ലഖ്‌നൗ-ഉത്തര്‍പ്രദേശില്‍ വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചതിന് ബി.ജെ.പി എം.എല്‍.എ രാഘവേന്ദ്ര സിംഗിനെതിരെ വീണ്ടും പോലീസ് കേസ്. ഡൊമ്രിയഗഞ്ചില്‍നിന്ന് താന്‍ വിജയിച്ചാല്‍ മുസ്ലിംകള്‍ തിലകം ധരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയ എം.എല്‍.എ ഇത്തവണ തനിക്കല്ലാതെ വോട്ട് ചെയ്യുന്ന ഹിന്ദുക്കളുടെ ഡി.എന്‍.എ പരിശോധിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്.
ഹിന്ദു മറ്റെവിടേക്കെങ്കിലുമാണ് പോകുന്നതെങ്കില്‍, അവന്റെ സിരകളില്‍ 'മിയാന്‍' രക്തമാണ് ഒഴുകുന്നത്. അവന്‍ രാജ്യദ്രോഹിയും ജയ്ചന്ദിന്റെ അവിഹിത സന്തതിയുമാണ്- രാജ്യദ്രോഹി എന്നതിന്റെ പര്യായമായി മാറിയി 12ാം നൂറ്റാണ്ടിലെ രാജാവിനെ പരാമര്‍ശിച്ച് എം.എല്‍.എ പറഞ്ഞു. മുസ്ലിംകളെ അവഹേളിക്കാന്‍ സംഘ്പരിവാര്‍ നേതാക്കള്‍ ഉപയോഗിക്കുന്ന പദമാണ് മിയാന്‍.
ഇത്രയും ശല്യം സഹിച്ച ശേഷം ഒരു ഹിന്ദു അപ്പുറത്തേക്ക് പോയാല്‍ അവന് മുഖം കാണിക്കാന്‍ പറ്റില്ലല്ലോ. നിങ്ങളില്‍ എത്ര പേര്‍ ജയ്ചന്ദുമാരാണ്. നിയോജക മണ്ഡലത്തിലെ ഒരു ഗ്രാമത്തില്‍ അദ്ദേഹം വോട്ടര്‍മാരോട് ചോദിച്ചു.
'അവരുടെ പേരുകള്‍ എനിക്ക് തരൂ, അവര്‍ ഹിന്ദുക്കളാണോ മിയന്മാരാണോ എന്നറിയാന്‍ ഞാന്‍ അവരുടെ രക്തം പരിശോധിക്കും. ഞാന്‍ അവരുടെ ഡിഎന്‍എ ടെസ്റ്റ് നടത്തും-എം.എല്‍.എ പറഞ്ഞു.
രണ്ട് ദിവസം മുമ്പ് ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മാര്‍ച്ച് മൂന്നിന് ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഡൊമ്രിയഗഞ്ചില്‍ സമ്മിശ്ര ജനസംഖ്യയാണു്ള്ളത്.
കഴിഞ്ഞ ആഴ്ചയാണ് രാഘവേന്ദ്ര സിംഗിന്റെ തിലകം പരാമര്‍ശത്തിന്റെ പേരില്‍ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തിരുന്നത്.