Sorry, you need to enable JavaScript to visit this website.

യുവതിയെ  കൊന്ന കേസിലെ പ്രതി നേരത്തെ കസ്റ്റംസ് ഓഫീസറെയും  ഭാര്യയെയും കൊന്ന് കുഴിച്ചുമൂടി

തിരുവനന്തപുരം- അമ്പലമുക്ക് അലങ്കാരച്ചെടി വിൽപന സ്ഥാപനത്തിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൊടുംകുറ്റവാളി. കന്യാകുമാരി ജില്ലയിൽ തോവാള വെള്ളമഠം സ്വദേശി രാജേഷ് എന്ന് വിളിക്കുന്ന രാജേന്ദ്രന്റെ(49) പേരിലുള്ളത് കൊടുംകുറ്റങ്ങൾ. 
ഇയാൾ തമിഴ്‌നാട്ടിലെ നാലു കൊലപാതകങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. പേരൂർക്കട അമ്പലമുക്കിലെ സ്ഥാപനത്തിൽ വെച്ച് ഞായറാഴ്ചയാണ് ജീവനക്കാരിയായ നെടുമങ്ങാട്ട് കരിപ്പൂർ ചാരുവള്ളി സ്വദേശിനി വിനിത (38) കവർച്ചാ ശ്രമത്തിനിടയിൽ കൊല്ലപ്പെട്ടത്. വിനിതയുടെ നാല് പവനോളം വരുന്ന മാല കവരുന്നതിനായാണ് പ്രതി കൊലപാതകം നടത്തിയത്. കൊലപാതകത്തിനിടെ കൈയ്ക്ക് പരിക്കേറ്റ ഇയാൾ പേരൂർക്കട ആശുപത്രിയിലെ ചികിത്സക്ക് ശേഷമാണ് തമിഴ്‌നാട്ടിലേ ക്ക് കടന്നത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 
ചെടികൾക്ക് വെള്ളമൊഴിക്കാനാണ് ഞായറാഴ്ചയാണെങ്കിലും വിനിത ജോലി സ്ഥലത്ത് എത്തിയത്. ചെടികൾ വാങ്ങാനായി രണ്ടു പേർ വന്നെങ്കിലും ആരെയും കാണാതിരുന്നതോടെ ഉടമസ്ഥനെ ബന്ധപ്പെട്ട് കടയിൽ ആരുമില്ലെന്ന് അറി യിക്കുകയായിരുന്നു. സംശയം തോന്നിയ ഉടമസ്ഥൻ മറ്റൊരു ജീവനക്കാരിയെ സ്ഥലത്തേക്ക് പറഞ്ഞു വിട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നഴ്‌സറിയുടെ ഇടതു ഭാഗത്തെ ഇടുങ്ങിയ സ്ഥലത്ത് വിനിതയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങളും രേഖാചിത്രവും പുറത്തു വിട്ടിരുന്നു. 
സംശയാസ്പദമായ രീതിയിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ നടന്നു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കൃത്യം നടന്ന സ്ഥലത്തിന് സമീപത്തെ കടയിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തു വന്നത്. പതിനൊന്ന് മണിയോടെ കടയിലെത്തിയ പ്രതി 20 മിനുട്ടിന് ശേഷമാണ് പുറത്തു വന്നത്. ഒരു മാസത്തിലേറെയായി പേരൂർക്കട ഭാഗത്തെ ഒരു ഹോട്ടലിൽ ജോലി നോക്കി വരികയായിരുന്നു രാജേന്ദ്രൻ. ഇവിടെ ജോലി ചെയ്യുന്നതിനിടയിലാണ് കവർച്ചക്കായി ഈ സ്ഥാപനം പ്രതി നോട്ടമിട്ടിരുന്നത്. ഞായറാഴ്ച ലോക്ഡൗണിന്  സമാനമായ നിയന്ത്രണത്തിന്റെ ഭാഗമായി ഹോട്ടലുകളിൽ ടേക്ക് എവേ സംവിധാനം മാത്രമായിരുന്നതിനാലാണ് ഇയാൾ ഈ ദിവസം തെരഞ്ഞെടുത്തത്. 
ഇയാൾക്കെതിരെ തമിഴ്‌നാട്ടിൽ അരൽവായ്‌മൊഴി സ്റ്റേഷൻ പരിധിയിൽ ഒരു കസ്റ്റംസ് ഓഫീസറെയും ഭാര്യയേയും കൊലപ്പെടുത്തി കുഴിച്ചുമൂടുകയും, കവർച്ച നടത്തുകയും ചെയ്ത കേസും, കന്യാകുമാരി പോലീസ് സ്റ്റേഷനിൽ രണ്ടു കൊലക്കേസുകളും ഉൾപ്പെടെ നാല് കൊലപതാക കേസുകളും നിലവിലുണ്ട്. തമിഴ്‌നാട്ടിലെ അമ്പത്തൂർ, തൂത്തുക്കുടി, തിരുപ്പൂർ തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, മോഷണം, അടിപിടി തുടങ്ങിയ നിരവധി കേസുകളിലും പ്രതിയാണ്. 
പ്രത്യേക അന്വേഷണ സംഘവും, സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈംസ് ടീമും സംയുക്തമായാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
 

Latest News