കുവൈത്ത് സിറ്റി- കുവൈത്തില്‍ ആണ്‍/പെണ്‍ വേഷം ധരിക്കുന്ന ഭിന്നലിംഗക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ കാലങ്ങളായി പ്രയോഗിച്ചിരുന്ന നിയമം ഭരണഘടനാ കോടതി റദ്ദാക്കി. എതിര്‍ ലിംഗത്തെ അനുകരിച്ച് ആണ്‍, പെണ്‍ വേഷങ്ങള്‍ ധരിക്കുന്നത് വിലക്കുന്നതായിരുന്നു ഈ നിയമം. എതിര്‍ ലിംഗത്തെ പോലെ വേഷം ധരിക്കുകയും പെരുമാറുകയും ചെയ്യുന്നതിനെതിരെ കുറ്റകരമായി കാണുന്ന നിയമം വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാനും ഉറപ്പാക്കാനുമുള്ള ഭരണഘടനയുടെ താല്‍പ്പര്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഇതു റദ്ദാക്കിയത്. ഏറെ കാലം നീണ്ട ചര്‍ച്ചകള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രചരണങ്ങള്‍ക്കും ശേഷമാണ് ഈ നിയമം ഇല്ലാതാകുന്നത്.
ഈ നിയമ പ്രകാരം സ്ത്രീകള്‍ പുരുഷവേഷം ധരിച്ചാലും പുരുഷന്‍ സ്ത്രീവേഷം ധരിച്ചാലും ഒരു വര്‍ഷം തടവോ 3,300 യുഎസ് ഡോളര്‍ പിഴയോ ആയിരുന്നു ശിക്ഷ. അതേസമയം സ്വവര്‍ഗ ബന്ധം കുവൈത്തില്‍ കുറ്റകരമാണ്. ഏഴു വര്‍ഷം വരെ തടവാണ് സ്വര്‍വര്‍ഗാനുരാഗികള്‍ക്കുള്ള ശിക്ഷ.