Sorry, you need to enable JavaScript to visit this website.

ബി.ജെ.പി അധ്യക്ഷന്റെ കോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ കോളേജ് മതില്‍ തകര്‍ന്നു

ബല്ലിയ- ഉത്തര്‍പ്രദേശില്‍ ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദയുടെ ഹെലിക്കോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ ഉണ്ടായ ശക്തമായ കാറ്റില്‍ കോളേജിന്റെ ചുറ്റുമതില്‍ തകര്‍ന്നു. ബല്ലിയ ജില്ലയിലെ ഇന്റര്‍മീഡിയറ്റ് കോളേജിലാണ് സംഭവം. ആര്‍ക്കും പരിക്കില്ല. തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷത്തിന് ഇത് നല്ല ആയുധമായപ്പോള്‍ ബി.ജെ.പി ക്യാമ്പില്‍ നിരാശ സമ്മാനിച്ചു.

ഹെലിക്കോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതിന്റേയും മതില്‍ തകരുന്നതിന്റേയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദയനീയവവസ്ഥയാണ് സംഭവം വ്യക്തമാക്കുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വലിയ തോതില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് അവകാശപ്പെട്ടുകൊണ്ടു കൂടിയാണ് ബി.ജെ.പി വോട്ട് ചോദിക്കുന്നത്. ഹെലിക്കോപ്റ്ററിന്റെ കാറ്റില്‍ കോളേജിന്റെ മതില്‍കൂടി തകരുന്ന പശ്ചാത്തലത്തില്‍ യോഗിയുടേത് വെറും അവകാശവാദങ്ങള്‍ മാത്രമാണെന്നും യാഥാര്‍ഥ്യവുമായി ബന്ധമില്ലെന്നും എതിരാളികള്‍ ചൂണ്ടിക്കാട്ടുന്നു.

ബി.ജെ.പി സ്ഥാനാര്‍ഥിയായി സംസ്ഥാന മന്ത്രി ഉപേന്ദ്ര തിവാരി മത്സരിക്കുന്ന ഫെഫ്‌ന നിയമസഭാ മണ്ഡലത്തിലെ പ്രചാരണത്തിനായാണ് പാര്‍ട്ടി അധ്യക്ഷനെത്തിയത്. റസ്താര്‍ ഇന്‍ര്‍ കോളേജ് ഗ്രൗണ്ടിലാണ് നദ്ദയുടെ കോപ്റ്ററിന് ഇറങ്ങാന്‍ ഹെലിപ്പാഡ് ഒരുക്കിയിരുന്നത്.

 

Latest News