ശിവമോഗ-ഹിജാബ് നിരോധിച്ചതിനെ തുടര്‍ന്ന് വിവാദം തുടരുന്ന കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും മുസ്ലിം വിദ്യാര്‍ഥനികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിച്ചില്ല. ഉഡുപ്പി, ശിവമോഗ ജില്ലകളിലെ സ്‌കൂളുകളില്‍ കഴിഞ്ഞ ദിവസം പരീക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ല. ഹിജാബ് ധരിച്ച കുട്ടികള്‍ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
ഉഡുപ്പിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥിനികളും പരിക്ഷ എഴുതാന്‍ അനുവദിക്കാത്തവരില്‍ ഉള്‍പ്പെടുമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. തട്ടം അഴിച്ചില്ലെങ്കില്‍ പോലീസിനെ വിളിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ മകളെ ഭീഷണിപ്പെടുത്തിയതായി ഒരു രക്ഷിതാവ് പറഞ്ഞു.
ഹിജാബ് നിരോധം ഇതിനുമുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നും കഴിഞ്ഞ ദിവസം അധ്യാപകര്‍ കുട്ടികള്‍ക്കുനേരെ കയര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളില്‍ ഇതുപോലൊരു അനുഭവം മുമ്പുണ്ടായിട്ടില്ലെന്നും ഉഡുപ്പിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കന്ന കുട്ടിയുടെ പിതാവ് പറഞ്ഞു.
തട്ടമിട്ട കുട്ടികള്‍ പുറത്തിരിക്കണമെന്നും ക്ലാസില്‍ കയറരുതെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതായി രക്ഷിതാവ് ആരോപിച്ചു. അതേസമയം, ഹിജാബ് ധരിച്ച വിദ്യാര്‍ഥിനികളെ വേറിട്ട് ഇരുത്തിയിട്ടില്ലെന്ന് ജില്ലാ ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി തട്ടമിട്ടാണ് മകള്‍ സ്‌കൂളില്‍ പോകന്നതെന്നും ഇപ്പോള്‍ മാത്രമാണ് പ്രശ്‌നമെന്നും ഇതേ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയുടെ പിതാവ് പറഞ്ഞു. ഹിജാബ് അഴിച്ച് പ്രാര്‍ഥന ചൊല്ലാന്‍ ആവശ്യപ്പെട്ടുവെന്നും ഭീഷണിപ്പെടുത്തി ഹിജാബ് അഴിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്ന് മറ്റൊരു രക്ഷിതാവും പറഞ്ഞു. ചട്ടങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടം അഴിപ്പിച്ചതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.
ആറ് വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹരജിയില്‍ കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനം വരുന്നതുവരെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കേണ്ടതില്ലെന്നാണ് പല രക്ഷിതാക്കളും തീരുമാനിച്ചിരിക്കുന്നത്.
കുടക് ജില്ലയിലെ ഒരു സ്‌കൂളില്‍ ഹിജാബ് നിരോധത്തിനെതിരെ വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി.