Sorry, you need to enable JavaScript to visit this website.

വേഷത്തിന്റെ പേരിലും വർഗീയത; സംഘ്പരിവാറിന്റെ പുതിയ ആയുധം

വിശ്വാസത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും തലത്തിൽ നിന്ന് ഈ വിഷയം വഴിമാറുകയും ചെയ്യുന്നു. അതുകൊണ്ട് ബഹുസ്വര  ബഹുമത സമൂഹത്തിൽ, രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി വിദ്വേഷത്തിനും വിഭാഗീയതക്കുമുള്ള ഉപാധിയാക്കി, വസ്ത്രവും ഭക്ഷണവും ഉൾപ്പെടെയുള്ള വ്യക്തി  വിശ്വാസ സ്വാതന്ത്ര്യങ്ങൾ മാറിക്കൂടെന്നാണ് കർണാടകയിലെ വിവാദവും വിദ്വേഷ പ്രചാരണങ്ങളും ഓർമപ്പെടുത്തുന്നത്. മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി വേഷത്തെച്ചൊല്ലിയുള്ള വിവാദം കത്തിപ്പടരുന്നത് അപകടകരമാണ്. 


വസ്ത്രവും ഭക്ഷണവും വർഗീയതയുടെയും വിഭാഗീയതയുടെയും പേരിൽ വിദ്വേഷ പ്രചരണായുധമാക്കുന്ന പ്രവണത സൃഷ്ടിക്കപ്പെട്ടിട്ട് വർഷങ്ങളായി. അതിനു പിന്നീടാണ് ധരിച്ച വസ്ത്രമാണോ പ്രശ്‌നമെന്ന ചോദ്യം സ്ഥാനത്തും അസ്ഥാനത്തും ഉയരുന്നതും നാം കേട്ടു തുടങ്ങുന്നതും. അധികാരത്തിന്റെ തണലിൽ ഭൂരിപക്ഷ വർഗീയത താണ്ഡവമാടിത്തുടങ്ങിയപ്പോഴാണ് വസ്ത്രം വിദ്വേഷ പ്രചാരണത്തിന്റെ ആയുധമായി മുൻനിരയിലെത്തിയത്. വിശ്വാസത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനത്തിലുള്ള വസ്ത്രധാരണ രീതി നേരത്തെ ഉണ്ടായിരുന്നു. പല വിശ്വാസികളിലും കാലക്രമേണ വസ്ത്രധാരണ രീതിയിൽ മാറ്റമുണ്ടാവുകയും ചെയ്തിരുന്നു. 
കാലാനുസൃതമായി വേഷവിധാനങ്ങളിലും ഇത്തരത്തിലുള്ള മാറ്റങ്ങൾ പലയിടങ്ങളിലും സംഭവിച്ചിട്ടുണ്ട്. അവയെല്ലാം വ്യക്തിപരമോ വിശ്വാസപരമോ മാത്രമായി എല്ലാവരും കാണുമായിരുന്നു. എന്നാൽ അടുത്ത കാലത്തായി വ്യക്തികളുടെ വസ്ത്രങ്ങളും ധാരണാരീതികൾ പോലും ചർച്ചയും വിവാദവുമായി മാറിയിരിക്കുകയാണ്. വിശ്വാസത്തിന്റെയോ വ്യക്തി സ്വാതന്ത്ര്യത്തിന്റെയോ തലത്തിൽ നിന്ന് വർഗീയവും രാഷ്ട്രീയവുമായ ഉപകരണത്തിന്റെ തലത്തിലേക്ക് ബോധപൂർവം മാറ്റിയതാണ് വിവാദവും ചർച്ചയുമാക്കി ഈ വിഷയത്തെ എത്തിച്ചത്. അതിൽ പ്രമുഖ പങ്കുവഹിച്ചതാകട്ടെ തീവ്ര വലതുപക്ഷ, ഭൂരിപക്ഷ വർഗീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളും. വലതുപക്ഷ തീവ്ര ഹിന്ദുത്വ പ്രസ്ഥാനങ്ങൾ സാമുദായിക ധ്രുവീകരണത്തിനുള്ള ഉപാധിയായി ഇതിനെ മാറ്റിയപ്പോൾ അതേ നാണയത്തിൽ ചെറുത്തുകൊണ്ട് ന്യൂനപക്ഷ വർഗീയ സംഘടനകളും രംഗം കൊഴുപ്പിച്ചു.
ഈ ഒരു സാഹചര്യത്തിലാണ് കർണാടകയിൽ ഉണ്ടായിരിക്കുന്ന ശിരോവസ്ത്ര ധാരണവും അതിന്റെ നിരോധനവും വിവാദമായി മാറുന്നത്. ഉഡുപ്പി, ചിക്മംഗളുർ ജില്ലകളിലെ ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ചെത്തുന്ന മുസ്ലിം പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. കുന്താപ്പൂരിലെ ഭണ്ഡാർക്കേഴ്സ് ആർട്സ് ആന്റ് സയൻസ് ഡിഗ്രി കോളേജിൽ ശിരോവസ്ത്രം ധരിച്ച് പ്രവേശിക്കുന്നത് അനുവദിക്കാതിരുന്നതിനെ തുടർന്ന് വിദ്യാർത്ഥികൾ സമരം ആരംഭിച്ചു. രക്ഷിതാക്കളും മുസ്ലിം ആൺകുട്ടികളും സമരത്തിൽ അണിചേർന്നു. ഇതിനെതിരെ ഹിന്ദു വിദ്യാർത്ഥികളോട് കാവി ഷാൾ ധരിക്കാൻ ബജ്‌റംഗ്ദൾ നിർബന്ധിക്കുകയും അവരുടെ പ്രവർത്തകർ കാവി ഷാൾ അണിഞ്ഞ് എത്തുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിന് ബി.ജെ.പി സർക്കാർ നിരോധനമേർപ്പെടുത്തിയത്. വിദ്യാർത്ഥികൾ അതാത് സ്ഥാപനങ്ങളിലെ യൂനിഫോം നിർബന്ധമായും ധരിക്കണമെന്ന് നിഷ്‌കർഷിക്കുന്ന കർണാടക വിദ്യാഭ്യാസ നിയമത്തിലെ 133 (2) ഉപവകുപ്പ് പ്രാബല്യത്തിൽ വരുത്തി സംഘ്പരിവാറിന്റെ രാഷ്ട്രീയ അജണ്ട അടിച്ചേൽപിക്കുന്നതിനാണ് സർക്കാർ ഉത്തരവിറക്കിയത്. സ്വകാര്യ സ്‌കൂൾ മാനേജ്മെന്റിന് അവർക്ക് ഇഷ്ടമുള്ള യൂനിഫോം തെരഞ്ഞെടുക്കാം. പ്രീ-യൂനിവേഴ്സിറ്റി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോളേജ് വികസന സമിതിയോ പ്രീ-യൂനിവേഴ്സിറ്റി കോളേജുകളിലെ അഡ്മിനിസ്ട്രേറ്റീവ് ബോർഡിന്റെ അപ്പീൽ കമ്മിറ്റിയോ തെരഞ്ഞെടുക്കുന്ന വസ്ത്രമാണ് വിദ്യാർത്ഥികൾ ധരിക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യൂനിഫോം തെരഞ്ഞെടുക്കാത്ത സാഹചര്യത്തിൽ സമത്വത്തിനും അഖണ്ഡതയ്ക്കും ഭംഗം വരുത്തുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്നും ഉത്തരവിൽ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വസ്ത്രധാരണത്തിന് ഏകീകൃത രീതി അവലംബിക്കുമ്പോഴും തങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ശിരോവസ്ത്രം ഉൾപ്പെടെ ഉപയോഗിക്കുന്നതിന് വ്യത്യസ്ത മതവിഭാഗങ്ങൾക്ക് തടസ്സമില്ലായിരുന്നു. അത്തരമൊരു സാഹചര്യം നിരാകരിക്കപ്പെട്ടതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥികളെ പ്രത്യേകം മുറിയിൽ വെറുതെയിരുത്തി പഠിക്കാനുള്ള അവകാശനിഷേധവും ഇന്നലെയുണ്ടായി.

പുരോഗമനത്തിന്റെയോ നവോത്ഥാനത്തിന്റെയോ ഭാഗമായല്ല ഈ വിവാദം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നത് വസ്തുതയാണെങ്കിലും ബി.ജെ.പി ഭരിക്കുന്ന കർണാടകയിൽ ഭരണക്കാരുടെ ഒത്താശയോടെ സംഘപരിവാർ സംഘടനകൾ ഇതിനെ വർഗീയ  വിദ്വേഷ ആയുധമാക്കുകയാണ്. അതിനു പിന്നിൽ രാഷ്ട്രീയ നേട്ടങ്ങൾ മാത്രമാണ് ലക്ഷ്യമായുള്ളത്. അതുകൊണ്ടാണ് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ തലത്തിലേക്ക് അത് വളരുന്നത്. ഭൂരിപക്ഷ വർഗീയ പ്രസ്ഥാനങ്ങൾ ഒരു ഭാഗത്തും ന്യൂനപക്ഷ വർഗീയ പ്രസ്ഥാനങ്ങൾ മറുപക്ഷത്തും അണിനിരക്കുന്നു. വിശ്വാസത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും തലത്തിൽ നിന്ന് ഈ വിഷയം വഴിമാറുകയും ചെയ്യുന്നു. അതുകൊണ്ട് ബഹുസ്വര  ബഹുമത സമൂഹത്തിൽ, രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി വിദ്വേഷത്തിനും വിഭാഗീയതയ്ക്കുമുള്ള ഉപാധിയാക്കി, വസ്ത്രവും ഭക്ഷണവും ഉൾപ്പെടെയുള്ള വ്യക്തി  വിശ്വാസ സ്വാതന്ത്ര്യങ്ങൾ മാറിക്കൂടെന്നാണ് കർണാടകയിലെ വിവാദവും വിദ്വേഷ പ്രചാരണങ്ങളും ഓർമപ്പെടുത്തുന്നത്. മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി വേഷത്തെച്ചൊല്ലിയുള്ള വിവാദം കത്തിപ്പടരുന്നത് അപകടകരമാണ്. 


 

Latest News