കൊച്ചി- കൊച്ചിയിലെ മയക്കുമരുന്ന് ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് ടീച്ചർ എന്ന് വിളിക്കുന്ന സുസ്മിത ഫിലിപ്പ്. എക്‌സൈസ് ക്രൈംബ്രാഞ്ച് വിഭാഗം ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ കേസിൽ 12-ാം പ്രതിയാണ്. മുഖ്യപ്രതികളുടെ അക്കൗണ്ടുകളിലേക്ക് ഇവർ വൻ തുക നിക്ഷേപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. കൊച്ചിയിലെ ഫ്‌ളാറ്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ഇടപാടുകൾ. ലഹരി പാർട്ടികൾ സംഘടിപ്പിക്കുന്നതിന്റെ ആസൂത്രണം ഇവർക്കായിരുന്നു. നിരവധി റേവ് പാർട്ടികളിൽ ഇവർ പങ്കെടുത്തിരുന്നതായും പ്രതികൾക്കൊപ്പം നിരവധി ഹോട്ടലുകളിൽ താമസിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. സി.ഡി.ആർ രേഖകൾ, മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയാണ് പ്രതികൾക്കെതിരേ നിർണായക തെളിവുകളായത്. ചെന്നൈയിൽ നിന്ന് ആഡംബര കാറിൽ കുടുംബാംഗങ്ങളെന്ന വ്യാജേന സ്ത്രീകളും വിദേശ ഇനത്തിൽപെട്ട നായ്ക്കളുമായി യാത്ര ചെയ്താണ് മയക്കുമരുന്ന് കടത്തിയിരുന്നത്.