ഡിമാന്റ് മങ്ങുമെന്ന തിരിച്ചറിവ് നിക്ഷേപകരെ ടോക്കോമിൽ നിന്ന് പിൻതിരിപ്പിച്ചത് റബറിനെയും ബാധിച്ചു.
കനത്ത വേനൽ മൂലം റബർ ടാപ്പിങ് പൂർണമായി സ്തംഭിച്ചു. വേനൽ മഴയുടെ വരവിനെ ഉറ്റുനോക്കുകയാണ് കാർഷിക മേഖല. ഓഫ് സീസൺ അയതിനാൽ ഷീറ്റ് വില ഉയരുമെന്ന പ്രതീക്ഷയിലാണ് സ്‌റ്റോക്കിസ്റ്റുകൾ. എന്നാൽ വില ഉയർത്തി ചരക്ക് സംഭരിക്കാൻ വ്യവസായികൾ തയ്യാറായില്ല. ആർ എസ് എസ് നാലാം ഗ്രേഡ് 12,500 രൂപയിലും അഞ്ചാം ഗ്രേഡ് 12,300 രൂപയിലും വ്യാപാരം നടന്നു.           
കുരുമുളകിന് ആഭ്യന്തര വിദേശ ഓർഡർ മങ്ങിയത് ഉൽപന്നത്തെ വീണ്ടും തളർത്തി. കർണാടകയിലെ വിൽപന സമ്മർദ്ദം ആഭ്യന്തര വിപണിയുടെ മുന്നേറ്റത്തെ ബാധിച്ചു. ഇറക്കുമതി ലോബിയെ വെല്ലുവിളിക്കും വിധം കിലോ 350 രൂപക്ക് രാജ്യത്തിന്റെ ഏത് ഭാഗത്തും ചരക്ക് എത്തിക്കാമെന്ന നിലപാടിലാണവർ. ഇതിനിടയിൽ ഇറക്കുമതി ലോബി കർണാടകവുമായി മത്സരിക്കാൻ താൽപര്യം കാണിക്കാതെ രംഗം വിട്ടത് കേരളത്തിന് ആശ്വാസമായി. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 37,400 രൂപയിൽ നിന്ന് 36,700 രൂപയായി. ആഗോള വിപണിയിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 6200-6450 ഡോളറാണ്. 
പുതിയ ചുക്കിന്റെ വരവ് ഉയർന്നു. ഗ്രാമീണ മേഖലകളിൽ നിന്ന് കൂടുതൽ ചരക്ക് വിൽപനക്ക് ഇറങ്ങി. ഉത്തരേന്ത്യൻ വ്യാപാരികൾക്ക് ഒപ്പം കയറ്റുമതിക്കാരും ചുക്ക് സംഭരിച്ചെങ്കിലും വില ഉയർത്താൻ അവർ തയ്യാറായില്ല. വിവിധയിനം ചുക്ക് 12,500-13,500 രൂപയിൽ പിന്നിട്ട ഏതാനും മാസങ്ങളായി തുടരുന്നു. സ്വർണ വില കയറി ഇറങ്ങി. ആഭരണ വിപണിയിൽപവൻ 22,600 രൂപയിൽ നിന്ന് 22,720 വരെ ഉയർന്ന ശേഷം വാരത്തിന്റെ രണ്ടാം പാദത്തിൽ 22,560 രൂപയായി. ശനിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ നിരക്ക് 22,640 രൂപയിലാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണം 1323 ഡോളറിലാണ്.
 

Latest News